Skip to main content

കരുവേലിപ്പടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് സൗകര്യം ഒരുക്കും: മന്ത്രി വീണാ ജോര്‍ജ്

ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി, കരുവേലിപ്പടി, പള്ളുരുത്തി ഗവ. ആശുപത്രികളില്‍ മന്ത്രി സന്ദര്‍ശനം നടത്തി

കരുവേലിപ്പടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് സൗകര്യം ഒരുക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍ ആശുപത്രികളിലെ പ്രവര്‍ത്തന രീതികള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി ഫോര്‍ട്ട്‌കൊച്ചി താലൂക്ക് ഹെഡ് കോര്‍ട്ടേഴ്‌സ് ആശുപത്രിയും മട്ടാഞ്ചേരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയും കരുവേലിപ്പടി താലൂക്ക് ആശുപത്രിയും സന്ദര്‍ശിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ആര്‍ദ്രം ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കും. കാലഘട്ടത്തിന്റെ അനിവാര്യതയ്ക്ക് അനുസരിച്ച് ആരോഗ്യ മേഖലയില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തും. ആശുപത്രികള്‍ രോഗി സൗഹൃദവും ജനസൗഹൃദവുമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ആര്‍ദ്രം പദ്ധതി മാനദണ്ഡങ്ങള്‍ക്കനുസരിച്ച് താലൂക്ക് ആശുപത്രി മുതല്‍ കൂടുതല്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കും. കൂടുതല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി തസ്തികകള്‍ സൃഷ്ടിക്കാന്‍ നടപടി സ്വീകരിക്കും. 

എല്ലാ സര്‍ക്കാര്‍ ആശുപത്രികളും ഇ-ഹോസ്പിറ്റലുകള്‍ ആക്കും. ആശുപത്രികളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കും. താലൂക്ക് ആശുപത്രികളില്‍ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നും ആശുപത്രി സന്ദര്‍ശനത്തിന്റെ ഭാഗമായി എടുക്കുന്ന തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 

മട്ടാഞ്ചേരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ പീഡിയാട്രിക് വാര്‍ഡിന് മുകളില്‍ നിര്‍മ്മാണം സാധ്യമാണെങ്കില്‍ കെട്ടിടം വലുതാക്കി നവീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി.

ആര്‍ദ്രം പദ്ധതി പ്രകാരമുള്ള സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാകുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന്റെയും ഭാഗമായാണ് സംസ്ഥാനത്തെ എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും മന്ത്രി സന്ദര്‍ശനം നടത്തുന്നത്.

ആശുപത്രികളിലെ വാര്‍ഡുകളിലെത്തി രോഗികളോടും കൂട്ടിരിപ്പുകാരോടും ആശുപത്രിയിലെ സേവനങ്ങളെക്കുറിച്ചും ചികിത്സാ രീതികളെകുറിച്ചും മന്ത്രി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. രോഗികളുടെ പരാതികള്‍ പരിഹരിക്കുമെന്ന് ഉറപ്പുനല്‍കിയ ശേഷമാണ് മന്ത്രി മടങ്ങിയത്.

ജില്ലയിലെ താലൂക്ക് ആശുപത്രികളില്‍ ഒരുക്കേണ്ട സൗകര്യങ്ങളെകുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി 12ന്(വ്യാഴം) കളക്ടറേറ്റില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേരുമെന്ന് മന്ത്രി അറിയിച്ചു.

കെ.ജെ മാക്‌സി എം.എല്‍.എ, മേയര്‍ അഡ്വ. എം അനില്‍കുമാര്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ റീന, കൗണ്‍സിലര്‍മാരായ ടി.കെ അഷ്‌റഫ്, ആന്റണി കുരീത്തറ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ.കെ.കെ ആശ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.കെ സവിത, കൊച്ചി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പ്രസന്നകുമാരി, കരുവേലിപ്പടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കാതറീന്‍ സുശീല്‍ പീറ്റര്‍, മട്ടാഞ്ചേരി  ആശുപത്രി സൂപ്രണ്ട് ഡോ. സിസി തങ്കച്ചന്‍ തുടങ്ങിയവര്‍ മന്ത്രിയെ അനുഗമിച്ചു.

date