Skip to main content

വീട് ഇല്ലാത്തവരാരും കേരളത്തിലുണ്ടാകരുത് എന്നതാണ് സർക്കാരിന്റെ ലക്ഷ്യം: മന്ത്രി പി.രാജീവ്

 

നെല്ലിക്കുഴിയിൽ ലൈഫ് മിഷൻ ഫ്ലാറ്റിന്റെ ശിലാസ്ഥാപനം മന്ത്രി നിർവഹിച്ചു

സ്വന്തമായി വീട് ഇല്ലാത്തവരാരും കേരളത്തിലുണ്ടാകരുത് എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ഫ്ലാറ്റ് സമുച്ചയങ്ങളുടെ ശിലാ സ്ഥാപനവും പൂർത്തീകരിച്ച വീടുകളുടെ താക്കോൽ കൈമാറ്റവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ജീവിതത്തിൽ ഒരിക്കൽപോലും സ്വന്തമായി വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകുമെന്ന് കരുതാത്ത നിരവധി പേരുടെ സ്വപ്നമാണ് 
ലൈഫ് മിഷൻ പദ്ധതിയിലൂടെ സർക്കാർ യാഥാർത്ഥ്യമാക്കിയത്.   ലൈഫ് മിഷൻ പദ്ധതിയിലൂടെ നാല് ലക്ഷത്തോളം  പേർക്കാണ് വീട് ലഭ്യമായത്. ജനങ്ങളുടെ സഹകരണവും ഇതിൽ എടുത്ത് പറയേണ്ടതാണ്.

നെല്ലിക്കുഴിയിൽ  42 കുടുംബങ്ങളുടെ വീടെന്ന സ്വപ്നത്തിന് ചിറക് നൽകിയത് സമീർ പൂക്കുഴി എന്ന പ്രവാസി വ്യവസായിയാണ്.  സ്ഥലം നൽകുക മാത്രമല്ല ഒരു ഫ്ലാറ്റ് സമുച്ചയം നിർമ്മിച്ചു നൽകാൻ കൂടി അദ്ദേഹം തയ്യാറായി മുന്നോട്ട് വന്നു. അദ്ദേഹത്തിന്റെ ഈ വലിയ മനസ്സിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്ന് മന്ത്രി പറഞ്ഞു.

ഒരു വർഷത്തിനുള്ളിൽ ഫ്ലാറ്റുകളുടെ നിർമ്മാണം പൂർത്തിയാക്കും. കൃത്യമായ അവലോകനം നടത്തി സമയബന്ധിതമായി പദ്ധതി യഥാർഥ്യമാക്കണം. സാമ്പത്തികമായി ചില പ്രതിസന്ധികൾ സംസ്ഥാന സർക്കാർ നേരിടുന്നുണ്ട്. എങ്കിലും ലൈഫ് പോലുള്ള ജനങ്ങൾ ഏറെ ആശ്രയിക്കുന്ന പദ്ധതികളെ അത് ബാധിക്കാത്ത വിധമാണ് സർക്കാർ മുന്നോട്ടു കൊണ്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു.

നെല്ലിക്കുഴി പഞ്ചായത്തിലെ ഈ ഉദ്യമം ഏറെ മാതൃകാപരമാണ്. ഇതിനുമുമ്പും ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായും മറ്റും സഹകരിച്ച് പല ആളുകൾക്കും വീടെന്ന സ്വപ്നം ഇവിടെ യാഥാർത്ഥ്യമാക്കിയിട്ടുണ്ട്. നെല്ലിക്കുഴി പഞ്ചായത്ത് ഉൾക്കൊള്ളുന്ന ഇരമല്ലൂർ വില്ലേജിലെ ഫെയർ വാല്യുവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരമാവധി വേഗത്തിൽ പരിഹരിക്കുമെന്നും  ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

 ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട നേരത്തെ നിർമ്മാണം പൂർത്തിയായ ഭവനങ്ങളുടെ  താക്കോൽദാനവും ചടങ്ങി മന്ത്രി നിർവഹിച്ചു. പുതിയ ഫ്ലാറ്റ് സമുച്ചയത്തിനായി സ്ഥലം വിട്ട് നൽകിയ സമീറിനെ മന്ത്രി ആദരിച്ചു. 

മനസോടിത്തിരി മണ്ണ് ക്യാമ്പയിനിന്റെ ഭാഗമായി ഗ്രാമ പഞ്ചായത്തിന് പ്രവാസി വ്യവസായി സമീർ പൂക്കുഴി സൗജന്യമായി വാങ്ങി നൽകിയ 42 സെന്റ് സ്ഥലത്താണ് 42 കുടുംബങ്ങൾക്കായി രണ്ട് ഫ്ലാറ്റ് സമുച്ചയങ്ങൾ നിർമ്മിക്കുന്നത്. രണ്ട് സമുച്ചയങ്ങളിൽ ആദ്യ ബ്ലോക്കിൽ 24 കുടുംബങ്ങൾക്ക് മൂന്ന് നിലകളിലായുള്ള ഫ്ലാറ്റ് സംസ്ഥാന സർക്കാർ നിർമിക്കും. രണ്ടാം ബ്ലോക്കിൽ 18 കുടുംബങ്ങൾക്കായി സ്ഥലം സൗജന്യമായി നൽകിയ സമീർ പൂക്കുഴി തന്നെയാണ് ഫ്ലാറ്റുകൾ നിർമ്മിച്ച് നൽകുന്നത്.

നെല്ലിക്കുഴി സെൻഹ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ ആന്റണി എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ, നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം മജീദ്, സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്.സതീഷ്, ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ  ചെയർമാൻ ആർ.അനിൽകുമാർ, ലൈഫ് മിഷൻ ഡെപ്യൂട്ടി സി.ഇ.ഒ അൻവർ ഹുസൈൻ, ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലിം, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.എം ഷെഫീഖ്, ലൈഫ് മിഷൻ ചീഫ് എഞ്ചിനീയർ അജയകുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  ശോഭാ വിനയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.എ മുഹമ്മദ്, അനു വിജയനാഥ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ എം.എം അലി, മൃദുല ജനാർദ്ദനൻ, എൻ.ബി ജമാൽ, പഞ്ചായത്ത് അംഗങ്ങൾ, മറ്റ് ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date