Skip to main content

നല്ല ആരോഗ്യം എല്ലാവര്‍ക്കും;  ഹെല്‍ത്ത് ഗ്രാന്റ് സ്‌കീമില്‍ കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിന് അംഗീകാരം

കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിലും സമീപപ്രദേശങ്ങളിലുമുള്ള സാധാരണക്കാരുടെ ആശ്രയ കേന്ദ്രമാണ് ഗ്രാമപഞ്ചായത്തിന് കീഴിലുള്ള മുണ്ടൂരിലെ കുടുംബാരോഗ്യ കേന്ദ്രം. ആര്‍ദ്രം മിഷന്റെ  ഭാഗമായുള്ള നിരവധി പദ്ധതികളും വിവിധതരം ക്ലിനിക്കുകളും ലാബും പാലിയേറ്റീവ് സംവിധാനങ്ങളും എല്ലാമായി ആരോഗ്യരംഗത്ത് കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വലിയ മുന്നേറ്റമാണ് നടത്തുന്നത്.

ആരോഗ്യരംഗത്ത് ഗ്രാമപഞ്ചായത്ത് നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവുകയാണ് പുതുതായി അംഗീകാരം ലഭിച്ചിരിക്കുന്ന ഹെല്‍ത്ത് ഗ്രാന്റുകള്‍. മുണ്ടൂര്‍ സബ് സെന്റര്‍ കെട്ടിടം നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനായി 55.5 ലക്ഷം രൂപയ്ക്ക് അംഗീകാരമായി. മള്‍ട്ടി ഇയര്‍ പദ്ധതിയായ ഇതില്‍ 2022- 23 വര്‍ഷത്തില്‍ 27.75 ലക്ഷവും 2023 -24 വര്‍ഷത്തില്‍ 15 ലക്ഷവും 2024- 25 വര്‍ഷത്തില്‍ 12.75 ലക്ഷവും ലഭിക്കും. മറ്റൊരു ഹെല്‍ത്ത് ഗ്രാന്റ് സ്‌കീം പ്രകാരം രോഗനിര്‍ണയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലേക്കായി 16.25 ലക്ഷത്തിനും അംഗീകാരമായി. കുടുംബാരോഗി കേന്ദ്രങ്ങളിലും ഉപ കേന്ദ്രങ്ങളിലും ഹെല്‍ത്ത് ആന്റ് വെല്‍നസ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി 4.23 ലക്ഷം രൂപക്കും ഡിപിസിയുടെ അംഗീകാരം ലഭിച്ചു.

 ഒരേ കോമ്പൗണ്ടില്‍ തന്നെ ഒരുക്കിയിട്ടുള്ള അലോപ്പതി ആയുര്‍വേദ ഹോമിയോ ഡിസ്‌പെന്‍സറികള്‍, യോഗ, വനിത ജിം, കുട്ടികള്‍ക്കുള്ള പാര്‍ക്ക്, സമീപവാസികള്‍ക്ക് ഉള്‍പ്പെടെ പ്രയോജനപ്പെടുന്ന പുതിയതായി ഉദ്ഘാടനം കഴിഞ്ഞ 72 ലക്ഷം രൂപയുടെ കുടിവെള്ള പദ്ധതി, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാമായി കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളെ ഉള്‍പ്പെടെ നല്ല ആരോഗ്യം ഉറപ്പാക്കുന്നതിനായി ഒപ്പം നില്‍ക്കുയാണ് ഗ്രാമപഞ്ചായത്ത്.

date