Skip to main content

ഉൾനാടൻ ജലാശയങ്ങളിലെ മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കൽ;

പൊങ്ങിൻ ചുവട് ആദിവാസി കോളനിയിലെ കുളങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

വേങ്ങൂർ ഗ്രാമപഞ്ചായത്തിലെ കണ്ണംപറമ്പ് വാർഡിൽ ഉൾപ്പെടുന്ന പൊങ്ങിൻ ചുവട് ആദിവാസി കോളനിയിലെ കുളങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഉൾനാടൻ ജലാശയങ്ങളിലെ മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ വാർഡിലെ മൂന്ന് പൊതു കുളങ്ങളിലായി 4500 മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചിരിക്കുന്നത്.

കാർപ്പ് വിഭാഗത്തിലെ കട്ല, റോഹു, മൃഗാള്‍ എന്നീ ഇനങ്ങളിൽപ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെയാണ് പദ്ധതിയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്. ഇവ ശരാശരി എട്ട് മുതൽ പത്ത് മാസംകൊണ്ട് ഏകദേശം ഒരു കിലോയോളം തൂക്കം വയ്ക്കുന്ന ഇനങ്ങളാണ്. കുളങ്ങളിൽ നിക്ഷേപിച്ചിരിക്കുന്ന മത്സ്യക്കുഞ്ഞുങ്ങളുടെ പരിപാലനത്തിനായി പ്രാദേശികമായി ജനകീയ സമിതി രൂപീകരിച്ചിട്ടുണ്ട്. ഊരു മൂപ്പൻ ഉൾപ്പെടെ ഏഴ് അംഗങ്ങളാണ് സമിതിയിലുള്ളത്.

പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ് നിർവഹിച്ചു. വാർഡ് മെമ്പർ ശോഭന വിജയകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിജു പീറ്റർ, ഫിഷറീസ് പ്രൊമോട്ടർ എൽദോ മാത്യൂസ്, ഫിഷറീസ് കോഓഡിനേറ്റർ ജയരാജ് രാജൻ , എസ്.ടി പ്രമോട്ടർ റ്റി. സജി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date