Skip to main content

കൂൺ ഗ്രാമവും കേരഗ്രാമവും അഗ്രോ പാർക്കും കളമശ്ശേരിക്ക് വാഗ്ദാനം ചെയ്ത് കൃഷിമന്ത്രി പി പ്രസാദ്

 

ഇന്ത്യയിലെ ഏറ്റവും വലിയ ഫുഡ് പ്രോസസിംഗ് പാർക്കിന് അടുത്തമാസം കളമശ്ശേരിയിൽ തറക്കല്ലിടും; മന്ത്രി പി രാജീവ്

കൂൺഗ്രാമവും കേരഗ്രാമവും അഗ്രോ പാർക്കും കളമശ്ശേരിക്ക് വാഗ്ദാനം ചെയ്ത് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്. കളമശ്ശേരി കാർഷികോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയിലൂടെ നിരവധി പ്രവർത്തനങ്ങൾ കാർഷിക മേഖലയിൽ സംഘടിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഓണം വിളവെടുപ്പിന്റെ ആഘോഷമാണ്. വരുമാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്രോതസ്സ് കൃഷിയായിരുന്ന സമയത്താണ് വിളവെടുപ്പുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നത്.

ഇന്ന് ഓണത്തിന് സദ്യവരെ വില കൊടുത്ത് വാങ്ങുന്ന അവസ്ഥയിലേക്കാണ് മലയാളികൾ നീങ്ങുന്നത്. മണ്ണിലേക്ക് ഇറങ്ങുന്നത് ഒരു മോശം കാര്യമല്ല. കായികാധ്വാനം കൂടുതൽ വേണ്ട ജോലികൾ മോശമാണെന്ന് തെറ്റിദ്ധാരണ മാറണം. ഇന്ന് മണ്ണിൽ നിന്ന് മാറാനാണ് മനുഷ്യർ ശ്രമിക്കുന്നത്. ഇന്നത്തെ ഭക്ഷണവും ജീവിതശൈലിയും ക്യാൻസറിന് വഴിവെക്കുന്നു. മലയാളികളുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തണം. കേരളത്തിൽ പ്രമേഹരോഗികൾ കൂടുന്നതിനാൽ അരിയാഹാരം കഴിക്കുന്നവർ കുറയുന്നുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തിൽ ശ്രദ്ധ ചെലുത്തുന്നില്ല. വിലകൊടുത്തു വിഷം വാങ്ങിച്ച് കഴിക്കണോയെന്ന് നമ്മൾ തീരുമാനിക്കണം. ഭക്ഷണം കഴിക്കുന്നവർ എല്ലാവരും കൃഷിയുടെ ആനുകൂല്യം കൈപ്പറ്റുന്നവരാണെന്ന് മന്ത്രി പറഞ്ഞു. 

ഇനിയും കർഷകരെ പഠിക്കാൻ രാജ്യത്തിന് പുറത്തേക്ക് അയക്കും. കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയിലെ യൂണിറ്റുകൾക്ക് ഐ.ഐ.പി മുംബൈയിൽ പരിശീലനം നൽകും. കർഷകരുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാതെ കെട്ടികിടക്കുന്ന അവസ്ഥ ഇനി ഉണ്ടാവില്ല. കാർഷിക മേഖലയിൽ വ്യവസായ വകുപ്പ് മന്ത്രി രാജീവിന്റെ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. കളമശ്ശേരിയിലെ മുഴുവൻ കുടുംബങ്ങളെയും പോഷക സമൃദ്ധി മിഷനിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഫുഡ് പ്രോസസിംഗ് പാർക്കിന് കളമശ്ശേരിയിൽ അടുത്തമാസം തറക്കല്ലിടുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കാർഷികോത്സവം സമാപന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കളമശ്ശേരി കാർഷികോത്സവം ജനങ്ങൾ ഉത്സവമായാണ് ഏറ്റെടുത്തത്. കഴിഞ്ഞവർഷം ആരംഭിച്ച കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ വിജയത്തിന്റെ ഭാഗമായാണ് കാർഷികോത്സവം പരിപാടി സംഘടിപ്പിച്ചത്. വിവിധ വകുപ്പുകളുടെ സംയോജനത്തിലൂടെ മാത്രമേ കൃഷിയിൽ വിജയം കൈവരിക്കാൻ സാധിക്കൂ. 

കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയിൽ ജാതിമത ചിന്തകൾക്ക് അതീതമായി ജനങ്ങൾക്ക് പ്രവർത്തിക്കാൻ കഴിഞ്ഞു. 1000 ഏക്കർ തരിശുഭൂമി കൃഷിയിലേക്ക് എത്തിച്ചു. ഉൽപാദനത്തിന് വില കുറയ്ക്കാനും ഉൽപ്പന്നത്തിന് വില കൂടാനുമാണ് ഇനി പ്രവർത്തിക്കേണ്ടത്. കൃഷിക്കൊപ്പം കളമശ്ശേരിയുടെ പ്രവർത്തനങ്ങൾ ശക്തിയായി തന്നെ മുന്നോട്ടു പോകുംമെന്നും മന്ത്രി പറഞ്ഞു.

ഗുണമേന്മ പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങൾ കേരളത്തിൽ ഉണ്ടാകണമെന്ന് നടൻ ജയസൂര്യ പരിപാടിയിൽ സംസാരിച്ചു. കർഷകരുടെ സഹായമില്ലാതെ ഒരു ദിവസം പോലും നമുക്ക് കടന്നു പോകാനാകില്ല. യഥാർത്ഥ ജീവിതത്തിലെ ഹീറോയാണ് മന്ത്രി രാജീവ്‌ എന്നും അദ്ദേഹം പറഞ്ഞു.

1000 ഏക്കർ സ്ഥലത്ത് നാലായിരത്തോളം കർഷകർക്ക് ജീവിതസാഹചര്യം ഉണ്ടാക്കി നൽകിയത് ചെറിയ കാര്യമല്ല. കളമശ്ശേരിയിലെ കൃഷിയുമായി ബന്ധപ്പെട്ട സംവിധാനങ്ങൾ ശരിയായ രീതിയിലാണ് നടക്കുന്നത്. പുതിയ തലമുറയിൽ  ഉള്ളവർക്ക് വസ്ത്രത്തിൽ ചെളി പറ്റുന്നത് ഇഷ്ടമല്ലെന്നും അദ്ദേഹം പറഞ്ഞു.

 ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ് തോമസ്, ഏലൂർ മുനിസിപ്പാലിറ്റി ചെയർമാൻ എ.ഡി സുജിൽ, കളമശ്ശേരി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ സീമ കണ്ണൻ, ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി പ്രതീഷ്, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം മനാഫ്, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ബാബു, കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ യേശുദാസ് പറപ്പിള്ളി, കെ.വി രവീന്ദ്രൻ, ഷൈനി ജോർജ്,  കുസാറ്റ് വൈസ് ചാൻസിലർ പി.ജി ശങ്കരൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. സമാപന സമ്മേളനത്തിൽ മികച്ച കർഷകർക്കുള്ള അവാർഡുകൾ വിതരണം ചെയ്തു.

date