Skip to main content

എ.വി.ജി.സി-എക്‌സ്.ആര്‍ ഉച്ചകോടി ഒക്‌ടോബര്‍ 30, 31 തിരുവനന്തപുരത്ത് ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

 

സാധ്യതകള്‍ കേരളം പ്രയോജനപ്പെടുത്തണമെന്ന് ഷാജി എന്‍ കരുണ്‍

പുതിയ കാലത്തിന്റെ അവസരങ്ങള്‍ പരിചയപ്പെടുത്തുന്നതിന് ആനിമേഷന്‍ വി.എഫ്.എക്‌സ് ഗെയിമിംഗ് കോമിക്‌സ് എക്സ്റ്റന്‍ഡഡ് റിയാലിറ്റി(എ.വി.ജി.സി -എക്‌സ്.ആര്‍) അടിസ്ഥാനമാക്കി കേരത്തില്‍  ദ്വിദിന ഉച്ചകോടി സംഘടിപ്പിക്കുന്നു.  കേരള സര്‍ക്കാരും ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യന്‍ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും(ഫിക്കി) സംയുക്തമായി ഒക്‌ടോബര്‍ 30, 31 തീയതികളില്‍ തിരുവനന്തപുരത്ത് നടത്തുന്ന ഉച്ചകോടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ്  കോര്‍പ്പറേഷന്‍(കെ.എസ്.എഫ്.ഡി.സി) ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ പറഞ്ഞു. 

ഉച്ചകോടിക്ക് മുന്നോടിയായി കെ.എസ്.എഫ്.ഡി.സിയുടെ നേതൃത്വത്തില്‍ ആനിമേഷന്‍, വിഷ്വല്‍ എഫക്ട്‌സ്, ഗെയിമിംഗ് ആന്‍ഡ് കോമിക്‌സ്-എക്സ്റ്റന്‍ഡഡ് റിയാലിറ്റി പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഈ മേഖലയിലെ വിദഗ്ധരുമായി എറണാകുളം ഗസ്റ്റ് ഹൗസില്‍ ചര്‍ച്ച നടത്തി. 

അടുത്ത 10 വര്‍ഷത്തിനുള്ളില്‍ എ.വി.ജി.സി -എക്‌സ്.ആര്‍ രംഗത്ത് ഇന്ത്യയില്‍ മാത്രം 20 ലക്ഷം പേര്‍ക്കാണ് ജോലി സാധ്യതയുള്ളത്. കേരളം കേന്ദ്രീകരിച്ചുള്ള വിഎഫ്എക്‌സ് സ്റ്റുഡിയോകളും കലാകാരന്മാരും അന്താരാഷ്ട്ര സിനിമ , ടെലിവിഷന്‍ പ്രോജക്ടുകള്‍ക്കായി കുറഞ്ഞ ചെലവില്‍ തയ്യാറാക്കിയ മികവുറ്റ സൃഷ്ടികള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ഒട്ടനവധി അന്താരാഷ്ട പ്രൊഡക്ഷന്‍ ഹൗസുകളും ആനിമേഷന്‍ വിഎഫ്എക്‌സ് കമ്പനികളും കേരളത്തില്‍ മുതല്‍മുടക്കാന്‍ ആഗ്രഹിക്കുന്നതായി ഷാജി എന്‍ കരുണ്‍ പറഞ്ഞു. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താന്‍ നമ്മുക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. 

വാര്‍ത്താവിനിമയ മന്ത്രാലയം കഴിഞ്ഞ വര്‍ഷം എ.വി.ജി.സി -എക്‌സ്.ആര്‍ സെക്ടറിനായി ദേശീയ കരട് നയം അവതരിപ്പിച്ചിരുന്നു. ഇത് ഈ രംഗത്ത് ഇന്ത്യയുടെ ആഭ്യന്തര ശേഷി വര്‍ധിപ്പിക്കുവാനും ഈ മേഖലയിലെ അവസരങ്ങള്‍ വികസിപ്പിക്കുവാനും ലക്ഷ്യമിട്ടാണ്. ദേശീയ എ.വി.ജി.സി -എക്‌സ്.ആര്‍ നയം സംസ്ഥാനതലത്തില്‍ ആവര്‍ത്തിക്കുക എന്ന കാഴ്ചപ്പാടോടെ കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, ഒഡിഷ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാന സര്‍ക്കാരുകളുമായി ഫിക്കി സഹകരിക്കുന്നുണ്ട്. 

