Skip to main content

ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ  രണ്ടാംഭാഗം  തയ്യാറാക്കൽ: ജില്ലാതല ഏകദിന പരിശീലനം സംഘടിപ്പിച്ചു

 

ജൈവവൈവിധ്യ സൗഹൃദ ജില്ലയായി എറണാകുളത്തെ മാറ്റുമെന്ന്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ഉല്ലാസ് തോമസ് പറഞ്ഞു. ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ  (പി.ബി.ആർ ) പുതുക്കി രണ്ടാം ഭാഗം തയ്യാറാക്കുന്നതിനുള്ള ജില്ലാതല ഏകദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ജൈവവൈവിധ്യം   സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും  ഉത്തരവാദിത്തമാണെന്നും എല്ലാ പഞ്ചായത്തും പി ബി ആർ തയ്യാറാക്കുന്ന ആദ്യ ജില്ലയായി എറണാകുളത്തെ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.

മുൻവർഷങ്ങളിൽ തയ്യാറാക്കിയ രജിസ്റ്റർ കാലാനുസൃതമായി പുതുക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ   നേതൃത്വത്തിൽ  പി ബി ആർ രണ്ടാം ഭാഗം തയ്യാറാക്കുന്നത്. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപന പ്രദേശത്തെയും സസ്യ വൈവിധ്യങ്ങൾ, ജന്തുജാലങ്ങൾ, ഔഷധസസ്യങ്ങൾ, അപൂർവ ജൈവവൈവിധ്യങ്ങൾ, നാട്ടറിവുകൾ, കാർഷികവിളകൾ തുടങ്ങിയ സമഗ്ര വിവരങ്ങളാണ് ശേഖരിക്കുക.

പദ്ധതിക്കായി ഫണ്ട് നീക്കി വച്ചിട്ടുള്ള ഗ്രാമപഞ്ചായത്തുകൾ, നഗരസഭകൾ, കൊച്ചി കോർപ്പറേഷൻ എന്നിവിടങ്ങളിലെ അധ്യക്ഷർ, സെക്രട്ടറിമാർ, ജൈവവൈവിധ്യ പരിപാലന സമിതി കൺവീനർമാർ, റിസോഴ്സ് പേഴ്സൺമാർ എന്നിവർക്കാണ്  പരിശീലനം നൽകുന്നത്. ജൈവവൈവിധ്യത്തിന്റെ പ്രാധാന്യം, പി ബി ആർ രണ്ടാം ഭാഗം തയ്യാറാക്കുന്നതിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങളിൽ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെമ്പർ കെ വി ഗോവിന്ദൻ, മെമ്പർ സെക്രട്ടറി ഡോ. വി ബാലകൃഷ്ണൻ, തുടങ്ങിയവർ പരിശീലന ക്ലാസ് നയിച്ചു.

 ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന ചടങ്ങിൽ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെമ്പർ കെ വി ഗോവിന്ദൻ അധ്യക്ഷത വഹിച്ചു.  ജില്ലാ പ്ലാനിംഗ് ഓഫീസർ  പി എ ഫാത്തിമ, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ജില്ലാ കോ ഓഡിനേറ്റർ  എൻ കെ ശ്രീരാജ്, ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസർ  എം എം ബഷീർ, അസിസ്റ്റന്റ്  ജില്ലാ പ്ലാനിംഗ് ഓഫീസർ  ഡോ. ടി. എൽ. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.

date