Skip to main content

പെരുമ്പാവൂരിൽ ഓണാഘോഷം; ചിരിയും ആവേശവും നിറച്ച് ഗിന്നസ് മെഗാ ഷോ 

 

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും പെരുമ്പാവൂർ എം.എൽ.എയുടെയും  നഗര സഭയുടെയും  സംയുക്താഭിമുഖ്യത്തിൽ
ഓണഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഓണാരവം 2023 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ  ഉദ്ഘാടനം ചെയ്തു. ഗൃഹാതുരത്വം തുളുമ്പുന്ന ഓർമ്മകളാണ് ഓരോ ഓണക്കാലവും സമ്മാനിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

പെരുമ്പാവൂർ സുഭാഷ് മൈതാനിയിൽ സംഘടിപ്പിച്ച ചടങ്ങിൽ നഗരസഭ ചെയർമാൻ ബിജു ജോൺ ജേക്കബ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം മനോജ്‌ മൂത്തേടൻ,
കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ബേസിൽ പോൾ, വൈസ് പ്രസിഡന്റ് അംബിക മുരളീധരൻ, മുടക്കുഴ ഗ്രാമപഞ്ചയത്ത് പ്രസിഡന്റ് പി.പി അവറാച്ചൻ, നഗരസഭ വൈസ് ചെയർപേഴ്സൺ ബീവി അബൂബക്കർ,  ബ്ലോക്ക് പഞ്ചായത്ത്‌ അംഗം മോളി തോമസ്, വിവിധ സാംസ്കാരിക - രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. 

ഉദ്ഘാടന സമ്മേളനത്തിന് ശേഷം കൊച്ചിൻ ഗിന്നസ് അവതരിപ്പിച്ച ഗിന്നസ് മെഗാ ഷോ ആഘോഷരാവിന് കൂടുതൽ മിഴിവേകി. സ്കിറ്റുകളും പാട്ടുകളും നൃത്തവും കോർത്തിണക്കി കലാഭവൻ കെ.എസ് പ്രസാദിന്റെ നേതൃത്വത്തിൽ നടന്ന ഷോ കാണികളെ ആവേശത്തിലാക്കി. മെഗാ ഷോയിൽ പ്രശസ്ത ടെലിവിഷൻ താരങ്ങൾ വിവിധ പരിപാടികളിലായി അണിനിരന്നു.

date