Skip to main content

കൃഷിക്ക് ഒപ്പം കളമശ്ശേരി സംസ്ഥാനത്ത് മുഴുവൻ മാതൃകയാക്കണം: മന്ത്രി എം.ബി രാജേഷ്

 

മാർച്ചിൽ ബ്രഹ്മപുരത്ത് ബിപിസിഎൽ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കും

കൃഷിക്ക് ഒപ്പം കളമശ്ശേരി പദ്ധതി കേരളത്തിൽ മുഴുവൻ മാതൃകയാക്കണമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.  കളമശ്ശേരി ടി.വി.എസ് ജംഗ്ഷനിൽ നടത്തുന്ന  കാർഷികോത്സവത്തിൽ "കൃഷിക്ക് ഒപ്പം കളമശ്ശേരിയും തദ്ദേശഭരണ സ്ഥാപനങ്ങളും" എന്ന സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കളമശ്ശേരി എംഎൽഎയും വ്യവസായ വകുപ്പ് മന്ത്രിയുമായ പി രാജീവിന്റെ ഇടപെടൽ കളമശ്ശേരി മണ്ഡലത്തെ ആകെ മാറ്റിമറിച്ചു. വ്യവസായ നഗരമായ കളമശ്ശേരിയിൽ കഴിഞ്ഞ രണ്ടു വർഷത്തിൽ അത്ഭുതകരമായ മാറ്റമാണ് പ്രകടമാകുന്നത്. വ്യവസായത്തിനൊപ്പം കാർഷിക മേഖലയിലെ വൻ സാധ്യതകൾക്കും വഴി തുറക്കുകയാണ്. 1000 ഏക്കർ തരിശുഭൂമി കൃഷിയിലേക്ക് കൊണ്ടുവന്നത് വിപ്ലവകരമായ മാറ്റമാണ്. 

4000 കർഷകരെ കോർത്തിണക്കി കളമശ്ശേരിയിൽ സംഘടിപ്പിക്കുന്ന കാർഷികമേള സ്വന്തം മണ്ഡലമായ തൃത്താലയിലും സാധ്യമാക്കും. വൈവിധ്യമായ സ്റ്റാളുകളോട് കൂടിയ മനോഹരമായ കാർഷികോത്സവം കളമശ്ശേരിയിൽ ഓണാഘോഷത്തിന്റെ മാറ്റുകൂട്ടി. കളമശ്ശേരി മാതൃകയിൽ നിന്ന് കേരളത്തിന് ഒരുപാട് പഠിക്കാനുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും സംയുക്തമായി ചേർന്ന് കേരളത്തിൽ ആവശ്യമായ പൂക്കൾ നമ്മുടെ നാട്ടിൽ തന്നെ കൃഷി ചെയ്യണം. 

കേരളത്തിലെ വിലക്കയറ്റം ദേശീയ ശരാശരിയെക്കാൾ ഒരു ശതമാനത്തിലധികം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കളമശ്ശേരി മാതൃകയിലൂടെ കേരളം മുഴുവൻ കൃഷിക്ക് പ്രാധാന്യം നൽകിയാൽ വിലക്കയറ്റം ഒരു പരിധിവരെ പിടിച്ചുനിർത്താൻ കഴിയും. എല്ലാ വാർഡിലും ഒരു പച്ചക്കറി സ്റ്റാൾ കുടുംബശ്രീയുടെ നേതൃത്വത്തിൽ തുടങ്ങണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സഹകരണ ബാങ്കുകളും കുടുംബശ്രീയും ചേർന്ന് കാർഷിക മുന്നേറ്റം നടപ്പിലാക്കണമെന്നും അങ്ങനെ കർഷകർക്ക് വരുമാനം ഉണ്ടാക്കണമെന്നും മന്ത്രി പറഞ്ഞു. 

2024 മാർച്ചിൽ ബ്രഹ്മപുരത്ത് ബിപിസിഎല്ലിന്റെ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കും. 180 ടൺ മാലിന്യം സംസ്കരിച്ച് പ്രകൃതി വാതകം ഉണ്ടാക്കാൻ ശേഷിയുള്ള പ്ലാന്റാണ് നിർമ്മിക്കുന്നത്. കേരളത്തിലെ 10 ജില്ലകളിലും വൻകിട മാലിന്യങ്ങൾ സംസ്കരിക്കുന്ന പ്ലാന്റുകൾ സ്ഥാപിക്കുമെന്നും കേരളത്തെ സമ്പൂർണ്ണ മാലിന്യ മുക്തമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

കക്ഷി രാഷ്ട്രീയത്തിനും ജാതിമത ചിന്തകൾക്കും അതീതമായി കളമശ്ശേരി കാർഷികോത്സവം ജനങ്ങൾ ഉത്സവമായി ഏറ്റെടുത്തു കഴിഞ്ഞു. ഒരു വാർഡിലേക്ക് ആവശ്യമായ പച്ചക്കറികൾ ആ വാർഡിൽ തന്നെ ഉല്പാദിപ്പിക്കാൻ കഴിയണമെന്നും കർഷകർക്ക് വരുമാനം വർദ്ധിക്കാനുള്ള മാർഗങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കണ്ടെത്തണമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

ഏലൂരിലെ ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഓഹരി വിഹിതമായി 809600 രൂപയും ബോണസായി 7000 രൂപയും മന്ത്രിമാരായ എം.ബി രാജേഷും പി രാജീവും ചേർന്നു കൈമാറി.

വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, കളമശ്ശേരി നഗരസഭ ചെയർപേഴ്സൺ സീമ കണ്ണൻ, ഏലൂർ നഗരസഭ ചെയർപേഴ്സൺ എ.ഡി സുജിൽ, ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം മനാഫ്, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, കരുമാലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. യേശുദാസ് പറപിള്ളി, കെ.വി രവീന്ദ്രൻ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഓഡിറ്റ് ഡയറക്ടർ ഡോ. രമാകാന്തൻ എന്നിവർ സമീപം.

date