Skip to main content

കുടുംബശ്രീ ഓണ വിപണി: സംസ്ഥാനതലത്തില്‍ എറണാകുളം ജില്ല മുന്നില്‍

 

കുടുംബശ്രീ ഓണവിപണിയില്‍ സംസ്ഥാനതലത്തില്‍ ഏറ്റവുമധികം വിറ്റുവരവ് നേടി എറണാകുളം ജില്ല മുന്നില്‍. ആകെ 3.30 കോടി രൂപയുടെ വിറ്റുവരവ് നേടിയാണ് ജില്ല ഒന്നാമത്തെത്തിയത്. എറണാകുളം ജില്ലയില്‍ ഈ വര്‍ഷം ഓണം വിപണന മേളയോട് അനുബന്ധിച്ച് 102 സി.ഡി.എസ് തല ഓണ വിപണന മേളകളാണ് സംഘടിപ്പിച്ചത്. കൂടാതെ ജില്ലാ തലത്തില്‍ രണ്ട് ഉല്‍പ്പന്ന വിപണന മേളയും മൂന്ന് ഭക്ഷ്യ മേളയും സംഘടിപ്പിച്ചു.  2400 സംരംഭക യൂണിറ്റുകളും 1600 ജെ.എല്‍.ജി യൂണിറ്റുകളും 16 കഫെ യൂണിറ്റുകളും വിപണന മേളയില്‍ പങ്കെടുത്തു. 

വിവിധ തരം പായസങ്ങളും ഉപ്പേരിയും ശര്‍ക്കരവരട്ടിയും ആയിരുന്നു ഓണ വിപണന മേളകളിലെ താരങ്ങള്‍. കുടുംബശ്രീ സംരംഭകരുടെ, മായമില്ലാത്ത നാടന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിന് പല മേളകളിലും വലിയ തിരക്ക് അനുഭവപ്പെട്ടു. ചില മേളകള്‍ രാത്രി വൈകിയും നീണ്ടു. കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങളുടെ മുന്‍കൂര്‍ ഓര്‍ഡര്‍ ഉറപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 102 സി.ഡി.എസുകളില്‍ 98 സി.ഡി.എസുകളിലും വിവിധ തുകകളുടെ കൂപ്പണുകളും ഏര്‍പ്പെടുത്തി. 

എല്ലാ വര്‍ഷവും കുടുംബശ്രീ സി.ഡി.എസ് തലത്തില്‍ ഓണം വിപണന മേളകള്‍ സംഘടിപ്പിക്കുന്നു. കുടുംബശ്രീ സംരംഭകരുടെയും പച്ചക്കറി കൃഷി ചെയ്യുന്ന ജെ.എല്‍.ജി യൂണിറ്റുകളുടെയും വലിയ സാധ്യത ആണ് ഓണ വിപണി. മുഴുവന്‍ സംരംഭങ്ങള്‍ക്കും ജെ.എല്‍.ജി യൂണിറ്റുകള്‍ക്കും വലിയ വിപണിയാണ് കുടുംബശ്രീ തുറന്ന് നല്‍കുന്നത്.

സിഡിഎസ് ചെയര്‍പേഴ്‌സന്മാര്‍, സി.ഡി.എസ് ഭരണ സമിതി അംഗങ്ങള്‍, മെമ്പര്‍ സെക്രട്ടറി, അക്കൗണ്ടന്റ്, എം.ഇ.സിമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ ഉദ്യോഗസ്ഥ സംവിധാനം എന്നിവയുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തന ഫലമായാണ് ഇത്തരത്തില്‍ മുന്നേറാന്‍ ജില്ലയെ സഹായിച്ചത് എന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ റ്റി.എം. റെജീന, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ അമ്പിളി തങ്കപ്പന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ പി.ആര്‍. അരുണ്‍ എന്നിവര്‍ അറിയിച്ചു.

date