Skip to main content
വയോജന ദിനത്തില്‍ സമ്മാനമായി പകല്‍വീട് 

വയോജന ദിനത്തില്‍ സമ്മാനമായി പകല്‍വീട് 

വയോജന ദിനത്തില്‍ അവണൂര്‍ ഗ്രാമപഞ്ചായത്ത് വയോജനങ്ങള്‍ക്കായി പകല്‍വീട് സമ്മാനിച്ചു. പകല്‍ സമയങ്ങളിലെ ഒറ്റപ്പെടലും അനാഥത്വവും വിരസതയും ഇല്ലാതാക്കുന്നതിനൊപ്പം കൃത്യമായ ദൈനംദിന ആരോഗ്യ പരിപാലനവും സാധ്യമാക്കുകയാണ് അവണൂര്‍ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡിലെ കുളങ്ങാട്ടുകര വില്ലേജ് ഓഫീസിന് സമീപം ഒരുക്കിയിട്ടുള്ളപകല്‍വീട്ടില്‍.

ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം ഉള്‍പ്പെടെ കേരളം ആരോഗ്യരംഗത്ത് നേടിയ മുന്നേറ്റങ്ങള്‍ നിരവധിയാണ്. വയോജനങ്ങള്‍ക്ക് ആരോഗ്യകരമായ വാര്‍ദ്ധക്യം ഉറപ്പാക്കുകയാണ് പകല്‍വീടിലൂടെ. ഗ്രാമപഞ്ചായത്തിന്റെ 2022 -23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറ് ലക്ഷം രൂപ വിനിയോഗിച്ചാണ് അടിസ്ഥാന സൗകര്യങ്ങളും ഫര്‍ണിച്ചറും മറ്റ് ഉപകരണങ്ങളും ഒരുക്കിയിട്ടുള്ളത്. പത്രവും ആനുകാലികങ്ങളും ഉള്‍പ്പെടെയുള്ള വായന സൗകര്യവും, ടിവി, ഭക്ഷണം പാകം ചെയ്യുന്നതിനും കഴിക്കുന്നതിനുള്ള സൗകര്യം, ബാത്‌റൂം എന്നിങ്ങനെ 20 പേര്‍ക്ക് ഉപയോഗിക്കാവുന്ന സൗകര്യങ്ങളാണ് പകല്‍വീട്ടിലുള്ളത്. വാര്‍ദ്ധക്യത്തിലെ ഊഷ്മളതയും സ്‌നേഹപരിചരണവും ഉറപ്പാക്കി മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള വിശ്രമകേന്ദ്രമാവുകയാണ് കോളങ്ങാട്ടുകരയിലെ ഈ പകല്‍വീട്.

 പകല്‍വീടിന്റെ ഉദ്ഘാടനം സേവ്യര്‍ ചിറ്റിലപ്പള്ളി എംഎല്‍എ നിര്‍വഹിച്ചു. അവണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ലിനി ടീച്ചര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ഹരിദാസ്, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ എന്‍ കെ രാധാകൃഷ്ണന്‍, അഞ്ജലി സതീഷ്, തോംസണ്‍ തലക്കോടന്‍, വാര്‍ഡ് മെമ്പര്‍മാരായ ടി എസ് ജിഷ, ജിഷ പ്രദീപ്, പി എസ് കൃഷ്ണകുമാരി, സി ബി സജീവന്‍, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ എ കെ കെ സിന്ധു തുടങ്ങിയവര്‍ പങ്കെടുത്തു.

date