Skip to main content

സേഫ് പദ്ധതി :  ജീവിതം  'സേഫ്' ആയ സന്തോഷത്തിൽ വിഷ്ണുവും കുടുംബവും     

 

സംസ്ഥാന സർക്കാരിന്റെ പട്ടികജാതി വികസന വകുപ്പ് വഴിയുള്ള സേഫ് പദ്ധതിയിലൂടെ  വീടിന്റെ പണി പൂർത്തിയായ സന്തോഷത്തിലാണ് തുറവൂർ  സ്വദേശി വിഷ്ണുവും കുടുംബവും. അങ്കമാലി ബ്ലോക്ക് പഞ്ചായത്തിലെ സേഫ് പദ്ധതിയിൽ ഉൾപ്പെടുത്തി  2 ലക്ഷം രൂപ ചെലവഴിച്ചാണ് വീടിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. കഴിഞ്ഞ 10 വർഷത്തോളമായി തുറവൂർ പഞ്ചായത്ത് നാലാം വാർഡ് യോർദ്ദനാപുരത്ത് വിഷ്ണുവും ഭാര്യ രേഷ്മയും മകനും മാതാപിതാക്കളും അടങ്ങുന്ന കുടുംബം പണി തീരാത്ത വീട്ടിലാണ് താമസിച്ചിരുന്നത്.

ഈ കുടുംബത്തിന്റെ  ദുരവസ്ഥ അങ്കമാലി ബ്ലോക്ക് പഞ്ചായത്തംഗം സിജോ ചൊവ്വരാൻ  പട്ടികജാതി വികസന വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് അങ്കമാലി ബ്ലോക്ക് പഞ്ചായത്തിലെ സേഫ് പദ്ധതിയിൽ ഇവരെ ഉൾപ്പെടുത്തുകയായിരുന്നു. പദ്ധതി പ്രകാരം ലഭ്യമായ രൂപ ഉപയോഗിച്ച്  പൂർണ്ണമായും പണികൾ തീർത്താണ് ഗൃഹപ്രവേശം നടത്തിയത്. 600 ചതുരശ്ര അടിയിൽ മൂന്ന് മുറികളും, ഹാളും, ശുചിമുറിയും , അടുക്കളയും അടങ്ങിയതാണ് വീട്.

 ചുമട്ടുതൊഴിലാളിയായിരുന്ന അച്ഛൻ കൃഷ്ണനും , തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ മണിയും, ഓട്ടോറിക്ഷ ഡ്രൈവറായ വിഷ്ണുവും ചേർന്നുണ്ടാക്കിയ ചെറിയ സമ്പാദ്യം ഉപയോഗിച്ചാണ് തുറവൂർ പഞ്ചായത്ത്  യോർദ്ദനാപുരത്ത് നടവഴി മാത്രമുള്ള അഞ്ചു സെന്റ് സ്ഥലം വാങ്ങി വീടുപണി തുടങ്ങിയത്. വർഷങ്ങൾ പിന്നിട്ടിട്ടും പണി പൂർത്തീകരിച്ച് സ്വന്തമായുള്ള ചെറിയ വീട്ടിൽ താമസിക്കാൻ ഈ കുടുംബത്തിന് കഴിഞ്ഞിരുന്നില്ല. 

സംസ്ഥാന സർക്കാർ പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന സേഫ് പദ്ധതിയിലൂടെ പുതിയ വീടെന്ന സ്വപ്നം യാഥാർത്ഥ്യമായ സന്തോഷത്തിലും ആശ്വാസത്തിലുമാണ് ഈ കുടുംബം.

date