Skip to main content

കളമശ്ശേരി വൈവിധ്യ കൃഷികളുടെ നാടായി മാറണം: സി രവീന്ദ്രനാഥ്

 

 വൈവിധ്യമുള്ള കൃഷികളുടെ നാടായി കളമശ്ശേരി മാറണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ്‌. കൃഷിക്ക് ഒപ്പം കളമശേരിയുടെ ഭാഗമായി ടിവിഎസ് ജംഗ്ഷനിൽ നടക്കുന്ന കാർഷികോത്സവം 2023ൽ "ഭക്ഷ്യ സുരക്ഷയും സുരക്ഷിത ഭക്ഷണവും" എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കളമശ്ശേരി മണ്ഡലം എം.എൽ.എയും വ്യവസായ വകുപ്പ് മന്ത്രിയുമായ പി രാജീവിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച കാർഷികോത്സവത്തിൽ പങ്കെടുക്കാനായതിൽ ഏറെ സന്തോഷവും അഭിമാനവും ഉണ്ട്. ഒരു ആവാസ വ്യവസ്ഥയിലെ എല്ലാ സസ്യജാലങ്ങളുടെയും ജീവജാലങ്ങളുടെയും സന്തുലിതമായ ആരോഗ്യം സുസ്ഥിരമായി നിലനിർത്തുന്നതിന് ആവശ്യമായ ഭക്ഷണ ലഭ്യതയാണ് സുരക്ഷിത ഭക്ഷണം എന്ന് പറയുന്നത്.  മനുഷ്യന്റെ ഭക്ഷ്യ സുരക്ഷ മാത്രമല്ല, ലോകത്തിലെ എല്ലാ ജീവജാലങ്ങളുടെയും ഭക്ഷ്യ സുരക്ഷയാണ് പ്രകൃതിയുടെ നിലനിൽപ്പിനാധാരം. ജൈവവൈവിധ്യങ്ങൾ സംരക്ഷിക്കണം. വൈവിധ്യമുള്ള കൃഷിയിൽ നിന്നാണ് സന്തുലിത ആരോഗ്യം നിലനിർത്താനാകൂ. വൈവിധ്യമുള്ള സംസ്കാരം സൃഷ്ടിക്കാൻ വിദ്യാലയങ്ങളിൽ ജൈവവൈവിധ്യ ഉദ്യാനങ്ങൾ ഉണ്ടാകണം. സാമ്പത്തിക ലാഭം മുൻനിർത്തിയുള്ള കൃഷിയിൽ ഭക്ഷ്യസുരക്ഷയും സന്തുലിത ആരോഗ്യവും ഉണ്ടാകില്ല. ഉത്പാദന പ്രക്രിയയിലെ അടിസ്ഥാന മേഖലയാണ് കൃഷി. 

പ്രകൃതിയിലേക്ക് അടുക്കുന്തോറും ആരോഗ്യസ്ഥിരത നിലനിൽക്കുമെന്നും കൃത്രിമമായി ഉണ്ടാക്കിയ കീടനാശിനികൾ വിഘടിക്കാതെ മണ്ണിനെ നശിപ്പിക്കുന്നു. തുടർ പ്രവർത്തനങ്ങളിലൂടെ അവ മലിനീകരണത്തിന് വഴിവയ്ക്കുന്നുവെന്നും സി രവീന്ദ്രനാഥ്‌ പറഞ്ഞു. 

നഗരസഭ ചെയർമാൻ എ.ഡി സുജിൽ അധിക്ഷത വഹിച്ച പരിപാടിയിൽ ഓർഗാനിക് കേരള ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ മാനേജർ എം.എസ് നാസർ വിഷയത്തിൽ പ്രഭാഷണം നടത്തി. കരുമാലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ സന്തോഷ്, സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിങ്സ് ലിമിറ്റഡ് ചെയർമാൻ ഷെരീഫ് മരയ്ക്കാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

date