Skip to main content

ഏകാംഗ ചിത്ര-കലാപ്രദര്‍ശനങ്ങള്‍

 

കേരള ലളിതകലാ അക്കാദമി അവതരിപ്പിക്കുന്ന നാല് ഏകാംഗ പ്രദര്‍ശനങ്ങള്‍ 2023 ഒക്‌ടോബര്‍
7ന് അക്കാദമിയുടെ എറണാകുളം ദര്‍ബാര്‍ഹാള്‍ കലാകേന്ദ്രത്തില്‍ ആരംഭിക്കുന്നു. മിബിന്റെ 'ഒക്കള്‍ട്ട്' ചിത്രപ്രദര്‍ശനം,  അനിത ടി.കെയുടെ  'ലെറ്റ് മി സ്വാളോ ദി സണ്‍സെറ്റ് ആന്‍ഡ് ഡ്രിങ്ക് ദി റെയിന്‍ബോ' കലാപ്രദര്‍ശനം, സുനീഷ് എസ്.എസ് ന്റെ 'അവസാനത്തെ വിരലടയാളം' കലാ പ്രദര്‍ശനം,  അനീഷ് വി.യുടെ 'ഡേ-റ്റു-ഡേ ക്രോണിക്കിള്‍സ്' ചിത്ര പ്രദര്‍ശനം എന്നിവയാണവ. കേരള ലളിതകലാ അക്കാദമിയുടെ 2022-23ലെ സമകാലിക ഏകാംഗ പ്രദര്‍ശന പദ്ധതിയുടെ ഭാഗമായാണ് പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്. പ്രദര്‍ശനങ്ങളുടെ ഉദ്ഘാടനം ഒക്‌ടോബര്‍ 7ന് വൈകുന്നേരം 4 മണിക്ക് അക്കാദമി സെക്രട്ടറി എന്‍. ബാലമുരളീകൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അക്കാദമി ചെയര്‍പേഴ്‌സണ്‍ മുരളി ചീരോത്ത് നിര്‍വ്വഹിക്കും.

മിബിന്‍ തന്റെ കലയിലൂടെ തിരയുന്നത് ഒഴുക്കിന്റെ രീതിശാസ്ത്രത്തെയാണ്. ഒഴുക്ക് ഒരു അടിസ്ഥാന തത്വമായി നമുക്ക് ചുറ്റിലുമുണ്ട്, ഒന്നും അതേപടി നിലനില്ക്കുന്നില്ല. അവയോരൊന്നും ചലിച്ചുകൊണ്ടിരിക്കുന്നു.  പ്രദര്‍ശനത്തിന്റെ ക്യൂറേറ്റര്‍ വിവിഷ് വിജയനാണ്.

അനിത. ടി.കെ യുടെ  'ലെറ്റ് മി സ്വാളോ ദി സണ്‍സെറ്റ് ആന്‍ഡ് ഡ്രിങ്ക് ദി റെയിന്‍ബോ' കലാ പ്രദര്‍ശനത്തില്‍ തന്റെ 'ജീവനസ്ഥല'വുമായുള്ള  സന്തോഷകരമായ ഓര്‍മ്മകളെയും അനുഭവങ്ങളെയും ഊര്‍ജ്ജസ്വലമായ നിറങ്ങളില്‍ അടയാളപ്പെടുത്തുന്ന ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ അവ കേവലമായ ഭൂഭാഗ ചിത്രീകരണമായി ഒതുങ്ങുന്നില്ല, മറിച്ച് ചിത്രങ്ങളിലെ ദൃശ്യങ്ങളും, നിറങ്ങളും ഒന്നില്‍നിന്നും മറ്റൊന്നിലേക്ക് പടര്‍ന്ന് ഒരു പുതിയ ആവാസവ്യവസ്ഥയെ രൂപപ്പെടുത്തുന്നു. ഈ ആവാസ വ്യവസ്ഥ, അതിരുകളില്ലാത്ത, സ്‌നേഹവും സന്തോഷവും നൈതിക ശക്തിയായി പ്രവര്‍ത്തിക്കുന്ന ഒന്നാണ്.  പാവേല്‍ പ്രദര്‍ശനം ക്യൂറേറ്റ് ചെയ്യും.

