Skip to main content

ആയുര്‍വേദ ഹോമിയോ ഡിസ്‌പെന്‍സറികളുടെ എന്‍ എ ബി എച്ച് പരിശോധനയ്ക്ക് തുടക്കമായി

 

ദേശീയ നിലവാരം ഉറപ്പാക്കിയുള്ള ആയുര്‍വേദ ഹോമിയോ ഡിസ്‌പെന്‍സറികളുടെ എന്‍ട്രി ലവല്‍  എന്‍ എ ബി എച്ച് പരിശോധനയ്ക്ക് തുടക്കമായി. ആയുഷ് മേഖലയില്‍ നടപ്പിലാക്കി വരുന്ന  ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നെസ്  സെന്ററുകള്‍ വഴിയാണ് ഇതു നടപ്പിലാകുന്നത്. 12, 13 തീയതികളില്‍ കൂടി  നടക്കുന്ന പരിശോധയില്‍ എട്ട് ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറികളും നാല് ഗവ. ഹോമിയോ ഡിസ്‌പെന്‍സറികളും ഉള്‍പ്പെടും.

ആയുര്‍വേദ ഡിസ്‌പെന്‍സറികളായ തൃക്കാക്കര, എളംകുന്നപ്പുഴ, എടവനക്കാട്, വല്ലാര്‍പാടം, തുരുത്തിക്കര, കീഴ്മാട്, പായിപ്ര, മലയാറ്റൂര്‍ എന്നിവയും  ഹോമിയോ ഡിസ്‌പെന്‍സറികളായ മരട്, മോനപ്പിള്ളി, വടവുകോട്, കുമ്പളങ്ങി എന്നിവയുമാണ് ഇപ്പോള്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. 

ഇതു സംബന്ധിച്ച് തൃക്കാക്കര  ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ നടന്ന ജില്ലാതല പ്രാരംഭ യോഗം ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് ഐ എ എസ് ഉദ്ഘാടനം ചെയ്തു. തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍പേഴ്‌സസണ്‍ രാധാമണി പിള്ള അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ യൂനസ്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഉണ്ണി കാക്കനാട്, എന്‍എബിഎച്ച് ദേശീയ പരിശോധക ഡോ: എന്‍.വി അഞ്ജലി, ഭാരതീയ ചികിസാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ഇ.എ സോണിയ, ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: മിനി സി കര്‍ത്ത, നാഷണല്‍ ആയുഷ് മിഷന്‍ ഡി.പി.എം ഡോ: എം.എസ് നൗഷാദ്, മെഡിക്കല്‍ ഓഫീസര്‍മാരായ  ഡോ: ആഷാമോള്‍, ഡോ: മഞ്ജു എന്നിവര്‍ സംസാരിച്ചു.

date