Skip to main content

ഞാറക്കൽ താലൂക്ക് ആശുപത്രിയിൽ രാത്രി ചികിത്സ  വേണം; താലൂക്ക് വികസന സമിതി

 

ഞാറക്കൽ താലൂക്ക് ആശുപത്രിയിൽ കൂടുതൽ ഡോക്ടർമാരെ നിയോഗിക്കണമെന്നും രാത്രിയിൽ ചികിത്സ നടത്തണമെന്നും കൊച്ചി താലൂക്ക് വികസന സമിതി യോഗം. 

വൈപ്പിൻ മേഖലകളിൽ കടൽവെള്ളം ശുദ്ധീകരിച്ച് ശുദ്ധജലമാക്കുവാനുള്ള പദ്ധതി ത്വരിതപ്പെടുത്തണം, മുനമ്പം പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം പരിഹരിക്കുവാനുള്ള നടപടി സ്വീകരിക്കണം, കുമ്പളങ്ങിയിലെ ഗതാഗതം തടസപ്പെടുത്തി റോഡിന്റെ ഇരുവശങ്ങളിലുമായി പ്രവർത്തിക്കുന്ന പെട്ടിക്കടകൾക്കെതിരെ നടപടിയെടുക്കണം, വൈപ്പിൻ ബെൽബോ ജംഗ്ഷനിൽ കണ്ടെയ്നറുകൾ നിയന്ത്രണം ഇല്ലാതെ പ്രവേശിക്കുന്നത് മൂലം ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് നിയന്ത്രിക്കുവാൻ നടപടിയെടുക്കണം, ചേർത്തല ഡിപ്പോയിൽ നിന്നും ഫോർട്ട്‌കൊച്ചിയിലേക്ക് പുതിയ ഒരു കെ.എസ്.ആർ.ടി.സി ബസ്സ് സർവീസ് ആരംഭിക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ താലൂക്ക് വികസന സമിതി മുന്നോട്ടു വെച്ചു

കൊച്ചി താലൂക്ക് കോൺഫറൻസ് ഹാളിൽ ചേർന്ന സെപ്റ്റംബർ മാസത്തെ വികസന സമിതി യോഗത്തിൽ വികസന സമിതി അംഗം ഭാസ്കരൻ മാലിപ്പുറം അധ്യക്ഷത വഹിച്ചു. മറ്റ് വികസന സമിതി അംഗങ്ങൾ, കൊച്ചി ഭൂരേഖ തഹസിൽദാർ ബെന്നി സെബാസ്റ്റ്യൻ, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

date