Skip to main content

മണിമരുതുംചാൽ  ആരോഗ്യ ഉപകേന്ദ്രത്തിന് പുതിയ കെട്ടിടം ഒരുങ്ങുന്നു

 

എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന കവളങ്ങാട് പഞ്ചായത്തിലെ  മണിമരുതുംചാൽ  ആരോഗ്യ ഉപകേന്ദ്രത്തിന് പുതിയ കെട്ടിടം ഒരുങ്ങുന്നു. പദ്ധതിയ്ക്കായി 27.75 ലക്ഷം രൂപ അനുവദിച്ചു. ആദ്യഘട്ട നിർമ്മാണത്തിനാണ് തുക അനുവദിച്ചിരിക്കുന്നത്.

നേര്യമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ ഏഴാം വാർഡിലാണ് ആരോഗ്യ ഉപകേന്ദ്രം സ്ഥിതി ചെയ്യുന്നത്. നിലവിലുള്ള കെട്ടിടത്തിന് നിരവധി വർഷത്തെ കാലപ്പഴക്കമുണ്ട്. ഈ കെട്ടിടം പൊളിച്ച് നീക്കിയാണ് പുതിയ കേന്ദ്രം നിർമ്മിക്കുക. പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഹെൽത്ത് ഗ്രാന്റിൽ നിന്നാണ് പദ്ധതിക്ക്  തുക ലഭ്യമാക്കിയിട്ടുള്ളത്.

പുതിയ കെട്ടിടം വരുന്നതോടെ നിലവിൽ പരിമിതമായ സാഹചര്യത്തിൽ നൽകിവരുന്ന സേവനങ്ങൾ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ജനങ്ങൾക്ക് നൽകാൻ കഴിയും. ആദിവാസി സമൂഹമുൾപ്പെടെ ആശ്രയിക്കുന്ന ആരോഗ്യ കേന്ദ്രമാണിതെന്നും  സമയബന്ധിതമായി നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്നും ആന്റണി ജോൺ എം.എൽ.എ പറഞ്ഞു.

രാവിലെ ഒൻപത് മുതൽ വൈകിട്ട് നാലുവരെയാണ് ആരോഗ്യ ഉപകേന്ദ്രങ്ങളുടെ പ്രവർത്തനം. വിവിധ പരിശോധനകൾ, ക്ലിനിക്കുകൾ, രോഗപ്രതിരോധ പ്രവർത്തനങ്ങൾ, മരുന്നുകളുടെ വിതരണം, ടെലി മെഡിസിൻ സേവനം, മറ്റ് ആരോഗ്യ സേവനങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഇവിടെ നിന്ന് ജനങ്ങൾക്ക് ലഭ്യമാകും.

date