Skip to main content

നഗരസഭ കൗൺസിൽ യോഗം; ആരോഗ്യ മേഖലക്ക് 34.47 ലക്ഷം രൂപയുടെ സമഗ്ര പദ്ധതികൾക്ക് അംഗീകാരമായി

ചാലക്കുടി താലൂക്ക് ആശുപത്രിക്കും അർബൻ കുടുംബാരോഗ്യ കേന്ദ്രത്തിനും രോഗ നിർണ്ണയ പരിശോധന സംവിധാനങ്ങൾ ഒരുക്കാൻ 34.47 ലക്ഷം രൂപയുടെ സമഗ്ര പദ്ധതിക്ക് ചാലക്കുടി നഗരസഭ കൗൺസിൽ അംഗീകാരം നൽകി. ധനകാര്യ കമ്മീഷൻ ഗ്രാന്റായി നാഷണൽ ഹെൽത്ത് മിഷനിൽ നിന്നും ലഭിച്ച ഈ തുക ഉപയോഗിച്ച് ആരോഗ്യ സ്ഥാപനങ്ങളിലെ ലാബുകളുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.

ധനകാര്യ കമ്മീഷൻ ഗ്രാന്റിൽ നിന്ന് അനുവദിച്ച 1.29 കോടി തുക ഉപയോഗിച്ച് വി.ആർ.പുരം അർബൻ കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് സ്ഥലം അനുവദിക്കാൻ തയ്യാറാണെന്ന് ആരോഗ്യ വകുപ്പിനെ അറിയിക്കാനും കൗൺസിൽ യോഗത്തിൽ തീരുമാനമായി. കൂടാതെ അമൃത് രണ്ട് പദ്ധതിയിൽ സൗജന്യമായി നൽകാൻ തീരുമാനിച്ച 2500 ഗാർഹിക കുടിവെള്ള കണക്ഷനുള്ള അപേക്ഷകൾ സെപ്റ്റംബർ 30 വരെ സ്വീകരിക്കാനും തീരുമാനിച്ചു. പൊതു ടാപ്പുകൾ ഉപയോഗിക്കുന്നവർ, ബി.പി.എൽ, അതിദരിദ്രർ, കോളനി നിവാസികൾ എന്നിവർക്ക് മുൻഗണന നൽകും.

പത്താം വാർഡിൽ സെന്റ് ജെയിംസ് ആശുപത്രിക്ക് പുറകിൽ പാപ്പി റോഡിലുള്ള ഗതാഗതത്തിന് തടസ്സമായ ട്രാൻസ്ഫോർമാർ മാറ്റി സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കാൻ കെ.എസ്.ഇ.ബി യോട് കൗൺസിൽ ആവശ്യപ്പെട്ടു. നഗരസഭയുടെ രാജീവ് ഗാന്ധി ടൗൺഹാളിൽ ഹൈ ടെൻഷൻ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിനുള്ള 20 ലക്ഷം രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിന് കൗൺസിൽ അനുമതി നൽകുകയും ചെയ്തു. 

കൗൺസിൽ ഹാളിൽ ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിൽ ചെയർമാൻ എബി ജോർജ്ജ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ ആലിസ് ഷിബു, നഗരസഭ സെക്രട്ടറി, വാർഡ് കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.

date