എ.വി.ജി.സി യുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് സംസ്ഥാനത്തിന്റെ ഈ മേഖലയിലെ കഴിവും സര്‍ഗ്ഗാത്മകതയും സാങ്കേതിക ശക്തിയും പ്രയോജനപ്പെടുത്താന്‍ കഴിയണമെന്ന് എ.വി.ജി.സി ഫോറം ഫിക്കി ചെയര്‍മാന്‍ ആശിഷ് കുല്‍ക്കര്‍ണി പറഞ്ഞു. ഇക്കാര്യത്തില്‍ നയ വികസനത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. 

നൂതന കാലഘട്ടത്തില്‍ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് സംസ്ഥാനത്ത് എ.വി.ജി.സി നയരൂപീകരണത്തിന്റെ അനിവാര്യത മനസിലാക്കി ഫിക്കിയുമായി ചേര്‍ന്ന് സി-ഡിറ്റ്, കെ-ഡിസ്‌ക്, കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ എന്നിവയുടെ സഹകരണത്തോടെ കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.

ആനിമേഷന്‍, വിഎഫ്എക്‌സ് സ്റ്റുഡിയോകള്‍, വ്യവസായ വിദഗ്ധര്‍, വിദ്യാര്‍ത്ഥികള്‍, കലാകാരന്മാര്‍, ആനിമേറ്റര്‍മാര്‍, കണ്ടന്റ് ക്രിയേറ്റേഴ്‌സ് എന്നീ മേഖലയിലുള്ളവരെ ഉയര്‍ത്തി കൊണ്ടുവരാനാണ് ഉച്ചകോടി  ലക്ഷ്യമിടുന്നത്. വ്യവസായ രംഗത്തെ വിദഗ്ധര്‍, നയ രൂപീകരണ, ചലച്ചിത്ര, ആനിമേഷന്‍ രംഗത്തെ വിദഗ്ധര്‍ തുടങ്ങിയവരും പങ്കാളികളാകുന്ന ഉച്ചകോടിയില്‍ എ.വി.ജി.സി-എക്‌സ്.ആര്‍  നയത്തിന്റെ വിവിധ ഘടകങ്ങള്‍, വെല്ലുവിളികള്‍, ബിസിനസ് അവസരങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യും.

ഉച്ചകോടി പ്രഖ്യാപനം, എ.വി.ജി.സി -എക്‌സ്.ആര്‍ നയത്തിന്റെ കരട് പ്രകാശനം, കേരളത്തില്‍ ശക്തവും സുസ്ഥിരവുമായ ഒരു എ.വി.ജി.സി  ഇക്കോസിസ്റ്റം സ്ഥാപിക്കുന്നതിനുള്ള വഴികളെക്കുറിച്ച് വ്യവസായ വിദഗ്ധരും നയ രൂപീകരണ, എ.വി.ജി.സി രംഗത്തെ വിദഗ്ധരും ചേര്‍ന്ന് നടത്തുന്ന ചര്‍ച്ചകള്‍ ഉള്‍കൊള്ളുന്ന വിവിധ സെഷനുകള്‍ ഉച്ചകോടിയില്‍ ഉണ്ടായിരിക്കും.

ഉച്ചക്കോടിയില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, ചീഫ് സെക്രട്ടറി വി.വേണു, കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം സെക്രട്ടറി  അപൂര്‍വ ചന്ദ്ര, സാംസ്‌കാരികം, വിദ്യാഭ്യാസം, സ്‌കില്ലിങ്, ഐ ടി എന്നീ വകുപ്പുകളില്‍ നിന്നുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരും പങ്കെടുക്കും.

പത്രസമ്മേളത്തില്‍ സി-ഡിറ്റ് ഡയറക്ടര്‍ ജി.ജയരാജ്, കെ.എസ്.എഫ്.ഡി.സി മാനേജിംഗ് ഡയറക്ടര്‍ കെ.വി അബ്ദുള്‍ മാലിക്, ടൂണ്‍സ് മീഡിയ ഗ്രൂപ്പ് സിഇഒ പി.ജയകുമാര്‍, ഫിക്കി ചീഫ് അസി.സെക്രട്ടറി ലീനാ ജയ്‌സാനി, സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ പ്രോഗ്രാം പ്രോജക്ടര്‍ കാര്‍ത്തിക് പരശുറാം എന്നിവര്‍ പങ്കെടുത്തു.

date