മനുഷ്യന്‍ പണിതെടുത്ത ക്രിയാത്മക ലോകത്തിന്റെ വീണ്ടെടുപ്പുകളായി ഒരു മാദ്ധ്യമം എന്നതിനപ്പുറം,  മരം സുനീഷിന്റെ കലയില്‍ പ്രവര്‍ത്തിക്കുന്നു. കൊത്തുപണി കലാശില്പ വേലയുടെ ആദിരൂപം കൂടിയാണ്. കൊത്തുപണിയെ സമകാലികതയുമായി വിളക്കിച്ചേര്‍ക്കുകയാണ്  സുനീഷ് ഇവിടെ. സുനീഷിന്റെ കലാസൃഷ്ടികള്‍ നമ്മുടെ പാരമ്പര്യകലാവിരുതിന്റെ സര്‍ഗശേഷിക്ക് അര്‍പ്പിക്കുന്ന ആദരം കൂടിയാണ്. ക്രാഫ്റ്റ് എന്ന് ഇനം തിരിച്ച് മാറ്റിനിര്‍ത്തിയ ഒരു മാനുഷിക വ്യവഹാരത്തെ പുനസന്ദര്‍ശിക്കുന്ന ഈ പ്രദര്‍ശനം അങ്ങനെ ഓര്‍മ്മയുടെ ഫോസിലുകള്‍ പോലെ സര്‍ഗപരതയെ ആര്‍ക്കൈവ് ചെയ്യുന്നു. കലാനിരൂപകനായ സുധീഷ് കോട്ടേമ്പ്രമാണ് പ്രദര്‍ശനം ക്യൂറേറ്റ് ചെയ്തിരിക്കുന്നത്.

അനീഷ് വി.യുടെ 'ഡേ റ്റു ഡേ ക്രോണിക്കിള്‍സ്', ആ പേരു സൂചിപ്പിക്കും പോലെ തന്നെ ദൈനംദിന ജീവിതത്തിലെ ചില കാഴ്ചകളുടെ രേഖപ്പെടുത്തലാണ്. ചുറ്റുപാടുകളെ രേഖപ്പെടുത്തിവെച്ച ഒരു ദൃശ്യരേഖയാണ് ഇത്. കേവലമായ പ്രകൃതികാഴ്ചകള്‍ക്കപ്പുറം അനീഷിന്റെ കല ജൈവലോക ത്തോടുള്ള സംവേദനങ്ങളായി മാറുന്നു. മനുഷ്യന്‍ കൂടി കാരണമായ പാരിസ്ഥിതികാഘാതത്തിന്റെ നേര്‍ച്ചിത്രം അനീഷിന്റെ വരകളിലുണ്ട്. ജീവഹാനിയായ വൈറസുകള്‍ മനുഷ്യകുലവുമായി നടത്തിയ നേര്‍ക്കുനേര്‍ സമരകാലത്തെ അനുഭവങ്ങളാണ് അനീഷിന്റെ ചിത്രങ്ങളുടെ ആന്തരികഭാവലോകം. ചുറ്റുപാടുകളെ നിര്‍മമതയോടെ വരയ്ക്കുമ്പോഴും അതില്‍ പതുങ്ങിയിരിക്കുന്ന ആസന്നമായ ഒരു നാശഭീതി ഈ ചിത്രങ്ങളെ തീവ്രനിറങ്ങളാക്കി നിര്‍ത്തുന്നു. കലാനിരൂപകനായ സുധീഷ് കോട്ടേമ്പ്രമാണ് ഈ പ്രദര്‍ശനത്തിന്റെ ക്യൂറേറ്റര്‍.

പ്രദര്‍ശനം ഒക്‌ടോബര്‍ 16ന് സമാപിക്കും. പ്രദര്‍ശനസമയം രാവിലെ 11 മണി മുതല്‍ വൈകുന്നേരം 7 വരെയാണ്.

date