Skip to main content
കുന്നത്തുനാട് ഫെസ്റ്റില്‍ ചെറുകിട വ്യവസായ വാണിജ്യ സംരംഭം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജോര്‍ജ് ഇടപ്പരത്തി ഉദ്ഘാടനം ചെയ്യുന്നു. പി.വി ശ്രീനിജിന്‍ എംഎല്‍എ, മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി വൈസ് പ്രിന്‍സിപ്പല്‍ ഡോ.ചിക്കു എബ്രഹാം, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ട്രഷറര്‍ അജ്മല്‍ ചക്കുങ്ങല്‍, താലൂക്ക് വ്യവസായ വികസന ഓഫീസര്‍ ജി. രേഷ്മ, വ്യാപാരി വ്യവസായി സമിതി ഏരിയ പ്രസിഡന്റ് പോള്‍ വെട്ടിക്കാടന്‍, പ്രവാസി വ്യവസായി രഞ്ജിത്ത് രത്‌നാകരന്‍

രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക്  ചെറുകിട വ്യവസായ വാണിജ്യമേഖല മുഖ്യ പങ്കു വഹിക്കുന്നു: പി.വി ശ്രീനിജിന്‍ എം.എല്‍.എ

 

ചെറുകിട വ്യവസായ വാണിജ്യ സംരംഭം എന്ന വിഷയത്തില്‍  സെമിനാര്‍ നടത്തി

രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക വളര്‍ച്ചയില്‍ ചെറുകിട വ്യവസായ - വാണിജ്യ മേഖല മഹത്തായ സംഭാവനയാണ് നല്‍കുന്നതെന്ന് പി.വി ശ്രീനിജിന്‍ എം.എല്‍.എ പറഞ്ഞു. കുന്നത്തുനാട് ഫെസ്റ്റ് ലാവണ്യം 2023 നോടനുബന്ധിച്ച് ചെറുകിട വ്യവസായ വാണിജ്യ സംരംഭം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരിന്നു അദ്ദേഹം.

സംരംഭങ്ങള്‍ ആരംഭിക്കാന്‍ കേരളത്തില്‍ ധാരാളം അവസരങ്ങളുണ്ട്. അവ പ്രയോജനപ്പെടുത്താന്‍ ശ്രമിക്കണം. തങ്ങളുടെ കഴിവിനും അഭിരുചിക്കുമിണങ്ങുന്ന ഒരു മേഖല കണ്ടെത്തണം. അതിനായി സ്വന്തം കഴിവുകളെപ്പറ്റിയും അഭിരുചിയെപ്പറ്റിയും ധാരണയുണ്ടായിരിക്കണം. നിരന്തരം പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജോര്‍ജ് ഇടപ്പരത്തി  സെമിനാര്‍ ഉദ്ഘാടനം ചെയ്തു.  ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റാന്‍ വ്യവസായ സംരംഭം മേഖലകളുടെ വളര്‍ച്ച അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസി സഹകരണ സംഘം പ്രസിഡന്റ് നിസാര്‍ എബ്രഹാം സെമിനാര്‍ നയിച്ചു.

കേരളത്തില്‍ തൊഴില്‍ സാധ്യതകള്‍ കൂട്ടാന്‍ സംരംഭങ്ങള്‍ക്ക് ആകും. അതുവഴി ജോലിക്കായി വിദേശരാജ്യങ്ങളിലേക്ക് പോകുന്ന യുവാക്കളുടെ എണ്ണം കുറയ്ക്കാനാകും. ചെറുകിട വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ കേരള സര്‍ക്കാരും സര്‍ക്കാരിനു കീഴിലുള്ള ഏജന്‍സികളും വിവിധ സ്വയംതൊഴില്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. സംരംഭമേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനാണ്  2022-23 സാമ്പത്തിക വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ സംരംഭക വര്‍ഷമായി ആചരിച്ചത്.  അതിലൂടെ ഒരു ലക്ഷത്തിലധികം  പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനായി. വിദ്യാഭ്യാസകാലത്ത് തന്നെ  വിദ്യാര്‍ത്ഥികള്‍ക്ക്  സംരംഭ സാധ്യതകള്‍ മനസിലാക്കാന്‍ പരിശീലനം നല്‍കണമെന്നും പാനല്‍ ചര്‍ച്ചയില്‍ അഭിപ്രായം ഉയര്‍ന്നു. 

മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി വൈസ് പ്രിന്‍സിപ്പല്‍ ഡോ.ചിക്കു എബ്രഹാം, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറര്‍ അജ്മല്‍ ചക്കുങ്ങല്‍, താലൂക്ക് വ്യവസായ വികസന ഓഫീസര്‍ ജി. രേഷ്മ, വ്യാപാരി വ്യവസായി സമിതി ഏരിയ പ്രസിഡന്റ് പോള്‍ വെട്ടിക്കാടന്‍, പ്രവാസി വ്യവസായി രഞ്ജിത്ത് രത്‌നാകരന്‍ തുടങ്ങിയവര്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

date