Skip to main content

എളങ്കുന്നപ്പുഴയിൽ രണ്ടു കോടിയുടെ സ്കൂൾ കെട്ടിടം മന്ത്രി 9നു ഉദ്ഘാടനം ചെയ്യും

 

 രണ്ടു കോടി രൂപ ചെലവിട്ട് എളങ്കുന്നപ്പുഴ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിനു വേണ്ടി നിർമ്മിച്ച സുസജ്ജമായ കെട്ടിടം 
പൊതു വിദ്യാഭ്യസ, തൊഴിൽ മന്ത്രി വി ശിവൻകുട്ടി ഈ മാസം 9 ന് ഉച്ചയ്ക്കു 12നു നാടിനു സമർപ്പിക്കുമെന്ന് കെ എൻ ഉണ്ണിക്കൃഷ്ണൻ എം എൽ എ അറിയിച്ചു. ഇതോടനുബന്ധിച്ച സമ്മേളനത്തിൽ കെ എൻ ഉണ്ണിക്കൃഷ്ണൻ എം എൽ എ അധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം പി മുഖ്യാതിഥിയാകും. 

സംസ്ഥാന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് പുതിയ കെട്ടിടം സമയബന്ധിതമായി പൂർത്തിയാക്കിയതെന്ന്  കെ എൻ ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. മൂന്നു നിലകളിലായി നിർമ്മിച്ച പുതിയ കെട്ടിടത്തിൽ ക്ലാസ് മുറികൾക്കു പുറമെ ഓഫീസുകൾ, ടോയ്ലെറ്റുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. മൊത്തം 7500 ചതുരശ്ര അടിയാണ് മന്ദിരത്തിന്റെ വിസ്തീർണം. പൊതുമരാമത്ത് വകുപ്പാണ് നിർമ്മാണ ചുമതല നിർവ്വഹിച്ചത്.

ഇതേ സ്കൂളിൽ എൽ പി വിഭാഗത്തിനായി ഒരു കോടി ചെലവിടുന്ന കെട്ടിടം നിർമ്മാണത്തിന്റെ അന്തിമ ഘട്ടത്തിലാണ്.  ഹൈസ്കൂളിന് കിഫ്ബി ഫണ്ടിൽ ഒരു കോടി രൂപ യുടെ പുതിയ കെട്ടിടം  നിർമ്മിക്കാൻ വഴി തുറന്നതായും കെ എൻ ഉണ്ണിക്കൃഷ്ണൻ എം എൽ എ പറഞ്ഞു.

ഉദ്ഘാടന സമ്മേളനത്തിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പുറമെ മറ്റു ജനപ്രതിനിധികളും രാഷ്ട്രീയ- സാമൂഹിക പ്രവർത്തകരും ഉദ്യോഗസ്ഥരും പങ്കെടുക്കും.

date