Skip to main content

പള്ളിച്ചിറങ്ങരചിറ ടൂറിസം പദ്ധതി യാഥാർത്ഥ്യമാകുന്നു

 

പായിപ്ര ഗ്രാമപഞ്ചായത്തിൽ പള്ളിച്ചിറങ്ങരചിറ ടൂറിസം പദ്ധതി യാഥാർത്ഥ്യമാകുന്നു. പേഴയ്ക്കാപ്പിള്ളി  പള്ളിച്ചിറങ്ങരയിൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ചിറ കേന്ദ്രീകരിച്ചാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. ഇതിനായി പഞ്ചായത്ത് ഫണ്ടിൽ നിന്നും 1കോടി 32 ലക്ഷം രൂപയാണ്  വകയിരുത്തിയിട്ടുള്ളത്. 

എം. സി. റോഡിനു സമീപത്തായി ഒരേക്കർ 15 സെന്റ് സ്ഥലത്തായി സ്ഥിതിചെയ്യുന്ന ചിറക്ക് ചുറ്റും ടൂറിസം പദ്ധതിയുടെ ഭാഗമായി നടപ്പാത, പെഡൽ ബോട്ടിംഗ്, നീന്തൽ പരിശീലനം, റിവോൾവിങ് റസ്റ്റോറന്റ്, കുളിക്കടവുകൾ തുടങ്ങിയ സൗകര്യങ്ങൾ കൂടി നടപ്പാക്കും.

കനത്ത വേനലിൽപോലും ചിറയിൽ ജലലഭ്യത ഉറപ്പുവരുത്തുന്നത്തിനുള്ള ക്രമീകരണങ്ങൾ സജ്ജമാക്കി. പെരിയാർവാലിയുടെ തൃക്കളത്തൂർ കനാലിൽനിന്ന് ലിഫ്റ്റ് ഇറിഗേഷൻ വഴി ചിറയിൽ വെള്ളമെത്തിക്കുന്നു. അതുവഴി തൃക്കളത്തൂർ ഭാഗത്തെ ജല ക്ഷാമത്തിനും ഒരു പരിധിവരെ പരിഹാരമായി. 

വർഷം മുഴുവൻ ചിറയിൽ ജലനിരപ്പ് നിലനിർത്തുന്നതോടെ ശബരിമല സീസണിൽ തീർഥാടകർക്ക് യാത്രാ മദ്ധ്യേ കുളിക്കുന്നതിനും മറ്റും ചിറയെ ഉപയോഗിക്കാനാകുമെന്നും  പദ്ധതി ആരംഭിക്കുന്നതിനുള്ള ടെൻഡർ നടപടി ഉടൻ ആരംഭിക്കുമെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ് മാത്യൂസ് വർക്കി പറഞ്ഞു.

date