Skip to main content
കൃഷിക്കൊപ്പം കളമശ്ശേരി കാർഷികോത്സവത്തിന്റെ ഭാഗമായുള്ള വിപണന മേളയിൽ  ത്രീവീസ് ബ്രാന്റിന്റെ ഉത്പന്നം   യുവ സംരംഭകയായ വർഷയും സഹോദരിമാരും മന്ത്രി പി. രാജീവിന് കൈ മാറുന്നു

കളമശ്ശേരി കാർഷികോത്സവം യുവാക്കൾക്ക് പ്രചോദനമായി  സഹോദരിമാരുടെ സംരംഭം

 

 വീടിനോട് ചേർന്ന മുറിയിൽ നിന്നും ആരംഭിച്ച ചെറിയ സംരംഭക യൂണിറ്റിൽ നിന്നും  ത്രീവീസ്  ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന വലിയ ബ്രാന്റായി വളർന്ന കഥയാണ്  കളമശ്ശേരി സ്വദേശികളായ വർഷ പി.  ബോസിനും സഹോദരിമാർക്കും പറയാനുള്ളത്. കൃഷിക്കൊപ്പം കളമശ്ശേരി കാർഷികോത്സവത്തിന്റെ ഭാഗമായുള്ള വിപണന മേളയിൽ  ബ്രാന്റിന്റെ ഉത്പന്നങ്ങളുമായി എത്തി യുവ സംരംഭകർക്ക് പ്രചോദനമാവുകയാണ് വർഷയും, സഹോദരിമാരായ വിസ്മയയും, വൃന്ദയും.

 കറികളിൽ ഉപയോഗിക്കുന്ന കായം  അന്യസംസ്ഥാനങ്ങളിൽ നിന്നാണ് വരുന്നത്. ഇത് എന്തുകൊണ്ട് നമ്മുടെ നാട്ടിൽ ഉത്പാദിപ്പിച്ചു കൂടാ എന്ന വർഷയുടെ ചിന്തയിൽ നിന്നാണ് ത്രീവീസ് എന്ന ബ്രാന്റിന്റെ ജനനം. എം.ബി.എ പഠനത്തിനുശേഷമാണ് സ്വന്തമായി ഒരു സംരംഭം എന്ന ആശയത്തിലേക്ക് വർഷ എത്തുന്നത്.

 2019 ൽ വീട്ടിൽ തന്നെ ഉല്പാദനം തുടങ്ങിയ സംരംഭം നാലു വർഷങ്ങൾ പിന്നിടുമ്പോൾ പതിനഞ്ചോളം പേർക്ക് തൊഴിൽ നൽകുന്ന ദിനംപ്രതി ഒരു ടണ്ണോളം ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്ന വലിയ സംരംഭമായി കഴിഞ്ഞു. കളമശ്ശേരി റോക്ക് വെൽ റോഡിലാണ് യൂണിറ്റിന്റെ പ്രവർത്തനം.  കമ്പനിയുടെ നിർമ്മാണ യൂണിറ്റിൽ 10 പേരും വിതരണവുമായി ബന്ധപ്പെട്ട് അഞ്ചുപേരും പ്രവർത്തിക്കുന്നുണ്ട്.

 കായത്തിൽ നിന്ന് തുടങ്ങി കറി പൗഡറുകൾ, പുട്ടുപൊടി തുടങ്ങിയ പ്രഭാത ഭക്ഷണത്തിന് ആവശ്യമായ പൊടികളും ത്രീവീസ് ഉല്പാദിപ്പിച്ച് വരുന്നുണ്ട്. എറണാകുളം മുതൽ തിരുവനന്തപുരം വരെ ഇവരുടെ ഉത്പന്നങ്ങൾ വിപണനം ചെയ്യുന്നുണ്ട്. അച്ഛൻ പ്രശാന്ത് ബോസും, അമ്മ സരള പ്രശാന്തും  ഇവർക്ക് പിന്തുണയുമായി കമ്പനിയോടൊപ്പം പ്രവർത്തിച്ചു വരുന്നു.

date