Skip to main content

കുന്നത്തുനാട്ടിലെ ഓണാഘോഷം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി മാറി : പി വി ശ്രീനിജിൻ എംഎൽഎ

 

കുന്നത്തുനാട് ഫെസ്റ്റ് ലാവണ്യം 2023 സമാപിച്ചു

കുന്നത്തുനാട്ടിലെ ഓണാഘോഷ പരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായെന്ന് പി വി ശ്രീനിജിൻ എംഎൽഎ പറഞ്ഞു. കുന്നത്തുനാട് ഫെസ്റ്റ് ലാവണ്യം 2023  ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു  സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമീണാന്തരീക്ഷത്തിൽ നിന്നും പരിമിതമായ സാഹചര്യങ്ങൾ തരണം ചെയ്തുകൊണ്ടാണ് ഫെസ്റ്റ് സംഘടിപ്പിച്ച് വിജയിപ്പിച്ചതെന്നും വരും വർഷങ്ങളിലും ഇത്തരത്തിൽ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ലാവണ്യം  2023 ന്റെ  ഉദ്ഘാടനത്തിന് തുടക്കം കുറിച്ചുകൊണ്ട് സംഘടിപ്പിച്ച   ഘോഷയാത്രയിൽ മികവുകൊണ്ട് ഒന്നാം സ്ഥാനം നേടിയ  മഴുവന്നൂർ ഗ്രാമപഞ്ചായത്തിന് 25000 രൂപയും രണ്ടാം സ്ഥാനം നേടിയ വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിനുള്ള 15000 രൂപയും 
 മൂന്നാം സ്ഥാനം നേടിയ തിരുവാണിയൂർ ഗ്രാമപഞ്ചായത്തിനുള്ള 10000 രൂപയും  വാഴക്കുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് അൻവർ അലി കൈമാറി. ചടങ്ങിൽ പൂക്കള മത്സരത്തിൽ വിജയിച്ച ടീമുകൾക്കുള്ള ഉപഹാരവും സമ്മാനിച്ചു.

 സെപ്റ്റംബർ 20 മുതൽ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് മൈതാനിയിലായിരുന്നു കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ  ഓണാഘോഷ പരിപാടിയായ കുന്നത്തുനാട് ഫെസ്റ്റ് ലാവണ്യം 2023 നടത്തിയത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ജില്ലാ ഭരണകൂടം, ജില്ലാ കുടുംബശ്രീ മിഷൻ എന്നിവയുടെ സഹകരണത്തോടെയാണ് ലാവണ്യം 2023 സംഘടിപ്പിച്ചത്. പരിപാടിയോട് അനുബന്ധിച്ച്  വിവിധ സർക്കാർ വകുപ്പുകളുടെയും   സ്വകാര്യ സ്ഥാപനങ്ങളുടെയും സ്റ്റാളുകളും ക്രമീകരിച്ചിരുന്നു.

പൂത്തൃക്ക പഞ്ചായത്ത് പ്രസിഡന്റ് ടി. പി. വർഗീസ് അധ്യക്ഷത വഹിച്ചു. വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ്  ഗോപാൽ ഡിയോ, വടവുകോട് പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, വാർഡ് മെമ്പർ ജിൻസി മേരി വർഗീസ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ ജോർജ്ജ് ഇടപ്പരത്തി, പ്രവാസി സഹകരണ സംഘം പ്രസിഡന്റ് നിസാർ ഇബ്രാഹീം, ടൂറിസം പ്രൊമോഷൻ കൗൺസിൽ അംഗം റെജി ഇല്ലിക്കപ്പറമ്പിൽ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date