Skip to main content
ഒളകര നിവാസികള്‍ക്ക് ഭൂമി; ഡിസംബര്‍ 10നകം സര്‍വ്വേ പൂര്‍ത്തീകരിക്കും

ഒളകര നിവാസികള്‍ക്ക് ഭൂമി; ഡിസംബര്‍ 10നകം സര്‍വ്വേ പൂര്‍ത്തീകരിക്കും

കലക്ടറുടെ നേതൃത്വത്തില്‍ സംയുക്ത സംഘം കോളനി സന്ദര്‍ശിച്ചു

ഒളകര കോളനി നിവാസികളായ 44 കുടുംബങ്ങളുടെ ഭൂമിക്കു വേണ്ടിയുള്ള രണ്ടു പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിന് പരിഹാരമാകുന്നു. ഡിസംബര്‍ പത്തിനകം സര്‍വേ നടപടികള്‍ പൂര്‍ത്തീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ അറിയിച്ചു. ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള റവന്യൂ, വനം, പട്ടിക വര്‍ഗ്ഗ വകുപ്പുകളുടെ സംയുക്ത സംഘം കോളനി സന്ദര്‍ശിച്ച ശേഷമാണ് ജില്ലാ കലക്ടര്‍ ഇതേക്കുറിച്ച് കോളനി നിവാസികള്‍ക്ക് ഉറപ്പു നല്‍കിയത്.

കോളനി നിവാസികള്‍ക്ക് വനാവകാശപ്രകാരം ഭൂമി ലഭ്യമാക്കുന്ന കാര്യത്തില്‍ നീതി നടപ്പിലാക്കാന്‍ ആവശ്യമായ എല്ലാ ശ്രമങ്ങളും ജില്ലാ ഭരണകൂടം സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ കോളനി നിവാസികളെ അറിയിച്ചു. ഭൂമിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ കൃത്യമായി പരിശോധിച്ച ശേഷം ഓരോരുത്തര്‍ക്കും പതിച്ചുനല്‍കേണ്ട ഭൂമിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളും. അതിന്റെ ആദ്യ പടിയായാണ് സര്‍വ്വേ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ച് കൃത്യമായ ഭൂപടം തയ്യാറാക്കുന്നതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

സര്‍വേ നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ റവന്യൂ, ഫോറസ്റ്റ്, പട്ടിക വര്‍ഗ്ഗ വകുപ്പുകള്‍ വിഷയം സംയുക്തമായി ചര്‍ച്ച നടത്തിയ ശേഷം ഇക്കാര്യത്തില്‍ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുമെന്നും കോടതി നടപടികള്‍ തടസ്സമാവാത്ത വിധത്തില്‍ പഴുതുകള്‍ അടച്ചു കൊണ്ടുള്ള നീതിപൂര്‍ണമായ നടപടികളാവും സ്വീകരിക്കുകയെന്നും വി ആര്‍ കൃഷ്ണതേജ അറിയിച്ചു.

കോളനി സന്ദര്‍ശിച്ച ജില്ലാ കലക്ടറുമായി ഊരു മൂപ്പത്തി മാധവിയുടെ നേതൃത്വത്തില്‍ കോളനി നിവാസികള്‍ തങ്ങളുടെ ആശങ്കകളും ആവലാതികളും പങ്കുവെച്ചു. സര്‍വ്വേ നടപടികള്‍ ആരംഭിക്കുന്ന സമയം നേരത്തെ ആക്കണമെന്നും സര്‍വേയുമായി ബന്ധപ്പെട്ട് തൊഴില്‍ നഷ്ടപ്പെടുന്ന കോളനി നിവാസികള്‍ക്ക് ആ ദിവസങ്ങളിലെ വേതനം അനുവദിച്ചു നല്‍കണമെന്നും ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു. സര്‍വേ നടപടികള്‍ക്ക് പ്രദേശവാസികള്‍ അംഗങ്ങളായിട്ടുള്ള ഫോറസ്റ്റ് റൈറ്റ് കമ്മറ്റിയുടെ പിന്തുണ കമ്മറ്റി അംഗമായ രതീഷ് ഉറപ്പു നല്‍കി.

സബ് കളക്ടര്‍ മുഹമ്മദ് ഷെഫീഖ്, ഡെപ്യൂട്ടി കളക്ടര്‍ പി എ വിഭൂഷന്‍, സര്‍വ്വേ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ പി കെ ശാലി, തൃശ്ശൂര്‍ തഹസില്‍ദാര്‍ ടി ജയശ്രീ, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ സി ഹെറാള്‍ഡ് ജോണ്‍, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി എം പ്രഭു, അസിസ്റ്റന്റ് വാര്‍ഡന്‍ സുമു സ്‌കറിയ, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സവിത പി ജോയി, പോലീസ് ഉദ്യോഗസ്ഥര്‍, മറ്റു റവന്യൂ, വനം, പട്ടികവര്‍ഗ്ഗ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date