Skip to main content

നവകേരള സദസ് നാടിന്റെ ആവശ്യം: മേയർ  എറണാകുളം മണ്ഡലത്തിൽ സംഘാടക സമിതി രൂപീകരിച്ചു

 

നവകേരള സദസ് നാടിന്റെ ആവശ്യമാണെന്ന് മേയർ അഡ്വ. എം അനിൽകുമാർ. മുഖ്യമന്ത്രിയും മന്ത്രിമാരും  നവംബർ 18 മുതൽ ഡിസംബർ 24 വരെ നടത്തുന്ന നിയോജക മണ്ഡലതല ബഹുജന സദസിന്റെ എറണാകുളം നിയോജക മണ്ഡല തല സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പട്ടയം പ്രശ്നം, റോഡ് വികസനം, വെള്ളക്കെട്ട് തുടങ്ങി നാടിന്റെ പ്രശ്നങ്ങൾ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുന്നിൽ അവതരിപ്പിക്കാൻ കിട്ടുന്ന ഏറ്റവും വലിയ അവസരമായിരിക്കും നവകേരള സദസ്. കേരള ചരിത്രത്തിൽ ആദ്യമായാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഒരുമിച്ചു ജനങ്ങളുമായി സംവദിക്കുന്നതിനായി ബസിൽ യാത്ര ചെയ്യുന്നത്. ജി ശങ്കരകുറുപ്പിന്റെ നാമധേയത്തിൽ  എറണാകുളത്ത് ഒരുങ്ങുന്ന ജി സ്മാരകം ഈ വർഷം തന്നെ പൂർത്തിയാക്കി നാടിന് സമർപ്പിക്കുമെന്നും എറണാകുളം മാർക്കറ്റ് നവീകരണം ഉടൻ പൂർത്തിയാകുമെന്നും മേയർ പറഞ്ഞു.

യോഗത്തിൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, ഹൈബി ഈഡൻ എം.പി, ടി.ജെ വിനോദ് എം.എൽ.എ, പ്രൊഫ.എം.കെ സാനു, സെബാസ്റ്റ്യൻ പോൾ എന്നിവരെ മുഖ്യരക്ഷാധികാരികളായി തിരഞ്ഞെടുത്തു. സംഘാടകസമിതി ചെയർമാനായി മേയർ എം അനിൽകുമാറിനെയും ജനറൽ കൺവീനറായി ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷിനെയും, നോഡൽ ഓഫീസറായി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.എം ഷെഫീഖിനെയും തിരഞ്ഞെടുത്തു. 

എറണാകുളം ടൗൺഹാളിൽ നടന്ന യോഗത്തിൽ റിസപ്ഷൻ കമ്മിറ്റി, പ്രോഗ്രാം കമ്മിറ്റി, സ്റ്റേജ് കമ്മിറ്റി, ഫുഡ്‌ കമ്മിറ്റി, പബ്ലിസിറ്റി കമ്മിറ്റി, വളണ്ടിയർ കമ്മിറ്റി എന്നീ ആറ് കമ്മിറ്റികളിലേക്കും ഭാരവാഹികളെ തിരഞ്ഞെടുത്തു. സംഘാടകസമിതി രൂപീകരണത്തിന്റെ ആദ്യഘട്ടമാണ് നിലവിൽ പൂർത്തിയായത്. വരും ദിവസങ്ങളിൽ സമിതി വിപുലപ്പെടുത്തി യോഗങ്ങൾ വിളിച്ചു ചേർക്കും.

കൊച്ചി നഗരസഭ മുൻ ഡെപ്യൂട്ടി മേയറും കിൻഫ്ര എക്സ്പോർട്ട് പ്രമോഷൻ ഇൻഡസ്ട്രിയൽ പാർക്ക് ചെയർമാനുമായ സാബു ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊച്ചി കോർപ്പറേഷൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.ആർ റനീഷ്, മറ്റ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. 

ഡിസംബർ 8 ന് മറൈൻഡ്രൈവിലാണ് എറണാകുളം മണ്ഡലത്തിലെ നവകേരള സദസ് സംഘടിപ്പിക്കുന്നത്.

date