Skip to main content

ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ജനകീയ ഇടപെടൽ വേണം; അൻവർ സാദത്ത് എം.എൽ.എ

 

ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ജനകീയ ഇടപെടൽ വേണമെന്ന് അൻവർ സാദത്ത് എം.എൽ.എ. കളക്ടറേറ്റിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ദുരന്ത ലഘുകരണ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ജനങ്ങൾക്ക് മറക്കാനാവാത്ത ദുരന്തമാണ് 2018ലെ പ്രളയം. അന്ന് ജില്ലയിൽ ഏറെ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. നിരവധിപേർക്ക് വീടുകൾ നഷ്ടപ്പെട്ടു. ജനപ്രതിനിധികൾ പോലും നിസ്സഹായരായ അവസ്ഥയാണ് ഉണ്ടായത്. പ്രളയ സമയത്തെ യുവതയുടെ ഇടപെടൽ ഏറെ പ്രശംസനീയമാണ്. നാടിനെ കരകയറ്റുന്നതിൽ മത്സ്യത്തൊഴിലാളികളും ഏറെ പങ്കുവഹിച്ചു. ഇത്തരം ദുരന്തങ്ങൾക്ക് മുൻപ് മുൻകരുതൽ അനിവാര്യമാണെന്നും മുന്നറിയിപ്പ് നൽകുന്നതിലൂടെ ദുരന്തത്തിന്റെ ആഘാതം ലഘൂകരിക്കുകയും ജനങ്ങളെ ബോധവൽക്കരിക്കുന്നതിലൂടെ പ്രതിസന്ധികളെ നേരിടാൻ തയ്യാറാവുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ന് കാലാവസ്ഥയിൽ വലിയ മാറ്റം സംഭവിക്കുന്നുണ്ടെന്നും ദുരന്തങ്ങൾ നേരത്തെ അറിയാൻ മുന്നൊരുക്ക സംവിധാനങ്ങൾ ആവശ്യമാണെന്നും  ചടങ്ങിൽ അധ്യക്ഷത വഹിച്ച ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്  പറഞ്ഞു.
മഴ ലഭിക്കുമ്പോൾ ജലാശയങ്ങളിലെ ഒഴുക്ക് തടസ്സപ്പെടുന്നതാണ് വെള്ളപ്പൊക്കം പോലുള്ള വൻവിപത്തിലേക്ക് സമൂഹത്തെ നയിക്കുന്നത്. തോടുകളിലേക്കും പുഴകളിലേക്കും മാലിന്യങ്ങൾ വലിച്ചെറിയാതെ അവയുടെ സ്വാഭാവിക ഒഴുക്ക് നിലനിർത്തിയാൽ നമുക്ക് ഒരു പരിധിവരെ വെള്ളപ്പൊക്കത്തെ ഒഴിവാക്കാനാക്കുമെന്നും അവർ പറഞ്ഞു. 

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ പുത്തൻവേലിക്കര പഞ്ചായത്ത് പ്രസിഡന്റ് റോഷി ജോഷി, ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് എം.എസ് രതീഷ്, കുന്നുകര പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എ അബ്ദുൽ ജബ്ബാർ, അസിസ്റ്റന്റ് കളക്ടർ നിഷാന്ത് സിഹാര, എൻ.ഡി.എം.എ ( നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി) സ്ഥാപക അംഗം പ്രൊഫ. വിനോദ് ചന്ദ്ര മേനോൻ, സി.ജി മധുസൂദനൻ (ഇക്വിനോക്റ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ), സി. ജയറാം (ഇക്വിനോക്റ്റ് മാനേജിംഗ് ഡയറക്ടർ) തുടങ്ങിയവർ പങ്കെടുത്തു.

date