Skip to main content

ചാമ്പ്യന്‍സ് ബോട്ട് ലീഗ് മത്സരം സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കും: മന്ത്രി പി.രാജീവ്

കേരളത്തിലേക്ക് വരുന്ന സഞ്ചാരികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണെന്നും ചാമ്പ്യന്‍സ് ബോട്ട് ലീഗ് മത്സരങ്ങള്‍ കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുമെന്നും വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു.   ചാമ്പ്യന്‍സ് ബോട്ട് ലീഗ് മൂന്നാം പതിപ്പിന്റെ നാലാം മത്സരം പിറവത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എറണാകുളം ജില്ലയുടെ എല്ലാ ഭാഗങ്ങളും വിനോദ സഞ്ചാരികള്‍ക്ക് ആകര്‍ഷിക്കാന്‍ കഴിയുന്ന എന്തെങ്കിലും പ്രത്യേകതയുള്ള ഇടമാണ്. പിറവവും അതിന്റെ ഭാഗമാണ്. പിറവത്ത് നടന്നുവരുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗും അത്തരത്തില്‍  വിനോദസഞ്ചാരികളെ ആകര്‍ഷിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

അനുകൂലമല്ലാത്ത കാലാവസ്ഥയെങ്കിലും തുഴയുന്നവര്‍ക്ക് മഴ ആവേശമാണെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച അനൂപ് ജേക്കബ് എം.എല്‍.എ പറഞ്ഞു. പിറവത്തിന്റെ ജലോത്സവമായ ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ വേദിയില്‍ തുഴ കൈമാറാന്‍ അവസരം ലഭിച്ചതില്‍ ഏറെ അഭിമാനിക്കുന്നുവെന്ന് നടന്‍ ലാലു അലക്‌സ് പറഞ്ഞു.

ചാമ്പ്യന്‍ ബോട്ട് ലീഗ് മത്സരങ്ങളുടെ ഇടവേളയില്‍ കലപരിപാടികളും അരങ്ങേറി. വിവിധ മേഖലയില്‍ മികവ് പുലര്‍ത്തിയ കലാകാരന്മാരെ വേദിയില്‍ ആദരിച്ചു.

പിറവം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഏലിയാമ്മ ഫിലിപ്പ്, ഡെപ്യൂട്ടി ചെയര്‍മാന്‍ കെ.പി സലിം, മുന്‍ എംഎല്‍എ എം.ജെ ജേക്കബ്, കൂത്താട്ടുകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ വിജയാ ശിവന്‍ തുടങ്ങിയവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു.

 

date