Skip to main content

ഹരിതസമേതം ശുചിതസമേതം പരിപാടിക്ക് ഒക്ടോബര്‍ 2ന് തുടക്കം

മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി നടപ്പാക്കുന്ന ശുചിത്വപ്രവര്‍ത്തനങ്ങളില്‍ ജില്ലയിലെ 1028 വിദ്യാലയങ്ങളിലെ കുട്ടികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, പൂര്‍വ്വാധ്യാപകര്‍ എന്നിവരും പങ്കെടുക്കും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വിദ്യാലയങ്ങള്‍ ഹരിതാഭമാക്കുന്ന പരിപാടികളും ഇതോടൊപ്പം നടക്കും. ഇതുമായി ബന്ധപ്പെട്ട ജനകീയപ്രചരണപരിപാടിക്ക് ഗാന്ധിജയന്തിദിനമായ ഒക്ടോബര്‍ 2 മുതല്‍ തുടക്കമാകും. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് രൂപം നല്‍കിയിട്ടുള്ളത്. പരിപാടിയുടെ മാര്‍ഗ്ഗരേഖയും പുറത്തിറക്കിയിട്ടുണ്ട്.

'സമേതം' സമഗ്രവിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ജില്ലയിലെ നവകേരള കര്‍മ്മപദ്ധതി, ശുചിത്വമിഷന്‍, കുടുംബശ്രീ മിഷന്‍, ദേശീയ ഹരിതസേന എന്നിങ്ങനെ വിവിധ ഏജന്‍സികളും ഈ പ്രവര്‍ത്തനത്തില്‍ അണിചേരും. ആരോഗ്യവകുപ്പിന്റെ സഹകരണവും ഉറപ്പാക്കിയിട്ടുണ്ട്. ജില്ലയിലെ വിദ്യാലയങ്ങളിലെ കുടിവെള്ള പരിശോധനക്കായി 54 സ്‌കൂളുകളില്‍ തന്നെയുള്ള പരിശോധനാ ലാബുകളെയും സജ്ജമാക്കിയിട്ടുണ്ട്. വിജ്ഞാന്‍ സാഗറും കേരള വാട്ടര്‍ അതോറിറ്റിയും ചേര്‍ന്നാണ് ഇതിന് നേതൃത്വം നല്‍കുന്നത്.

 'Zero Waste School Campaign 2023' പേരില്‍ വിവിധ തരത്തിലുള്ള പ്രചാരണ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പദ്ധതിയുടെ ഭാഗമായി നടക്കും. 200 ഓളം പുതിയ 'പച്ചതുരുത്തുകള്‍' ജില്ലയില്‍ സമേതം പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുകയാണ്. ഏറ്റവും ചുരുങ്ങിയത് സ്‌കൂളിലോ അത് സാധ്യമല്ലെങ്കില്‍ മറ്റൊരിടത്തോ 2 സെന്റ് സ്ഥലത്ത് വൃക്ഷതൈകള്‍ വെച്ചു പിടിപ്പിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഈ പ്രവര്‍ത്തനം ഈ വര്‍ഷവും തുടരും.

'സമേതം' സമഗ്ര വിദ്യാഭ്യാസ പരിപാടിയിലൂടെ കഴിഞ്ഞവര്‍ഷം ആരംഭിച്ച ഹരിത വിദ്യാലയം എന്ന പദ്ധതി സംസ്ഥാന വ്യാപകമാക്കാനുള്ള ആലോചനകള്‍ നവകേരള മിഷന്റെ ഭാഗമായി നടക്കുണ്ട്.

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനതലവന്മാരുടെയും വിദ്യാഭ്യാസ ഓഫീസര്‍മാരുടെയും നിര്‍വ്വഹണ ഉദ്യോഗസ്ഥന്മാരുടെയും ജില്ലാതല യോഗത്തിന് ശേഷം, പിഇസി യോഗങ്ങളും എംഇസി യോഗങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. സ്‌കൂള്‍ പിടിഎ, എസ്എംസി, എംപിടിഎ, പൂര്‍വ്വാധ്യാപക സംഘടന, പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന തുടങ്ങിയ സംവിധാനങ്ങളുടെ യോഗം ചേര്‍ന്ന് സ്‌കൂള്‍തല പരിപാടികള്‍ ആസൂത്രണം ചെയ്യും. തദ്ദേശ സ്ഥാപനതല ഉദ്ഘാടനം അതാത് പ്രദേശത്തെ ഏതെങ്കിലും ഒരു സ്‌കൂളില്‍ നടത്തും. പിഇസി /എംഇസി യോഗങ്ങളില്‍ ഇക്കാര്യം തീരുമാനിക്കും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം, കുറ്റൂര്‍ സിഎംജിഎച്ച്എസ്എസില്‍ നടക്കും. പരിപാടി, സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിഡ് മാസ്റ്റര്‍ അധ്യക്ഷനാകും.

date