Skip to main content

ആയുർവേദ ഹോമിയോ ഡിസ്പെൻസറികൾ ദേശീയ നിലവാരത്തിലേക്ക്

 

 എൻ എ ബി എച്ച് പരിശോധനയ്ക്ക്
തൃക്കാക്കര  ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ തുടക്കം

ജില്ലയിലെ ആയുർവേദ ഹോമിയോ ഡിസ്പെൻസറികൾ ദേശീയ നിലവാരത്തിലേക്ക് ഉയരുന്നു. ഇതിൻ്റെ ഭാഗമായുള്ള എൻ എ ബി എച്ച് പരിശോധനകൾക്ക് തൃക്കാക്കര  ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ ഒക്ടോബർ 11 രാവിലെ 9ന് തുടക്കമാകും.

തൃക്കാക്കര  ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ നടക്കുന്ന ജില്ലാ തല പ്രാരംഭ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് മുഖ്യാതിഥിയാകും.

ആദ്യഘട്ടത്തിൽ  എട്ട്  ഗവ. ആയുർവേദ ഡിസ്പെൻസറികളും നാല് ഗവ. ഹോമിയോ ഡിസ്പെൻസറികളും ഉൾപ്പടെ പന്ത്രണ്ട്  ആയുഷ് ഹെൽത്ത് ആന്റ് വെൽനെസ്  സെന്ററുകളാണ് എൻ എ ബി എച്ചിന്റെ  പരിശോധനയ്ക്ക്  സജ്ജമായിരിക്കുന്നത്. സംസ്ഥാനത്ത്  150 എണ്ണവും സജ്ജമായിട്ടുണ്ട്. ആയുർവേദ ഡിസ്പെൻസറികളായ  തൃക്കാക്കര, എളംകുന്നപ്പുഴ, എടവനക്കാട്, വല്ലാർപാടം, തുരുത്തിക്കര, കീഴ്മാട് , പായിപ്ര, മലയാറ്റൂർ  എന്നിവയും  ഹോമിയോ ഡിസ്പെൻസറികളായ ,  മരട് , മോനപ്പിള്ളി, വടവുകോട്, കുമ്പളങ്ങി എന്നിവയുമാണ്  സജ്ജമായിരിക്കുനത്. പരിശോധനകൾക്ക് മുമ്പായി ഭാരതീയ ചികിത്സാ വകുപ്പിന്റെയും ഹോമിയോപ്പതി വകുപ്പിന്റെയും നേതൃത്വത്തിലും നാഷണൽ ആയുഷ് മിഷന്റെ സഹകരണത്തോടെയും ഡിസ്പെൻസറികളിൽ സ്വയം വിലയിരുത്തൽ, ജില്ലാ തല ക്വാളിറ്റി ടീമിന്റെ വിലയിരുത്തൽ, സംസ്ഥാന തല ക്വാളിറ്റി ടീമിന്റെ അവലോകനം എന്നിവ നടത്തിയിട്ടുണ്ട്.

സ്ത്രീകളുടെയും നവജാത ശിശുക്കളുടെയും  ആരോഗ്യം, കൗമാരക്കാരുടെ  ആരോഗ്യ സംരക്ഷണം , വയോജന ആരോഗ്യ പരിപാലനം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നതോടൊപ്പം പകർച്ചവ്യാധി പ്രതിരോധം, ജീവിതശൈലീ രോഗ നിയന്ത്രണം, ഓറൽ ഹെൽത്ത് കെയർ,  മാനസിക ആരോഗ്യ സംരക്ഷണം , സാന്ത്വന പരിചരണം തുടങ്ങിയ  വിവിധ  വിഭാഗങ്ങളായി  പ്രത്യേക പ്രവർത്തനരീതികളിലൂടെ പൊതുജനോപകാരപ്രദമാക്കുന്നു.നാഷണൽ ആയുഷ് മിഷൻ വഴി ഡിസ്പെൻസറികളുടെ അടിസ്ഥാന സൗകര്യവികസനത്തിനായി ഓരോ ഡിസ്പെൻസറികൾക്കും  5 ലക്ഷം രൂപാ വീതം നൽകി നടത്തുന്ന പ്രവർത്തനങ്ങളും പൂർത്തിയായിവരുന്നു. 

കൂടാതെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഇതുമായി സഹകരിച്ചുകൊണ്ടും പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. എല്ലായിടത്തും യോഗാ പരിശീലകരുടെ സേവനവും നാഷണൽ ആയുഷ് മിഷൻ ഉറപ്പാക്കിയിട്ടുണ്ട്.
എല്ലായിടത്തും പൊതുജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ ഔഷധ സസ്യ ഉദ്യാനവും ഒരുക്കിയിട്ടുണ്ട്. ആശാ പ്രവർത്തകരുടെ സേവനവും ആയുഷ് ഹെൽത്ത് ആന്റ് വെൽനെസ് സെന്ററുകളിൽ ഉറപ്പാക്കിയിട്ടുണ്ട്.ആധുനിക വിവരസാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി ആരോഗ്യ പ്രവർത്തനങ്ങളെ ക്രോഡീകരിക്കുന്നതിനും ശരിയായ രീതിയിൽ രേഖപ്പെടുത്തി സൂക്ഷിക്കുകയും ചെയ്യുന്നതിനായി എല്ലാ ഡിസ്പെൻസറികൾക്കും ലാപ്ടോപ്പും നല്കി കഴിഞ്ഞു.

date