Skip to main content

ദേശീയ നേത്രദാന പക്ഷാചരണം:  ജില്ലാതല ഉദ്ഘാടനം  മേയർ  നിർവഹിച്ചു

 

ദേശീയ നേത്രദാന പക്ഷാചരണതിൻ്റെ എറണാകുളം ജില്ലാതല ഉദ്ഘാടനം  എറണാകുളം ജനറൽ ആശുപത്രിയിൽ  മേയർ അഡ്വ.എം.അനിൽകുമാർ  നിർവഹിച്ചു .   ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.കെ ആശ അദ്ധ്യക്ഷത വഹിച്ചു.

നേത്ര ദാനം മഹാദാനം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ  വീഡിയോഗ്രഫി  മത്സര വിജയി ആനന്ദ് വിജയ്,  പോസ്റ്റർ രചന മത്സര വിജയികൾ  അനഘ വിനോദ്, രാജലക്ഷ്മി, കവിത ദേവദാസ് എന്നിവർക്ക് ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ.കെ.എൻ സതീഷ് സമ്മാന ദാനം നിർവ്വഹിച്ചു. 
ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.പി.കെ സുഷമ നേത്രദാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോ. ലിജി സൂസൻ തോമസ് നേത്ര ദാനത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി. നേത്രദാനം പ്രാവർത്തികമാക്കിയ സുപ്രഭ ശശി,  സരസു അംബുജാക്ഷൻ എന്നിവരുടെ കുടുംബത്തെ യോഗത്തിൽ ആദരിച്ചു. 

മഞ്ഞുമ്മേൽ എൻഎസ്എസ് കരയോഗം പ്രതിനിധി ശശിധരൻ പിള്ള,  വിഷൻ ആന്റ് സൈറ്റ് ഫോർ കിഡ്സ് ജനറൽ സെക്രട്ടറി എം.ആർ വേണു ഗോപാൽ എന്നിവർ നേത്ര ദാന സമ്മത പത്രം സമർപ്പിച്ചു. ചീഫ് നഴ്സിംഗ് ഓഫീസർ പി.കെ രാജമ്മ,  ജില്ലാ എഡ്യുക്കേഷൻ മീഡിയ ഓഫീസർ സി.എം ശ്രീജ എന്നിവർ ആശംസകളർപ്പിച്ചു.   
ജനറൽ ആശുപത്രി  സൂപ്രണ്ട് ഡോ.ആർ.ഷാഹിർഷ  സ്വാഗതവും
ജില്ലാ ഒഫ്താൽമിക് കോ ഓഡിനേറ്റർ പി.വി സുജാത നന്ദിയും പറഞ്ഞു.
നേത്രദാന സന്ദേശ റാലി ഡി.എം.ഒ ഡോ. കെ.കെ ആശ നേത്ര ദാന സന്ദേശ റാലി ഫ്ലാഗ് ഓഫ് ചെയ്തു.  ഹേർട്ട്  2 ഹേർട്ട് മ്യൂസിക് ബാൻഡ് എറണാകുളം  സ്പെഷ്യൽ  ഗാനമേള അവതരിച്ചു.

നേത്രദാനം

മരണ ശേഷം കണ്ണുകൾ ദാനം ചെയ്യുന്നതിനെയാണ് നേത്രദാനമെന്ന് പറയുന്നത്. മരണം സംഭവിച്ച് നാല് മുതൽ ആറ് മണിക്കൂറിനുള്ളിൽ കണ്ണിന്റെ കോർണിയ നീക്കം ചെയ്ത് നേത്ര ബാങ്കിലേക്ക് മാറ്റുകയും അവിടെ നിന്നും നേത്രപടലാന്ധത യുള്ളവർക്ക് നല്കുകയും ചെയ്യുന്നു. പത്ത് മിനിട്ട് മാത്രമാണ് ഇതിനാവശ്യമായ സമയം. കണ്ണട ധരിക്കുന്നവർക്കും തിമിര ശസ്ത്രക്രിയ കഴിഞ്ഞവർക്കുമെല്ലാം കണ്ണുകൾ ദാനം ചെയ്യാം. എന്നാൽ രക്താർബുദം ബാധിച്ചവർക്കും, ഹെപ്പറ്റൈറ്റിസ് ബി, സി വൈറസ് , എയ്ഡ്സ്, പേവിഷബാധ എന്നീ രോഗങ്ങൾ ബാധിച്ച് മരണപ്പെട്ടവർക്കും കണ്ണുകൾ ദാനം ചെയ്യാൻ കഴിയില്ല.
ഏതു പ്രായത്തിലുള്ളവർക്കും നേത്രദാനത്തിന് രജിസ്റ്റർ ചെയ്യാം. മെഡിക്കൽ  കോളേജ്, ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രി, സ്വകാര്യ കണ്ണാശുപത്രികൾ എന്നിവിടങ്ങളിലെല്ലാം ഇതിന് സൗകര്യമുണ്ട്. 
നേത്രപടലത്തിന്റെ സുതാര്യത നഷ്ടപ്പെട്ട് പ്രകാശ രശ്മികൾ കടന്നു പോകാൻ കഴിയാതെ കാഴ്ച്ച നഷ്ടപ്പെടുന്ന അവസ്ഥയാണ് നേത്രപടലാന്ധത.
 കണ്ണിനെ ബാധിക്കുന്ന ചില അണുബാധകൾ, രാസവസ്തുക്കൾ മൂലമുള്ള പരിക്കുകൾ, മുറിവുകൾ, പൊള്ളൽ, വൈറ്റമിൻ എ യുടെ കുറവ് എന്നിവയാണ് നേത്രപടലാന്ധതയുടെ പ്രധാന കാരണങ്ങൾ. കേടായ നേത്രപടലം ശസ്ത്രക്രിയയിലൂടെ മാറ്റി കേടുപാടില്ലാത്ത മറ്റൊന്ന് അതേ അളവിൽ തുന്നിപിടിപ്പിക്കുന്ന കെരറ്റോപ്ലാസ്റ്റി എന്ന ശാസ്ത്രക്രിയയാണ് ഈ അവസ്ഥയുടെ പരിഹാരം. നേത്രദാനത്തിലൂടെ ലഭിക്കുന്ന കണ്ണുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.
നേത്രദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് എല്ലാ വർഷവും ആഗസ്ത് 25 മുതൽ സെപ്റ്റംബർ 8 വരെ ദേശീയ നേത്രദാന  പക്ഷാചരണം നടത്തുന്നത്.
 

date