Skip to main content
പുത്തൂരിലേക്ക് പക്ഷിമൃഗാധികള്‍ ഒക്ടോബര്‍ രണ്ടിന് എത്തും

പുത്തൂരിലേക്ക് പക്ഷിമൃഗാധികള്‍ ഒക്ടോബര്‍ രണ്ടിന് എത്തും

സംസ്ഥാനതല വന്യജീവി വാരാഘോഷം ഒക്ടോബര്‍ 2 ന് (നാളെ) മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും

ഒക്ടോബര്‍ രണ്ടിന് നടക്കുന്ന സംസ്ഥാനതല വന്യജീവി വാരഘോഷത്തോടനുബന്ധിച്ച് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മൃഗങ്ങളെയും പക്ഷികളെയും കൊണ്ടു വരുന്നതിന്റെ അവസാന ഘട്ട അവലോകന യോഗം റവന്യൂ വകുപ്പ് മന്ത്രി കെ രാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. 

വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി തൃശൂര്‍ മൃഗശാലയില്‍ നിന്നും ദേശീയ പക്ഷിയായ മയിലിനെ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചുറാണി റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന് കൈമാറ്റം ചെയ്ത് സുവോളജിക്കല്‍ പാര്‍ക്കിലേക്ക് എത്തിക്കുന്നതോട് കൂടി ഈ പരിപാടിക്ക് തുടക്കമാകും. 48 ഇനങ്ങളിലായി 117 പക്ഷികള്‍, 279 സസ്തനികള്‍, 43 ഉരഗ വര്‍ഗ്ഗജീവികള്‍ എന്നിങ്ങനെ 479 പക്ഷി മൃഗാദികളെയാണ് പുത്തൂരിലേക്ക് എത്തിക്കുക. പുത്തൂര്‍ സെന്റര്‍ വികസന പ്രവര്‍ത്തിയുടെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ഭരണാനുമതി ലഭിച്ചതിന്റെ ഗസറ്റ് വിജ്ഞാപനം പകര്‍പ്പ്  മന്ത്രി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന് കൈമാറി.

ഉത്സവാഘോഷത്തോടെ വര്‍ണ്ണാഭമായി തന്നെ ഒരുക്കുന്ന വാരാഘോഷ ക്രമീകരണങ്ങള്‍ മന്ത്രി വിലയിരുത്തുകയും പൈയ്യപ്പള്ളി മൂല, കൊങ്ങമ്പറ എന്നിവിടങ്ങളില്‍ നിന്നായി നടത്തുന്ന ഘോഷയാത്രകള്‍ ആഘോഷമാക്കാനും മന്ത്രി അഭിപ്രായപ്പെട്ടു. അവലോകന യോഗത്തില്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്‍, സുവോളജിക്കല്‍ പാര്‍ക്ക് ഡയറക്ടര്‍ ആര്‍ കീര്‍ത്തി, സുരേന്ദ്രന്‍ പി ബി തുടങ്ങിയവര്‍ പങ്കെടുത്തു.

സംസ്ഥാനതല വന്യജീവി വാരാഘോഷങ്ങള്‍ ഒക്ടോബര്‍ രണ്ടിന് (നാളെ) പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ രാവിലെ പത്ത് മണിക്ക് വനം വന്യ ജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കും. പാര്‍ക്കിലെ സബ്‌സ്റ്റേഷന്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം  നിര്‍വഹിച്ച് പ്രവര്‍ത്തന സജ്ജമാക്കും. സ്റ്റേറ്റ് ഓഫ് ഇന്ത്യ ബേര്‍ഡ്‌സ് എന്ന പുസ്തകം പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമവകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ ചടങ്ങില്‍ പ്രകാശനം ചെയ്യും. അരണ്യം വന്യജീവി വാര വിശേഷാല്‍ പതിപ്പിന്റെ പ്രകാശനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വഹിക്കും.
ടി എന്‍ പ്രതാപന്‍ എം പി, കോര്‍പ്പറേഷന്‍ മേയര്‍ എം കെ വര്‍ഗീസ്, മുന്‍ വനം വകുപ്പ് മന്ത്രി കെ രാജു എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. 
ചടങ്ങില്‍ ജില്ലയിലെ മുഴുവന്‍ എംഎല്‍എമാര്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും

date