Skip to main content

ഐഒസി പ്ലാന്റില്‍ വാതക ചോര്‍ച്ചയെന്ന പരാതി; വിദഗ്ധ പരിശോധനയ്ക്ക് പ്രത്യേക സമിതി

 

പുതുവൈപ്പിൽ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പ്ലാന്റില്‍ വാതക ചോര്‍ച്ച ഉണ്ടായി എന്ന പരാതിയെക്കുറിച്ച് വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തും. പ്ലാന്റിലെ എല്‍.പി.ജി ഇറക്കുമതി ടെര്‍മിനലിന് സമീപം മെര്‍കാപ്ടന്‍ വാതകം ചോര്‍ന്നു എന്ന പരാതിയെ തുടര്‍ന്ന് കെ.എന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് എന്നിവരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രത്യേക സമിതി രൂപീകരിച്ച് സംഭവത്തെക്കുറിച്ച് വിദഗ്ധ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. 

ജില്ലാ ദുരന്തനിവാരണ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പ്രതിനിധി, ഫാക്ടറി ആന്‍ഡ് ബോയ്ലേയ്‌സ് വകുപ്പ് ജോയിന്റ് ഡയറക്ടര്‍, ഫാക്ടറി ആന്‍ഡ് ബോയ്ലേയ്‌സ് വകുപ്പ് കെമിക്കല്‍ ഇന്‍സ്‌പെക്ടര്‍, പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് പ്രതിനിധി, ജില്ലാ ഹസാര്‍ഡ് അനാലിസ്റ്റ്, എളങ്കുന്നപ്പുഴ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, മൂന്ന് സ്വതന്ത്ര കെമിക്കല്‍ എന്‍ജിനീയര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് സമിതി രൂപീകരിക്കുന്നത്. സമിതി പ്രശ്‌നത്തെക്കുറിച്ച് വിശദമായി പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കളക്ടര്‍ നിര്‍ദ്ദേശിച്ചു. 

കൂടാതെ പ്ലാന്റില്‍ ഉപയോഗിക്കുന്ന വാതകങ്ങളുടെ അന്തരീക്ഷത്തിലെ തോത്, പ്രദേശത്തെ അന്തരീക്ഷവായുവിലെ ഗുണനിലവാര തോത് എന്നിവ പൊതുജനങ്ങള്‍ക്ക് കൂടി മനസിലാകുന്ന രീതിയില്‍ ഡിസ്‌പ്ലേ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കാനും നിര്‍ദ്ദേശിച്ചു. ജനങ്ങള്‍ പരിഭ്രാന്തിയിലായ സാഹചര്യത്തില്‍ പ്രദേശത്ത് ബോധവല്‍ക്കരണ ക്യാംപയിനുകള്‍ സംഘടിപ്പിക്കും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ദുരന്തനിവാരണ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് ക്യാംപയിന്‍ സംഘടിപ്പിക്കുന്നത്. ക്യാംപയിന്റെ ഭാഗമായി പ്രദേശത്തെ ജനങ്ങള്‍ക്കായി മോക്ക്ഡ്രില്‍ സംഘടിപ്പിക്കും.

ഒരു വാതക ചോര്‍ച്ച ഉണ്ടായാല്‍ മാറ്റി താമസിപ്പിക്കാന്‍ ആവശ്യമായ സൗകര്യമോ സ്ഥലങ്ങളോ പ്രദേശത്ത് ഇല്ല എന്ന് പ്രദേശവാസികള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു.

 പുതുവൈപ്പില്‍ പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥിരം മേല്‍നോട്ടസമിതി പുനസംഘടിപ്പിക്കും. സമീപ പഞ്ചായത്തുകളിലെ മെഡിക്കൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുവാനും യോഗത്തില്‍ തീരുമാനിച്ചു. 

ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കളക്ടര്‍ പി. വിഷ്ണുരാജ്, എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ഉഷാ ബിന്ദു മോള്‍, ഹസാര്‍ഡ് അനലിസ്റ്റ് അഞ്ജലി പരമേശ്വരന്‍, പോലീസ്, വിവിധ വകുപ്പ് പ്രതിനിധികള്‍, ജനപ്രതിനിധികള്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date