Skip to main content

കുന്നത്തുനാട് ഫെസ്റ്റ് ലാവണ്യം 2023ന് മിഴിവേകി വർണ്ണാഭമായ സാംസ്കാരിക  ഘോഷയാത്ര

 

കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ ഓണാഘോഷ പരിപാടിയായ  കുന്നത്തുനാട് ഫെസ്റ്റ് ലാവണ്യം  2023 ന്റെ  ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കം കുറിച്ചുകൊണ്ട്  പ്രൗഢഗംഭീരമായ ഘോഷയാത്ര സംഘടിപ്പിച്ചു. കോലഞ്ചേരിയുടെ മണ്ണിൽ വിവിധ കലാരൂപങ്ങളുൾപ്പെടെ അണിനിരത്തികൊണ്ട് വൈകിട്ട് മൂന്നിന് ബ്ലോക്ക് ജംഗ്ഷനിൽ നിന്നും ആരംഭിച്ച വർണ ശമ്പളമായ സാംസ്കാരിക ഘോഷയാത്രയിൽ അയ്യായിരത്തോളം ആളുകളാണ് അണിനിരന്നത്. വാദ്യമേളങ്ങളും നാടൻ കലാരൂപങ്ങളും വിദ്യാർത്ഥികളുടെ റോളർ സ്കേറ്റിംഗും ഘോഷയാത്രക്ക് കൂടുതൽ മിഴിവേകി.

 പി വി ശ്രീനിജിനിൻ എം എൽ എ യുടെ നേതൃത്വത്തിൽ നടത്തിയ ഘോഷയാത്രയിൽ പഞ്ചായത്ത് പ്രസിഡന്റുമാരായ ടിപി വർഗീസ്, സോണിയ മുരുകേശൻ, സി ആര്‍ പ്രകാശൻ, ഗോപാൽ ഡിയോ, തുടങ്ങിയവരും പങ്കെടുത്തു.

 പഞ്ചായത്ത് അടിസ്ഥാനത്തിൽ പ്രത്യേകം ബാനറുകളിലായി വിവിധ ജനപ്രതിനിധികൾ, 
 കുടുംബശ്രീ അംഗങ്ങൾ, ഗ്രന്ഥശാല പ്രവർത്തകർ, ആശവർക്കർമാർ, ഹരിതകർമ്മ സേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ ഉൾപ്പെടെ  ആയിരക്കണക്കിന് ആളുകൾ പങ്കുചേർന്നു. 

ഘോഷ യാത്രയിൽ 8 പഞ്ചായത്ത് ടീമുകൾ ഉൾപ്പെടെ 11 ടീമുകളാണ് അണിനിരന്നത്. ജനപങ്കാളിത്തം, അലങ്കാരങ്ങൾ, അവതരണ ശൈലി എന്നിവകൊണ്ട് ശ്രദ്ധേയമായ മൂന്ന് ടീമുകളെ തിരഞ്ഞെടുത്തു. 278 മാർക്കോടെ മഴുവന്നൂർ ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനവും 252 മാർക്കോടെ വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനവും 227 മാർക്കോടെ തിരുവാണിയൂർ ഗ്രാമപഞ്ചായത്ത് മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് യഥാക്രമം 25000,15000, 10000 രൂപ വീതം സമ്മാനമായി ലഭിക്കും. സമാപന സമ്മേളനത്തിൽ സമ്മാനത്തുക കൈമാറും.

കുന്നത്തുനാടിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതും വിധമാണ് വരും ദിവസങ്ങളിലും പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്

date