Skip to main content

ലാവണ്യത്തിന്  വർണാഭമായ തുടക്കം; 31 വരെ ആഘോഷ രാവുകൾ

 

കേരളത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന വിവിധ കലാരൂപങ്ങൾ അണിനിരന്ന വർണ്ണാഭമായ ഘോഷയാത്രയോടെയാണ് ലാവണ്യം 2023 പരിപാടികൾക്ക് തുടക്കമായത്. ദർബാർ ഹാൾ ഗ്രൗണ്ടിൽ നടന്ന ഉദ്ഘാടന ചടങ്ങിന് ശേഷം തുമ്പപ്പൂ എറണാകുളം ടീമിന്റെ നേതൃത്വത്തിൽ ഓണക്കളി അരങ്ങേറി.

തുടർന്ന്  കഥകളി കലാകാരിയായ  എസ്.ശശികല നെടുങ്ങാടിയും  നർത്തകി ആതിര ശങ്കറും സോപാന സംഗീത കലാകാരൻ ഏരൂർ ബിജുവും ചേർന്ന് കഥകളിയും മോഹിനിയാട്ടവും സോപാന സംഗീതവും സമന്വയിപ്പിച്ച് അവതരിപ്പിച്ച പരിപാടി കാണികൾക്ക് വേറിട്ട അനുഭവമാണ് സമ്മാനിച്ചത്. ശേഷം  പിന്നണിഗായകൻ ഉണ്ണിമേനോനും സംഘവും അവതരിപ്പിച്ച മ്യൂസിക്കൽ ഷോ വേദിയെ ആകെ സംഗീത സാന്ദ്രമാക്കി.

ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി നടത്തുന്ന
ലാവണ്യം 2023 ന്റെ പ്രധാന വേദിയായ ദർബാർ ഹാൾ ഗ്രൗണ്ടിൽ ഓഗസ്റ്റ് 31 വരെ വൈകിട്ട് ആറ് മുതൽ വിവിധ കലാ പരിപാടികളാണ് അരങ്ങേറുന്നത്.  ഉത്രാട ദിനമായ ആഗസ്റ്റ് 28 ന് ശ്രീപാർവ്വതി തിരുവാതിര സംഘം അവതരിപ്പിക്കുന്ന തിരുവാതിരയും , പെർഫ്യൂം ബാൻഡ് അവതരിപ്പിക്കുന്ന ബാൻഡ് ഷോയുമാണ് ഒരുക്കിയിരിക്കുന്നത്. തിരുവോണ ദിനമായ ആഗസ്റ്റ് 29 ചൊവ്വാഴ്ച താന്തോന്നി തുരുത്ത് ദ്വീപ് നിവാസികളുടെ കൈക്കൊട്ടിക്കളിയും തുടർന്ന് അൽ അമീൻ ആർട്ട്സ് അവതരിപ്പിക്കുന്ന സൂഫി ഡാൻസ്, മട്ടൻന്നൂർ ശങ്കരൻകുട്ടി മാരാർ അവതരിപ്പിക്കുന്ന മ്യൂസിക്കൽ ബാൻഡ് ഷോ എന്നിവയാണ് നടക്കുക. 

ഓഗസ്റ്റ് 30 അവിട്ടം ദിനത്തിൽ :ഫ്രീഡം ഓൺ വീൽസ്' വീൽ ചെയറിൽ ഇരിക്കുന്നവർ അവതരിപ്പിക്കുന്ന മോട്ടിവേഷണൽ ഷോ,    നയാഗ്രാ ഇവന്റ്സ് അവതരിപ്പിക്കുന്ന ചിരിമേളം എന്നിയാണ് ക്രമീകരിച്ചിരിക്കുന്നത്. 31 ചതയം ദിനത്തിൽ നന്ദനം സിംഫണി അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഫ്യൂഷൻ തുടർന്ന് ജാസി ഗിഫ്റ്റ് അവതരിപ്പിക്കുന്ന മ്യൂസിക് നൈറ്റ് എന്നിവ നടക്കും.

date