Skip to main content

ചാമ്പ്യൻസ് ബോട്ട് ലീഗ് 16ന് നടക്കും

ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ 

ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ മറൈൻഡ്രൈവിൽ നടക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങൾക്ക്
സെപ്തംബർ 16 ന് തുടക്കം. ഉച്ചയ്ക്ക് 1.30 ന് മന്ത്രി പി. രാജീവ് ചാംപ്യൻസ് ബോട്ട് ലീഗ് ഉദ്ഘാടനം ചെയ്യും.

വള്ളംകളിയുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ടി.ജെ വിനോദ് എം.എൽ.എയുടെയും ജില്ലാ കളക്ടർ എൻ.എസ്. കെ ഉമേഷിന്റെയും അധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു.

വള്ളംകളിക്കു മുന്നോടിയായി നാവികസേനയുടെ അഭ്യാസപ്രകടനങ്ങളും കലാപരിപാടികളും സംഘടിപ്പിക്കും. 

16ന് നടക്കുന്ന വള്ളംകളിയിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾക്ക് പൂർണ്ണ സുരക്ഷ ഒരുക്കണമെന്നും മത്സരം നടക്കുന്ന സ്ഥലത്ത് ശുചിത്വം ഉറപ്പാക്കണമെന്നും എം.എൽ.എ നിർദേശിച്ചു. സാങ്കേതിക വിദഗ്ധർ ട്രാക്കുകൾ പരിശോധിച്ച് മത്സരത്തിനു മുൻപായി ട്രയൽ റൺ സംഘടിപ്പിക്കണമെന്നും എംഎൽഎ യോഗത്തിൽ നിർദേശിച്ചു. ഓൺലൈനായാണ് അദ്ദേഹം യോഗത്തിൽ പങ്കെടുത്തത്.

വള്ളംകളിയുമായി ബന്ധപ്പെട്ട കൊച്ചി കാലിൽ നടക്കുന്ന ട്രഞ്ചിങ് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പൂർണ്ണമായും ഹരിതചട്ടം പാലിച്ച് ആയിരിക്കും പരിപാടി സംഘടിപ്പിക്കുക. മത്സരത്തിന്റെ ആദ്യ അവസാനം വരെ ഫയർഫോഴ്സ്, ആരോഗ്യ വിഭാഗം, കോസ്റ്റ് ഗാർഡ് തുടങ്ങിയ ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാകും. 

സബ് കളക്ടർ പി വിഷ്ണുരാജ്, അസിസ്റ്റന്റ് കളക്ടർ നിഷാന്ത് സിഹാര, ടൂറിസം ഡിപ്പാർട്ട്മെന്റ് ഡയറക്ടർ സത്യജിത്ത് ശങ്കർ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോർജ് ഇടപ്പരത്തി, പോലീസ്, ഫയർഫോഴ്സ്, ആരോഗ്യ വകുപ്പ്, കെ.എം.ആർ.എൽ,കൊച്ചിൻ കോർപ്പറേഷൻ, നേവി, ശുചിത്വ മിഷൻ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

ഒൻപത് ചുണ്ടൻ വളളങ്ങളുടെ മത്സരത്തിനൊപ്പം പ്രാദേശിക വള്ളംകളിയും ചേർത്ത് കൊച്ചി കായലിൽ നടക്കുന്ന സി.ബി.എൽ ജലോത്സവമാക്കി മാറ്റുകയാണ് ടൂറിസം വകുപ്പ്. അബ്ദുൾ കലാം മാർഗിൽ അബാദ് ഫ്ലാറ്റിനടുത്തുള്ള പോലീസ് എയ്ഡ്പോസ്റ്റ് മുതൽ മറൈൻ ഡ്രൈവിലെ ധനലക്ഷ്മി ബാങ്കിന് എതിർവശത്തുള്ള ജി.സി.ഡി.എ പാർക്കിംഗിന് സമീപമുള്ള ബോട്ട് ജെട്ടി വരെ ഒരു കിലോമീറ്റർ ദൈർഘ്യമുള്ള മൂന്ന് ട്രാക്കുകളാണ് മത്സരത്തിന് ഒരുക്കിയിട്ടുള്ളത്. 

ചുണ്ടൻ വള്ളങ്ങളുടെ മാസ് ഡ്രില്ലിന്റെയും കല സാഹസിക പരിപാടികളുടെ അകമ്പടിയോടെയും മത്സരത്തിന് തുടക്കം കുറിക്കും. വാട്ടർ സ്കീയിങ്ങ് പോലുള്ള അഭ്യാസ മുറകളാണ് നാവിക സേന ഒരുക്കിയിട്ടുള്ളത്. തുടർന്നാണ് ചുണ്ടൻ വള്ളങ്ങളുടെയും ചെറുവള്ളങ്ങളുടെയും ഹീറ്റ്സുകളും ഫൈനലുകളും നടക്കുക. മത്സരത്തിന്റെ ഇടവേളകളിൽ അഭ്യാസ പ്രകടനങ്ങളും ചെറുവള്ളങ്ങളുടെ മത്സരവും സാംസ്കാരിക പരിപാടികളും നടക്കും.

കേരളത്തിന്റെ പൈതൃകമായ പരമ്പരാഗത വള്ളംകളിയെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും കൂടാതെ ലോക ടൂറിസം ഭൂപടത്തിൽ അവതരിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോട് കൂടിയാണ് ഐ.പി.എൽ മാതൃകയിൽ ചാംപ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ)കേരള സർക്കാർ വിനോദ സഞ്ചാര വകുപ്പ് വഴി ആരംഭിച്ചത്.

date