Skip to main content

വാഹനാപകടങ്ങൾ പരമാവധി കുറയ്ക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം : മന്ത്രി ആന്റണി രാജു

 

വാഹനാപകടങ്ങൾ പരമാവധി കുറയ്ക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു.  റോഡ് സുരക്ഷാ വർഷാചരണത്തിന്റെയും ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച വടംവലി മത്സരത്തിന്റെ സമാപന സമ്മേളനത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മൂന്നുമാസത്തിനുള്ളിൽ സംസ്ഥാനത്ത് വാഹനാ പകടമരണങ്ങളിൽ കാര്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് പ്രതിദിനം 12 പേരായിരുന്നു വാഹനാപകടങ്ങളിൽ മരിച്ചിരുന്നത് എങ്കിൽ ഇപ്പോഴത് അഞ്ചുവരെയായി. എ.ഐ ക്യാമറ ഉൾപ്പടെ സ്ഥാപിച്ച് റോഡ് സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയതിന്റെ ഫലം കൂടിയാണിത്.

 സംസ്ഥാനത്ത് നടക്കുന്ന ഇരുചക്ര വാഹന അപകടങ്ങളിൽ  പെടുന്നതും മരണങ്ങൾ സംഭവിക്കുന്നതും അധികവും ചെറുപ്പക്കാർക്കാണ്. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച്  വ്യാപകമായ ബോധവൽക്കരണ പരിപാടികൾ നടത്താൻ സർക്കാർ തീരുമാനിച്ചത്. അതിന്റെ ഭാഗമായി വടംവലി മത്സര സംഘടിപ്പിച്ചതിന് പിന്നിൽ ഒരു പ്രത്യേക ഉദ്ദേശം കൂടി ഉണ്ട്. റോഡുകളിലെ വടംവലി ഒഴിവാക്കുക എന്നതാണ് ഇതുകൊണ്ട് നൽകുന്ന സന്ദേശമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് പ്രതിവർഷം ഏകദേശം 4000 പേരാണ് വാഹനാപകടങ്ങളിൽ മരണപ്പെടുന്നത്. ഇത് നാലിലൊന്നായി കുറയ്ക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. വാഹനാപകടങ്ങളുടെ കാര്യത്തിൽ ഇന്ത്യയിൽ നാലാം സ്ഥാനമാണ് കേരളത്തിന് ഇപ്പോൾ ഉള്ളത്. ഈ സ്ഥാനം ഏറ്റവും പിന്നിലേക്ക് കൊണ്ടുവരുക എന്ന ലക്ഷ്യമാണ് മുന്നിലുള്ളത്. സർക്കാരും ഉദ്യോഗസ്ഥരും മാത്രം വിചാരിച്ചാൽ ഇത് ലക്ഷ്യപ്രാപ്തിയിൽ എത്തുകയില്ല. പൊതുജനങ്ങളുടെ കാര്യമായ സഹായവും സഹകരണവും ആവശ്യമാണ്. ഓരോരുത്തരും തങ്ങളുടെ കൂടി ഉത്തരവാദിത്തമാണ് റോഡ് സുരക്ഷ എന്ന നിലയിൽ വേണം പ്രവർത്തിക്കാൻ. ജനങ്ങളിൽ നിന്ന് പണം പിരിച്ചെടുക്കുകയല്ല റോഡ് സുരക്ഷാ നിയമങ്ങൾ ശക്തമാക്കുന്നതിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത്. നിരത്തുകളിലെ അപകടങ്ങൾ പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

റോഡ് സുരക്ഷാ സന്ദേശം കൂടുതൽ പേരിലേക്ക് എത്തിക്കാൻ ഇത്തരമൊരു ഉദ്യമം സംഘടിപ്പിച്ചത് മാതൃകാപരമായ കാര്യമാണെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. റോഡ് സുരക്ഷാ സന്ദേശം വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതിന് ഗതാഗത നിയമങ്ങൾ പാടി പദ്ധതിയുടെ ഭാഗമാക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണ്. സംസ്ഥാനത്ത് എഐ ക്യാമറകൾ സ്ഥാപിച്ചപ്പോൾ വ്യാപകമായ ആക്ഷേപങ്ങളാണ് ഉയർന്നത്. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങൾകൊണ്ട് തന്നെ അതിന്റെ ഗുണഫലം അനുഭവിക്കാൻ നമുക്ക് കഴിഞ്ഞു. കേരളത്തിന്റെ ഈ മാതൃക പഠിക്കാൻ ഇതിനകം നാല് സംസ്ഥാനങ്ങളാണ് വന്നത് എന്നും അദ്ദേഹം പറഞ്ഞു. 

ഇത്തരം ഒരു ഉദ്യമത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ചടങ്ങിൽ പങ്കെടുത്തു കൊണ്ട് സിനിമാതാരം കുഞ്ചാക്കോ ബോബൻ പറഞ്ഞു. നല്ലൊരു റോഡ് സംസ്കാരം വളർത്തിയെടുക്കേണ്ടത് വളരെ പ്രധാനമായ കാര്യമാണ്. ജീവിതകാലം മുഴുവൻ റോഡ് സുരക്ഷാ സന്ദേശങ്ങൾ നമുക്ക് മുതൽക്കൂട്ട് ആകും. റോഡ് സുരക്ഷാ നിയമങ്ങൾ  വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നത് ഏറെ ഉപകാരം ചെയ്യുമെന്നും പദ്ധതിക്ക് എല്ലാവിധ ആശംസകളും നേരുന്നു എന്നും അദ്ദേഹം പറഞ്ഞു.

റോഡ് സുരക്ഷാ വർഷാചരണ ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി ഇടപ്പള്ളി സെന്റ് ജോര്‍ജ് ഹൈസ്‌കൂൾ മൈതാനത്താണ് പരിപാടി സംഘടിപ്പിച്ചത്. മോട്ടോര്‍ വാഹന വകുപ്പ് ഫസ്റ്റ് എയിഡ് എന്ന സംഘടനയുമായി സഹകരിച്ചാണ് സംസ്ഥാനത്തെ എല്ലാ കോളേജുകളും കേന്ദ്രീകരിച്ച്  ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ബോധവൽക്കരണ പരിപാടികൾ നടത്തുന്നത്.

ചടങ്ങിൽ ട്രാൻസ്പോർട്ട് കമ്മീഷണർ  എസ് ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. സിനിമാതാരങ്ങളായ സാന്ദ്ര തോമസ്, ദേവി ചന്ദന, സീനിയർ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ ഷാജി മാധവൻ, റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ ജി.അനന്തകൃഷ്ണൻ, ഫസ്റ്റ് എയ്ഡ്  സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് സനീഷ് കല്ലുക്കാടൻ, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date