Skip to main content

അസ്വാഭാവികമായി പക്ഷിമൃഗാദികൾ   ചത്തൊടുങ്ങുന്ന സാഹചര്യം ശ്രദ്ധിക്കണം: ജില്ലാ വികസന കമ്മീഷണർ

 

 അസ്വാഭാവികമായി പക്ഷിമൃഗാദികൾ   ചത്തൊടുങ്ങുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണമെന്ന് ജില്ലാ വികസന കമ്മീഷണർ എം എസ് മാധവിക്കുട്ടി പറഞ്ഞു. ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ  ചേർന്ന യോഗത്തിൽ  സംസാരിക്കുകയായിരുന്നു വികസന കമ്മീഷണർ.

ജില്ലയിൽ ഇതുവരെ  പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും തൊട്ടടുത്ത ജില്ലകളിൽ  സ്ഥിരീകരിച്ച സാഹചര്യത്തിലാണ് യോഗം ചേർന്നത്. പക്ഷിപ്പനി പ്രതിരോധ പ്രവർത്തനങ്ങളും മുൻ കരുതലും സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ ചർച്ച ചെയ്തു.

ആരോഗ്യവകുപ്പിലെ ഫീൽഡ്തല പ്രവർത്തകർക്കും ആശാവർക്കർമാർക്കും മെഡിക്കല്‍ ഓഫീസർമാർക്കും രോഗപ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ചുള്ള അവബോധം നൽകും. ഫീൽഡ് തലത്തിൽ പക്ഷികളിൽ കാണുന്ന അസ്വാഭാവിക ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും  അനുബന്ധ ഉപവകുപ്പുകൾ ആയ മൃഗസംരക്ഷണ വകുപ്പിനെയും വനംവകുപ്പിനെയും അറിയിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തണം. പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മരുന്നിന്റെയും അനുബന്ധ സാധനങ്ങളുടെയും ലഭ്യത  ഉറപ്പാക്കും.  

ഏതെങ്കിലും പ്രദേശത്ത് പനിയും ശ്വാസകോശ സംബന്ധമായ രോഗങ്ങളും അസ്വാഭാവിക മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിൽ പ്രത്യേക ശ്രദ്ധ ചെലുത്താനും ജില്ലാതലത്തിലേക്ക് അറിയിക്കാനും യോഗത്തിൽ നിർദ്ദേശിച്ചു.

പക്ഷിമൃഗാദികളെ  കൈകാര്യം ചെയ്യുന്ന പ്രവർത്തകർക്ക് പ്രത്യേക മുൻകരുതൽ നടപടികളായ പ്രതിരോധമരുന്ന് , വ്യക്തിഗത സുരക്ഷ മാർഗ്ഗങ്ങൾ എന്നിവ ലഭ്യമാക്കും.
വനം വകുപ്പിലെ മുഴുവൻ ജീവനക്കാർക്കും പക്ഷിപ്പനിയെ കുറിച്ചുള്ള ബോധവൽക്കരണവും ആവശ്യമായ പരിശീലനവും നൽകും. ദേശാടന പക്ഷികൾ വരുന്ന സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തണം. പക്ഷികളുടെ വിസർജ്യം രോഗനിരീക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി പരിശോധനയ്ക്ക് എടുക്കുന്ന പ്രക്രിയ തുടരാനും യോഗത്തിൽ തീരുമാനമായി.

ജില്ലാ വികസന കമ്മീഷണറുടെ ചേമ്പറിൽ നടത്തിയ യോഗത്തിൽ
ജില്ലാ മെഡിക്കൽ ഓഫീസർ (ഇൻ ചാർജ് ) ഡോ. കെ കെ ആശ, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.സി.രോഹിണി, ഹോമിയോ , ആയുർവേദം ,മൃഗസംരക്ഷണ വകുപ്പ് ,വനം വകുപ്പ് തദ്ദേശസ്വയംഭരണ വകുപ്പ് തുടങ്ങിയ സ്ഥാപനങ്ങളിലെ  ഉദ്യോഗസ്ഥരും പങ്കെടുത്തു.

date