Skip to main content

സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം: ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു

പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്കവിഭാഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഫ്‌ളാഫ് മോബ് സംഘടിപ്പിച്ചു. ഒക്ടോബര്‍ രണ്ടു മുതല്‍ 16 വരെ സംഘടിപ്പിക്കുന്ന സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം  പരിപാടിക്കു മുന്നോടിയായാണ് എസ്.സി പ്രൊമോട്ടര്‍മാരുടെയും അക്രഡിറ്റഡ് എഞ്ചിനീയര്‍മാരുടെയും നേതൃത്വത്തില്‍ ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചത്.

സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ  സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 2 ന് രാവിലെ 11 ന് എറണാകുളം ടൗണ്‍ ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്കവിഭാഗ വികസന വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ഹൈബി ഈഡന്‍ എം.പി, എംഎല്‍എ മാരായ കെ.എന്‍ ഉണ്ണികൃഷ്ണന്‍, പി.വി ശ്രീനിജിന്‍, കെ.ജെ മാക്‌സി, ആന്റണി ജോണ്‍,   ടി.ജെ വിനോദ്, കെ.ബാബു, അനുപ് ജേക്കബ്, അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍, മാത്യു കുഴല്‍നാടന്‍, മേയര്‍ അഡ്വ. എം അനില്‍കുമാര്‍, മറ്റ് ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

' ഉയരാം ഒത്തുചേര്‍ന്ന് ' എന്നതാണ് ഈ വര്‍ഷത്തെ സാമൂഹ്യ ഐക്യാദാര്‍ഢ്യ പക്ഷാചരണത്തിന്റെ ആപ്തവാക്യം. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ ഉയര്‍ന്നു വരുന്നതിനുള്ള ആത്മവിശ്വാസം പകര്‍ന്നു നല്‍കുകയും അവരെ സ്വയം പര്യാപ്തതയില്‍ എത്തിച്ച് വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ കരുത്തുള്ളവരാക്കി മാറ്റുക എന്നതാണ്  സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ലക്ഷ്യം. ഇതോടനുബന്ധിച്ചു ഒക്ടോബര്‍ 2 -16 വരെ വിവിധ പദ്ധതികളുടെ ഉദ്്ഘാടനം, സെമിനാറുകള്‍, വിജ്ഞാനോത്സാവം, മെഡിക്കല്‍ ക്യാമ്പുകള്‍, ശുചിത്വ സന്ദേശ പരിപാടികള്‍, ബോധവത്കരണ പരിപാടികള്‍, മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ ആദരിക്കല്‍ എന്നിവ നടത്തും.

 

date