Skip to main content

പൈപ്പിടൽ അവസാന ഘട്ടത്തിൽ; കരുമാല്ലൂരിലെ കുടിവെള്ള ക്ഷാമത്തിന് ഉടൻ പരിഹാരം

കരുമാല്ലൂർ പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം കാണുന്ന പദ്ധതിക്ക് അടങ്കൽ തുക ഉയർത്തി സാമ്പത്തിക അനുമതി ലഭിച്ചു.  51.30 കോടി രൂപയുടെ കുടിവെള്ള പദ്ധതിയാണ് ഒരു വർഷത്തിനുള്ളിൽ കരുമാല്ലൂരിൽ യാഥാർത്ഥ്യമാകാൻ ഒരുങ്ങുന്നത്.

നിർമ്മാണ പ്രവർത്തനങ്ങൾ നേരത്തെ തന്നെ ആരംഭിച്ച പദ്ധതിയുടെ അടങ്കൽ തുക 36.50 കോടി രൂപയിൽ നിന്ന് 51.30 കോടി രൂപയായി ഉയർത്തിയാണ് ഇപ്പോൾ സാമ്പത്തിക അനുമതി ലഭിച്ചിരിക്കുന്നത്. പദ്ധതി 2024ൽ പൂർത്തിയാക്കുമെന്ന ലക്ഷ്യത്തോടെ അതിവേഗത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. 

പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കളമശ്ശേരി മണ്ഡലത്തിലെ കുന്നുകര, കരുമാല്ലൂർ പഞ്ചായത്തുകളിലെ മുഴുവൻ വീടുകളിലേക്കും കുടിവെള്ളം ലഭ്യമാകും. പെരിയാറിൽ നിന്നും ജലം ശേഖരിച്ച് കുന്നുകര മാലായിക്കുന്നിലെ ജലശുദ്ധീകരണ പ്ലാന്റിൽ എത്തിച്ചാണ് കരുമാല്ലൂർ കിഴക്കൻ ഭാഗങ്ങളിലേക്ക് വെള്ളം വിതരണം ചെയ്യുക. മലായിക്കുന്നിലെ പ്ലാന്റിൽ നിന്നും കരുമാലൂർ രണ്ടാം വാർഡിലെ മഞ്ഞാലിയിൽ പുതുതായി നിർമിക്കുന്ന വലിയ ടാങ്കിൽ സംഭരിച്ചാണ് കരുമാലൂർ പടിഞ്ഞാറ് ഭാഗങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുക. 

പദ്ധതിയുമായി ബന്ധപ്പെട്ട് കുന്നുകര, കരുമല്ലൂർ പഞ്ചായത്തുകളിലെ സ്ഥലം ഏറ്റെടുപ്പും ഇടറോഡുകളിലെ പൈപ്പിടൽ പ്രവർത്തനങ്ങളും പൂർത്തിയായി. പിഡബ്ല്യുഡി റോഡുകളിൽ പൈപ്പിടുന്നതുമായി ബന്ധപ്പെട്ട അനുമതി ലഭിച്ചു കഴിഞ്ഞു. രണ്ടു പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമത്തിന് പൂർണ്ണമായും പരിഹാരം കാണുന്ന പദ്ധതി 320 കിലോമീറ്ററാണ് വ്യാപിച്ചു കിടക്കുന്നത്. 

197.2 കോടി രൂപയുടെ ജൽ ജീവൻ മിഷൻ പദ്ധതിയും 18 കോടി രൂപയുടെ അമൃത് പദ്ധതിയും ഉൾപ്പെടെ കളമശേരി നിയോജക മണ്ഡലത്തിൽ 269 കോടി രൂപയുടെ കുടിവെള്ളപദ്ധതികളാണ് നിലവിൽ നടപ്പിലാക്കി വരുന്നത്.

date