Skip to main content

ജലക്ഷാമം നേരിടാന്‍ അടിയന്തര നടപടികള്‍; ജില്ലാതല അവലോകന യോഗം ചേര്‍ന്നു

 

ജില്ലയിലെ ജലക്ഷാമം നേരിടാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനം. ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പ്രത്യേക അവലോകന യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ രണ്ടു ദിവസമായി ചെറിയ തോതിൽ മഴ ലഭിക്കുന്നുണ്ടെങ്കിലും ജില്ലയിൽ വരൾച്ചാ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് നടപടി.

സെപ്തംബർ രണ്ട് ശനിയാഴ്ച ചേർന്ന യോഗത്തിൽ എം.എല്‍.എമാരായ കെ.ബാബു, അന്‍വര്‍ സാദത്ത്, അനൂപ് ജേക്കബ്, ആന്റണി ജോണ്‍, ടി.ജെ വിനോദ്, ഉമ തോമസ്, എല്‍ദോസ് കുന്നപ്പിള്ളില്‍ എന്നിവര്‍ ഓണ്‍ലൈനായി പങ്കെടുത്തു. യോഗത്തില്‍ ജില്ലയിലെ നിലവിലെ സ്ഥിതിഗതികളും അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും ചര്‍ച്ച ചെയ്ചതു. 

ജില്ലയില്‍ കാലവര്‍ഷത്തില്‍ 42 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മിതമായ വരള്‍ച്ചാ സാധ്യതയാണ് നിലനില്‍ക്കുന്നത്. ആവശ്യമായ മുന്‍കരുതലുകളും മറ്റ് നടപടികളും സ്വീകരിച്ച് ഈ പ്രശ്‌നത്തെ നേരിടാന്‍ യോഗത്തില്‍ പൊതുധാരണയായി. 

കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ടാങ്കറുകള്‍ വഴി ജലമെത്തിക്കും. ഗുണമേന്മ ഉറപ്പാക്കിയ ശേഷമാത്രമേ ഇത്തരത്തില്‍ ജലവിതരണം നടത്താവൂ. ഇടുങ്ങിയ വഴികളുള്ള പ്രദേശങ്ങളിൽ ചെറിയ ടാങ്കർ വാഹനങ്ങളുടെ സേവനം ഉറപ്പാക്കേണ്ടതാണ്.
ജലജീവൻ മിഷൻ വഴി നടക്കുന്ന പദ്ധതികൾ വേഗതത്തിലാക്കാനും നിലവിൽ  നിർമ്മാണത്തിലിരിക്കുന്ന  കുടിവെള്ള പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കാനും യോഗം നിർദേശിച്ചു.

ജലവിതാനത്തെ ആശ്രയിച്ച് കഴിയുന്നതും ജനോപകാരപ്രദമായി ഭൂതത്താന്‍കെട്ട്, മലങ്കര അണക്കെട്ടുകളില്‍ നിന്നും പെരിയാർ വാലി, മൂവാറ്റുപുഴ വാലി കാനാലുകളിലേക്ക് ജലമൊഴുക്കും. അടിയന്തര സാഹചര്യത്തിൽ കനാലുകളിലെ കാടും മറ്റ് തടസങ്ങളും നീക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ട് വിനിയോഗിക്കുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതി നൽകാനും യോഗത്തിൽ ധാരണയായി.

വരള്‍ച്ചയുടെ അപകടസാധ്യത കുറയ്ക്കുന്നതിന് ജില്ലയിലെ ഓരോ താലൂക്കുകളുടെയും ചുമതല ഡെപ്യൂട്ടികളക്ടര്‍മാര്‍ക്ക് വീതിച്ച് നല്‍കിയിട്ടുണ്ട്. ഇവരുടെ നേതൃത്വത്തില്‍ പ്രോദേശിക തലത്തില്‍ പ്രത്യേക ശ്രദ്ധചെലുത്തും. ആവശ്യമായ ഇടങ്ങളില്‍ വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കും. നിലവിൽ സ്ഥാപിച്ചിട്ടുള്ള വാട്ടർ കീയോസ്കുകളുടെ സേവനം കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.

വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ പൊട്ടി ജലം പാഴാകുന്ന സ്ഥിതി ഒഴിവാക്കും. അതിനായി പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പൊതു ടാപ്പുകൾ വിച്ഛേദിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ തുക അടച്ചിട്ടുണ്ട് എങ്കിൽ ഒരാഴ്ചയ്ക്കകം നടപടി എടുക്കേണ്ടതാണ്.

വൈദ്യുതി തടസ്സം മൂലം പമ്പിംഗ് തടസ്സപ്പെടുന്ന സാഹചര്യമുണ്ടെന്ന് ജനപ്രതിനിധികള്‍ യോഗത്തില്‍ പറഞ്ഞു. ഇത് പരിഹരിക്കാന്‍ വേണ്ട നപടകള്‍ സ്വീകരിക്കാൻ കെ.എസ്.ഇ.ബിയെ ചുമതലപ്പെടുത്തി. ഓരു വെള്ളം കയറുന്നത് തുടയുന്നതിനായി  താൽക്കാലിക ബണ്ടുകൾ നിർമ്മിക്കേണ്ട സ്ഥലങ്ങളിൽ എത്രയും വേഗം അവ ക്രമീകരിക്കാൻ ജലസേചന വകുപ്പിന് നിർദേശം നൽകി.

പരമാവധി ജലം പാഴാക്കാതെ ഉപയോഗിക്കാന്‍ ജനങ്ങളോരോരുത്തരും ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ജലക്ഷാമം കാര്‍ഷിക മേഖലയെ പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ ലഭിക്കുന്ന മഴ പരമാവധി ഭൂമിയിലേക്ക് ഇറങ്ങാന്‍ മഴക്കുഴികള്‍ പോലുള്ള രീതികള്‍ കര്‍ഷകര്‍ അവലംബിക്കണം. ജലക്ഷാമം മനുഷ്യരെ മാത്രമല്ല പക്ഷികളെയും മൃഗങ്ങളെയും ബാധിക്കുന്ന കാര്യമാണ്. അതിനാല്‍ അവരെ കൂടി കരുതേണ്ടതുണ്ട്. 

അതാത് പ്രദേശങ്ങളിലെ ജലക്ഷാമം സംബന്ധിച്ച പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിന് ഏല്ലാ തദ്ദേശ സ്വംയംഭരണസ്ഥാപന അധികൃതരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി ജില്ലാ തലത്തില്‍ ഗൂഗിള്‍ ഷീറ്റ് സംവിധാനം ആരംഭിക്കാനും യോഗം തീരുമാനിച്ചു. ബന്ധപ്പെട്ട എല്ലാ വകുപ്പുകളും പരമാവധി ഏകോപന സ്വഭാവത്തോടെ നീങ്ങാനും യോഗത്തില്‍ ധാരണയായി. 

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, അഡിഷ്ണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ഷാജഹാന്‍, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ കെ. ഉഷ ബിന്ദുമോള്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.എം ഷെഫീഖ്,
മൈനര്‍ ഇറിഗേഷന്‍ സൂപ്രണ്ടിങ് എഞ്ചിനീയര്‍ ബാജി ചന്ദ്രന്‍, വാട്ടർ അതോറിട്ടി മൂവാറ്റുപുഴ ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ എസ്. രതീഷ് കുമാർ, ജനപ്രതിനിധികള്‍, ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date