Skip to main content

എല്ലാ കുട്ടികളെയും ഒരേപോലെ കാണുക എന്നതാണ്  വിദ്യാലയത്തിന്റെ കടമ: മന്ത്രി വി.ശിവൻകുട്ടി

 

കിടപ്പിലായ കുട്ടികൾക്ക് ഞാറക്കലിൽ സ്പേസ് സെന്റർ  ഉദ്ഘാടനം ചെയ്തു

എല്ലാ കുട്ടികളേയും ഒരേപോലെ കാണുകയും അവർക്കു വേണ്ട പിന്തുണാ സംവിധാനമൊരുക്കുകയും ചെയ്യുക എന്നത് വിദ്യാലയത്തിന്റെ കടമയാണെന്ന് വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വൈപ്പിൻ ഉപജില്ല ഗവ. വെക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ ഞാറക്കലിൽ ഒരുക്കിയിരിക്കുന്ന സ്പേസ് (സ്പെഷ്യൽ പ്ലാറ്റ്ഫോം ടു അച്ചിവ് ക്ലാസ് റൂം എക്സ്പീരിയൻസ് ഫോർ  ബെഡ് റിഡൻ ചിൽഡ്രൻ) സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കിടപ്പിലായ കുട്ടികൾക്ക് വിദ്യാലയാനുഭവം ഒരുക്കികൊടുക്കുകയും അവരെ പൊതുസമൂഹത്തിലേക്ക് ആനയിക്കുകയുമാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികൾ തങ്ങളുടെ സമപ്രായക്കാരോടൊപ്പം ഒരേ ക്ലാസ് മുറിയിലിരുന്ന് പഠനത്തിൽ ഏർപ്പെടുക എന്നതാണ് ഉൾച്ചേർന്ന വിദ്യാഭ്യാസത്തിന്റെ കാഴ്ച്ചപ്പാട്. എന്നാൽ കിടപ്പിലായ കുട്ടികൾക്ക് സവിശേഷമായ ക്ലാസ്മുറികൾ ആവശ്യമാണ്. അനുയോജ്യമായ ഭൗതികസൗകര്യങ്ങളും നൂതന സാങ്കേതിക വിദ്യകളും ഒരുക്കിയ പ്രത്യേക ക്ലാസ് മുറിയും അധിക പിന്തുണയ്ക്കായി സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സ്, ആയമാർ, തെറാപ്പിസ്റ്റുകൾ കൗൺസിലേഴ്സ്, ഡോക്ടർമാർ തുടങ്ങിയവർ ഉൾച്ചേർന്ന ഒരു സംഘം സ്പേസ് സ്ഥാപിക്കുന്ന സ്കൂളിൽ ഉണ്ടാകണമെന്നാണ് സമഗ്ര ശിക്ഷാ പ്രൊജക്ട് ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കൂടാതെ ഭിന്നശേഷിയുള്ള കുട്ടിയും സമൂഹത്തിന്റെയും സ്കൂളിന്റെയും ഭാഗമാണെന്ന ചിന്തയും അതനുസരിച്ചുള്ള പ്രവർത്തന പദ്ധതികളുടെ രൂപീകരണവും സ്കൂളിൽ നടത്തിവരുന്നുണ്ട്. പ്രത്യേക പരിഗണന വേണ്ട കുട്ടികളുള്ള ഇവിടെ സ്പെഷ്യൽ എഡ്യുക്കേറ്ററുടെ സേവനം സമഗ്ര ശിക്ഷ കേരളം ഉറപ്പുവരുത്തിയിട്ടുമുണ്ടെന്ന്   അ‌ദ്ദേഹം പറഞ്ഞു. 

ഞാറക്കൽ മഞ്ഞൂരാൻ സെന്ററിൽ നടന്ന ചടങ്ങിൽ കെ.എൻ ഉണ്ണികൃഷ്ണൻ എം. എൽ.എ അധ്യക്ഷത വഹിച്ചു.  സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന വിദ്യാലയ മികവിന്റെ ഭാഗമായി കിടപ്പിലായ കുട്ടികൾക്ക് വിദ്യാലയാനുഭവങ്ങൾ ഉറപ്പാക്കുന്ന സവിശേഷ പരിപാടിയാണ് സ്പേസ് അഥവാ സ്പെഷ്യൽ പ്ലാറ്റ്ഫോം ടു അച്ചിവ് ക്ലാസ്സ്‌ റൂം എക്സ്പീരിയൻസ് ഫോർ ബെഡ് റിഡൻ ചിൽഡ്രൻ.

ബി.ആർ.സി വൈപ്പിൻ ബ്ലോക്ക് പ്രോജക്ട് കോ ഓഡിനേറ്റർ  കെ. പി പ്രീത കമ്മത്ത്, പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ  എസ്.ഷാനവാസ് , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ തുളസി സോമൻ, സരിത സനിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ  മിനി രാജു, രമണി അജയൻ, ജില്ലാ പഞ്ചായത്ത് അംഗം എം.പി ഷൈനി, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി.ജി. അലക്സാണ്ടർ, ഞാറക്കൽ പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ പി പി ഗാന്ധി, തീരദേശ പരിപാലന അതോറിറ്റി അംഗം എ പി പ്രനിൽ തുടങ്ങിയവർ പങ്കെടുത്തു.

date