Skip to main content
ശിശു ദിന റാലി - 2023; സംഘാടക സമിതി രൂപീകരണ യോഗം ചേര്‍ന്നു

ശിശു ദിന റാലി - 2023; സംഘാടക സമിതി രൂപീകരണ യോഗം ചേര്‍ന്നു

ജില്ലയില്‍ ശിശുദിനത്തില്‍ റാലി സംഘടിപ്പിക്കുന്നതിന് ശിശു ക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ സംഘാടക സമിതി രൂപികരണ യോഗം ചേര്‍ന്നു. എഡിഎം ടി മുരളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 5000 ത്തോളം കുട്ടികളെ ഉള്‍പ്പെടുത്തി സിഎംഎസ് സ്‌കൂള്‍ മുതല്‍ ടൗണ്‍ഹാള്‍ വരെ റാലി നടത്താന്‍ തീരുമാനിച്ചു.

രാവിലെ 8 ന് റാലി ആരംഭിക്കും. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ റാലിയുടെ ഫ്‌ളാഗ് ഓഫ് കര്‍മ്മം നിര്‍വഹിക്കും. ടൗണ്‍ ഹാളില്‍ എത്തുന്ന റാലിയെ മന്ത്രി, എംഎല്‍എ, മേയര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവര്‍ സ്വീകരിക്കും. തുടര്‍ന്ന് തെരഞ്ഞെടുക്കുന്ന കുട്ടി ചാച്ചാജി ദേശീയ പതാക ഉയര്‍ത്തും.

വിവിധ വകുപ്പുകളെ ഏകോപിച്ചാകും റാലി നടത്തുക. കുട്ടികള്‍ക്ക് ഭക്ഷണം, വെള്ളം തുടങ്ങിയ സൗകര്യങ്ങള്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഒരുക്കും. ശിശുദിനത്തോടനുബന്ധിച്ച് നടക്കുന്ന പ്രസംഗ മത്സരത്തില്‍ സ്‌കൂള്‍തലത്തില്‍ നിന്നും ജില്ലാതലത്തില്‍ എല്‍പി വിഭാഗത്തില്‍ ഒന്നാമതെത്തുന്ന വിദ്യാര്‍ത്ഥിയാകും ചാച്ചാജി ആകുക. രണ്ടാം സ്ഥാനം നേടുന്ന വിദ്യാര്‍ത്ഥി സ്വാഗതവും മൂന്നാം സ്ഥാനം നേടുന്ന വിദ്യാര്‍ത്ഥി നന്ദിയും പറയും. യുപി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടുന്ന വിദ്യാര്‍ത്ഥി പ്രസിഡന്റും രണ്ടാം സ്ഥാനം നേടുന്ന വിദ്യാര്‍ത്ഥി സെക്രട്ടറിയുമാകും. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ വിജയിക്കുന്നവര്‍ പരിപാടിയുടെ സുഗമമായ നടത്തിപ്പിന്റെ ഭാഗമാകുകയും മാലിന്യ മുക്ത സത്യപ്രതിജ്ഞ നടത്തുകയും ചെയ്യും. ജില്ലാതലത്തില്‍ വിജയിക്കുന്നവരെ സംസ്ഥാന തലത്തില്‍ പങ്കെടുപ്പിക്കും. സംസ്ഥാന തലത്തില്‍ പ്രസംഗ മത്സരത്തിന് ഒന്നാമത് എത്തുന്ന കുട്ടിയായിരിക്കും സംസ്ഥാനത്ത് ചാച്ചാജി ആവുക. ശിശുദിന മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് സമ്മാനവും നല്‍കും. ശിശു ക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ഹരിത ചട്ടം പാലിച്ചാകും റാലി നടക്കുക. എന്‍.സി.സി കേഡറ്റുകളും റാലിയുടെ ഭാഗമാകും.

ശിശുദിന റാലിയുടെ ചെയര്‍മാനായി ജില്ല കലക്ടറും ഏകോപനത്തിനായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെയും ഉള്‍പ്പെടുത്തി സംഘാടക സമിതി രൂപീകരിച്ചു. കോര്‍പ്പറേഷന്‍, ജില്ലാ പഞ്ചായത്ത്, മറ്റു വകുപ്പുകള്‍ എന്നിവര്‍ സംഘാടക സമിതിയുടെ ഭാഗമാകും.

കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എല്‍എസ്ജിഡി എഡി കെ വി ആന്‍സണ്‍ ജോസഫ്, ശിശു ക്ഷേമ സമിതി അംഗം എം കെ പശുപതി, ശിശു ക്ഷേമ സമിതി സെക്രട്ടറി പി കെ വിജയന്‍, ശിശു ക്ഷേമ സമിതി വൈസ് പ്രസിഡന്റ് ഡോ. ഭാനുമതി, ശിശു ക്ഷേമ സമിതി ട്രഷറര്‍ വി കെ ഉണ്ണികൃഷ്ണന്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date