Skip to main content

വയോജനങ്ങള്‍ക്ക് സുരക്ഷാ ഉപകരണം നല്‍കുന്ന 'സാദരം' പദ്ധതിക്ക് അംഗീകാരം

 

അഞ്ച് നൂതന പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി 
ജില്ലാതല വിദഗ്ധ സമിതി യോഗം 

വയോജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്ന 'സാദരം' പദ്ധതിക്ക് അംഗീകാരം നല്‍കി ജില്ലാതല വിദഗ്ധസമിതി യോഗം. തദ്ദേശഭരണ സ്ഥാപനങ്ങളുടെ നൂതന പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്ന യോഗത്തിലാണ് തീരുമാനം. വിവിധ തദ്ദേശഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച 13 പദ്ധതികളില്‍ അഞ്ച് നൂതന പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചു. മൂന്ന് പദ്ധതികള്‍ തുടര്‍ന്നും നടപ്പിലാക്കുന്നതിന് യോഗത്തില്‍ തീരുമാനമായി.

പട്ടികജാതി കുട്ടികള്‍, യുവതി യുവാക്കള്‍ എന്നിവരുടെ സര്‍ഗശേഷി പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തിന്റെ മുന്‍നിരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുമായി പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നാട്ടരങ്ങ് പട്ടികജാതി സര്‍ഗോത്സവം, വയോജനങ്ങളുടെ സുരക്ഷിതത്വം, മാനസിക ഉല്ലാസം എന്നിവ നല്‍കുന്ന ചേന്ദമംഗലം പഞ്ചായത്തിന്റെ വയോജന സൗഹൃദ കലാമേള, ഏലൂര്‍ മുന്‍സിപ്പാലിറ്റിയുടെ പഞ്ചകര്‍മ്മ ചികിത്സ എന്നീ പദ്ധതികളും ഒറ്റപ്പെട്ട് കഴിയുന്ന വയോജനങ്ങളില്‍ സുരക്ഷാ ഉപകരണം ഘടിപ്പിക്കുന്ന എറണാകുളം ജില്ലാ പഞ്ചായത്തിന്റെ  'സാദരം', ശിശുക്കള്‍ക്ക് മുലപ്പാല്‍ ഉറപ്പാക്കുന്ന 'അമൂല്യം പകരുന്ന നന്മ' എന്നീ രണ്ട് പദ്ധതികള്‍കുമാണ് വിദഗ്ധസമിതിയുടെ അംഗീകാരം ലഭിച്ചത്.

സാദരം പദ്ധതി പ്രകാരം തൃക്കാക്കര ഗവണ്‍മെന്റ് മോഡല്‍ എന്‍ജിനീയറിങ് കോളേജ് ഐടി വിഭാഗത്തിന്റെ സഹായത്തോടെയാണ് ഒറ്റപ്പെട്ടു കഴിയുന്ന വയോജനങ്ങള്‍ക്കുള്ള സുരക്ഷാ ഉപകരണം വികസിപ്പിക്കുന്നത്.

മുളന്തുരുത്തി ഗ്രാമപഞ്ചായത്തിന്റെ വയോജനങ്ങള്‍ക്കായുള്ള മാനസിക ആരോഗ്യ പദ്ധതി 'കരുതല്‍', ആയുര്‍വേദ പഞ്ചകര്‍മ്മ ചികിത്സ, വളര്‍ച്ച- പെരുമാറ്റ പ്രശ്‌നങ്ങളുള്ള കുട്ടികള്‍ക്കുള്ള ആയുര്‍വേദ ചികിത്സ എന്നീ പദ്ധതികള്‍ തുടര്‍ന്നുപോരുന്നതിന് യോഗത്തില്‍ തീരുമാനമായി.

ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ വികസന കമ്മീഷണര്‍ എം.എസ് മാധവിക്കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.എ ഫാത്തിമ, ഡിപിസി സര്‍ക്കാര്‍ നോമിനി തുളസി ടീച്ചര്‍, ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം.എം ബഷീര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

date