Skip to main content
അരിമ്പൂരിലെ വയോസേവന പ്രവര്‍ത്തനങ്ങള്‍ക്ക് 5 വയസ്സ്

അരിമ്പൂരിലെ വയോസേവന പ്രവര്‍ത്തനങ്ങള്‍ക്ക് 5 വയസ്സ്

വയോജന ദിനാഘോഷവേളയില്‍ വയോസേവന പ്രവര്‍ത്തന രംഗത്ത് അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കുകയാണ് അരിമ്പൂര്‍ ഗ്രാമം. വയോജന സൗഹൃദ നാടിനായി വയോജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമൊരുക്കുന്ന വ്യക്തിഗത പരിപാലന പരിപാടിയിലൂടെ പഴയ തലമുറയെ നവ സമൂഹത്തിനൊപ്പം ചേര്‍ത്തു നിര്‍ത്തുകയാണ് അരിമ്പൂര്‍ ഗ്രാമപഞ്ചായത്ത്.

ജനകീയ വിദ്യാഭ്യാസ പദ്ധതി, വയോജന രോഗങ്ങളെക്കുറിച്ചുള്ള അവബോധം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍, വയോജന കൂട്ടായ്മകള്‍ രൂപീകരണം, ആരോഗ്യ സ്ഥാപനകളുടെ നിരന്തരമായ ഇടപെടല്‍, പൂര്‍വ്വസാന്ത്വന പരിപാലന പരിപാടി, സുസ്വനം - വയോ കോളിംഗ് സിസ്റ്റം, ഹെല്‍പ്പ് ഡെസ്‌ക്, ജാഗ്രതാ സമിതി, വിജിലന്‍സ് സര്‍വ്വലയന്‍സ് കമ്മിറ്റി എന്നിങ്ങനെ വിവിധ മാര്‍ഗങ്ങളിലൂടെയുള്ള പ്രവര്‍ത്തനങ്ങളാണ് അരിമ്പൂരില്‍ നടപ്പിലാക്കി വരുന്നത്.

ഒറ്റപ്പെടലും ഏകാന്തതയും അനുഭവിക്കുന്ന വയോജനങ്ങള്‍ ഓരോരുത്തരെയും ടെലിഫോണ്‍ വഴി വിളിച്ച് അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കേട്ട് പരിഹാരം കാണുന്ന സുസ്വനം - വയോ കോളിംഗ് സിസ്റ്റം പദ്ധതിയുടെ രണ്ടാം ഘട്ടം പ്രവര്‍ത്തനത്തിന്റെ തിരക്കിലാണ് ഗ്രാമ പഞ്ചായത്ത്. ആയിരം വളണ്ടിയര്‍മാരെ പ്രീ പെയിന്‍ ആന്റ് പാലിയേറ്റീവ് പരിചരണത്തിനായി തയ്യാറാക്കുകയാണ് ഗ്രാമ പഞ്ചായത്ത്.

അരിമ്പൂര്‍ കമ്മ്യൂണിറ്റി ഹാളില്‍ നടത്തിയ വയോജനദിനാഘോഷ ചടങ്ങ് വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം ആര്‍ ശശീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാര്‍ അധ്യക്ഷത വഹിച്ചു. മുരളി പെരുനെല്ലി എംഎല്‍എ മുഖ്യാതിഥിയായി. 
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശശിധരന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ജി സജീഷ്, ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് ഡോ. പി ഭാനുപതി, കേരള കാര്‍ഷിക സര്‍വ്വകലാശാല ഫോറസ്ട്രി കോളേജ് മുന്‍ ഡീന്‍ ഡോ. കെ വിദ്യാസാഗര്‍, ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, വയോജന ക്ലബ്ബംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്തിലെ 35 വയോജന ക്ലബ്ബില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന കലാപരിപാടികളും വയോജനോത്സവത്തിന്റെ ഭാഗമായി നടന്നു.

date