Skip to main content

സ്‌കില്‍ ഷെയര്‍ പ്രോഗ്രാം: അഞ്ച് വിദ്യാലയങ്ങള്‍ക്ക് 50,000 രൂപ വീതം ലഭിക്കും

സമഗ്ര ശിക്ഷാ കേരളം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച സ്‌കില്‍ ഷെയര്‍ പ്രോഗ്രാമില്‍ ജില്ലയിലെ 5 വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ മികച്ച നേട്ടം കൈവരിച്ചു. മൂവാറ്റുപുഴ തര്‍ബിയത്ത് ട്രസ്റ്റ് വി.എച്ച്.എസ്.ഇ. , കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് വി.എച്ച്.എസ്.ഇ., നേര്യമംഗലം ഗവ. വി.എച്ച്.എസ്.ഇ., പള്ളുരുത്തി എസ്.ഡി.പി.വൈ വി.എച്ച്.എസ്.ഇ, വാളകം മാര്‍സ്റ്റീഫന്‍ വി.എച്ച്.എസ്.ഇ എന്നീ സ്‌കൂളുകളാണ് തിരഞ്ഞെടുക്കപ്പെട്ടത്. 

വി.എച്ച്.എസ്.സി വിദ്യാര്‍ത്ഥികള്‍ അവരുടെ തൊഴിലധിഷ്ഠിത പഠനത്തിന്റെ ഭാഗമായി സമൂഹത്തില്‍ നടപ്പിലാക്കി വിജയിപ്പിക്കുവാന്‍ പര്യാപ്തമായ പ്രോജക്ടുകള്‍ തയ്യാറാക്കി അവതരിപ്പിക്കുന്ന പരിപാടിയാണ് സ്‌കില്‍ ഷെയര്‍. ജില്ലയില്‍ 30 പ്രോജക്ടുകളാണ് വിവിധ സ്‌കൂളുകളെ പ്രതിനിധീകരിച്ച കുട്ടികള്‍ അവതരിപ്പിച്ചത്. അവയില്‍ നിന്നും അവതരണ മികവും പ്രായോഗികതയും വിലയിരുത്തിയ ജഡ്ജസ് പാനല്‍ 5 പ്രോജക്ടുകള്‍ തിരഞ്ഞെടുത്തു. ഈ പ്രോജക്ടുകള്‍ നടപ്പിലാക്കാനാണ് സമഗ്ര ശിക്ഷ കേരളം 50,000  രൂപ വീതം നല്‍കുന്നത്. 

വി.എച്ച്.എസ്.ഇ അസിസ്റ്റന്റ് ഡയറക്ടര്‍ ലിസി ജോസഫ്, സമഗ്ര ജില്ലാ പ്രൊജക്റ്റ് കോ ഓഡിനേറ്റര്‍ ബിനോയ് കെ ജോസഫ്, ജില്ലാ പ്രോഗ്രാം ഓഫീസര്‍ മെര്‍ലിന്‍ ജോര്‍ജ് എന്നിവര്‍ വിജയികളെ പ്രഖ്യാപിച്ചു. സമൂഹത്തിന് പ്രയോജനപ്രദമാകുന്ന വിധത്തില്‍ അവാര്‍ഡ് തുക കൊണ്ട് മൂന്ന് മാസത്തിനകം വിദ്യാര്‍ത്ഥികള്‍ പദ്ധതികള്‍ സാക്ഷാത്കരിക്കും. പ്രോജക്ടുകളുടെ വിലയിരുത്തല്‍ തൃപ്പൂണിത്തുറ, മട്ടാഞ്ചേരി, മൂവാറ്റുപുഴ, കോതമംഗലം ബ്ലോക്ക് റിസോഴ്‌സ് സെന്ററുകള്‍ നിര്‍വ്വഹിച്ചു.

date