Skip to main content

ഭിന്നശേഷിക്കാര്‍ക്ക് കളമശ്ശേരിയില്‍ തൊഴില്‍ പരിശീലനം ആരംഭിച്ചു

 

സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷനും തൊഴിലും നൈപുണ്യവും വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വ്യാവസായിക പരിശീലന വകുപ്പിലെ കളമശ്ശേരി ലിറ്റില്‍ ഫ്‌ളവര്‍ എന്‍ജിനീയറിങ് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി ഭിന്നശേഷിക്കാര്‍ക്ക് ഏകദിന സൗജന്യ തൊഴില്‍ പരിശീലനം ആരംഭിച്ചു.

അപേക്ഷ സ്വീകരിച്ച് തയ്യാറാക്കിയ ലിസ്റ്റില്‍ നിന്നും ആദ്യത്തെ 30 പേര്‍ക്ക് ഒക്ടോബര്‍ 14ന് ട്രെയിനിങ് നല്‍കി. തുടര്‍ന്ന് ട്രെയിനിങ്ങില്‍ പങ്കെടുക്കേണ്ട ഭിന്നശേഷിക്കാരുടെയും സ്ഥാപനത്തിന്റെയും സൗകര്യമനുസരിച്ച് അപേക്ഷ സമര്‍പ്പിച്ച മറ്റുള്ളവര്‍ക്ക് കൂടി പരിശീലന പരിപാടി സംഘടിപ്പിക്കുമെന്ന് ഡയറക്ടറും പ്രിന്‍സിപ്പലുമായ റവ. ഫാ. ഡോമിനിക്ക് ഫിഗരേദോ വ്യക്തമാക്കി. 

ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സഹായകരമായ പരിശീലനത്തിലൂടെ നൈപുണ്യം നേടുന്നവര്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനു നാമമാത്ര പലിശ നിരക്കില്‍ വായ്പ ക്ഷേമ കോര്‍പ്പറേഷന്‍ നല്‍കും.  ഈ അവസരം സാധ്യമാകുന്ന എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. എം.വി ജയഡാളി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ കെ.മൊയ്തീന്‍കുട്ടി ആശംസകള്‍ നേര്‍ന്നു.

date