Skip to main content

പള്ളുരുത്തി താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സെന്റര്‍ യാഥാര്‍ത്ഥ്യമാക്കും: മന്ത്രി വീണാ ജോര്‍ജ്

 

ആശുപത്രി സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

പള്ളുരുത്തി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. താലൂക്ക് ആശുപത്രിയിലെ സൗകര്യങ്ങള്‍, സേവനങ്ങള്‍ എന്നിവ നേരിട്ടു വിലയിരുത്തുന്നതിന്റെ ഭാഗമായി ആശുപത്രിയില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു മന്ത്രി. 

ഡയാലിസിസ് സെന്റര്‍ ആരംഭിക്കുന്നതിനുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. സെന്ററിലേക്ക് മെഷീന്‍ ലഭ്യമാകുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ലിമിറ്റഡില്‍(കെ.എം.സി.എല്‍) നിന്ന് മെഷീന്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായാല്‍ രണ്ട് മാസത്തിനുള്ളില്‍ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയില്‍ കാന്റീന്‍ സൗകര്യം ലഭ്യമാക്കും. ജനകീയ പങ്കാളിത്തത്തോടെ നമ്മുടെ ആശുപത്രികളെ കൂടുതല്‍ രോഗിസൗഹൃദവും ജനസൗഹൃദവും ആക്കുക എന്ന ലക്ഷ്യത്തോടെയാണ് ആര്‍ദ്രം മിഷന്‍ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയില്‍ നേരിട്ട് സന്ദര്‍ശനം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 12ന് കളക്ടറേറ്റില്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു.

ആശുപത്രിയിലെ വിവിധ വാര്‍ഡുകള്‍, റൂമുകള്‍, ഒ പി സൗകര്യം, ഫാര്‍മസി, ലാബുകള്‍, ശുചിമുറികള്‍ തുടങ്ങിയവ മന്ത്രി സന്ദര്‍ശിച്ച് വിലയിരുത്തി. കൂടാതെ ആശുപത്രി ജീവനക്കാര്‍, രോഗികള്‍, കൂട്ടിരിപ്പുകാര്‍ എന്നിവരുമായി ആശുപത്രിയിലെ സേവനങ്ങളും സൗകര്യങ്ങളും ചോദിച്ചറിയുകയും ചെയ്തു.

കെ.ബാബു എംഎല്‍എ, മേയര്‍ അഡ്വ. എം.അനില്‍കുമാര്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.കെ.ജെ റീന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. കെ.കെ ആശ, ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സവിത, നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ അഷറഫ്,   വാര്‍ഡ് കൗണ്‍സിലര്‍ പി.ആര്‍ രചന, ആശുപത്രി വികസന സമിതി അംഗങ്ങള്‍, ജീവനക്കാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ മന്ത്രിയോടൊപ്പം ആശുപത്രി സന്ദര്‍ശിച്ചു.

date