Skip to main content
സ്കൂൾ കായികോത്സവത്തിന് കലണ്ടർ തയ്യാറാക്കും: മന്ത്രി വി ശിവൻ കുട്ടി

സ്കൂൾ കായികോത്സവത്തിന് കലണ്ടർ തയ്യാറാക്കും: മന്ത്രി വി ശിവൻ കുട്ടി

കുന്നംകുളം ഗവ. വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് 2.60 കോടി അനുവദിച്ചു

കായികോത്സവത്തിന് അടുത്ത വർഷം മുതൽ പ്രത്യേക കലണ്ടർ തയ്യാറാക്കുമെന്ന്

പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

കുന്നംകുളത്ത് 65-ാമത് സംസ്ഥാന സ്‌കൂൾ കായികോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കലണ്ടർ തയ്യാറാക്കുന്നതിനു വേണ്ട പ്രെപ്പോസൽ തയ്യാറാക്കാൻ വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. കായിക താരങ്ങൾക്ക് കൂടുത തയ്യാറെടുപ്പ് നടത്താൻ ഇത് ഉപകാരപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാന സ്കൂൾ കായികോത്സവത്തിന് ആഥിത്യം വഹിക്കുന്ന കുന്നംകുളം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിന് കായികോത്സവ ഓർമ്മക്കായി പുതിയ സ്കൂൾ കെട്ടിടം നിർമ്മിക്കുന്നതിന് 2.60 കോടി രൂപ അനുവദിച്ചതായും മന്ത്രി

പറഞ്ഞു.

കായികോത്സവത്തെ സ്കൂൾ ഒളിമ്പിക്സ് ആക്കുന്ന കാര്യം പരിശോധിക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർ, സ്‌പോർട്സ് ഓർഗനൈസർ എന്നിവരടങ്ങുന്ന സമിതി ഇക്കാര്യം പരിശോധിച്ച് റിപ്പോർട്ട് നൽകുമെന്നും മന്ത്രി പറഞ്ഞു.

കായികതാരങ്ങള്‍ക്ക് ജോലി നല്‍കുന്ന കാര്യത്തില്‍ മികച്ച റെക്കോർഡാണ് സർക്കാർ കൈവരിച്ചതെന്നും 7 വര്‍ഷത്തിനിടെ 676 താരങ്ങള്‍ക്ക് സ്പോട്സ് ക്വാട്ടയില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമനം നല്‍കിയത് സർവ്വകാല റെക്കോർഡാണെന്നും മന്ത്രി പറഞ്ഞു.

കായിക ചരിത്രത്തിൽ പുതിയ അധ്യായം കുറിക്കുകയാണ് 65-ാമത് സംസ്ഥാന സ്കൂൾ കായിക മേളയെന്ന് ചടങ്ങിൽ അധ്യക്ഷനായ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. തൃശ്ശൂരിലെ ഐ എം വിജൻ ഇന്റോർ സ്റ്റേഡിയം ഈ വർഷം തന്നെ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

ചടങ്ങിൽ പത്മശ്രീ ഒളിമ്പ്യൻ പി ആർ ശ്രീജേഷ്, ഒളിമ്പ്യൻ ലിജോ ഡേവിഡ് തൊട്ടാനം എന്നിവരെ മന്ത്രി ആദരിച്ചു.

എംഎൽഎമാരായ എ സി മൊയ്തീൻ, എൻ കെ അക്ബർ, ഇ ടി ടൈസൺ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ, മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ഐ എം വിജയൻ, പത്മശ്രീ ഒളിമ്പ്യൻ പി ആർ ശ്രീജേഷ്, ഒളിമ്പ്യൻ ലിജോ ഡേവിഡ് തൊട്ടാനം, സ്പോട് ഓർഗനൈസർ എൽ ഹരീഷ് ശങ്കർ, കേരള കലാമണ്ഡലം ഭരണസമിതി അംഗം ടി കെ വാസു, എസ്‌സിഇആർടി ഡയറക്ടർ ആർ കെ ജയപ്രകാശ്, എസ് എസ് കെ സംസ്ഥാന പ്രോജക്ട് ഡയറക്ടർ ആർ സുപ്രിയ തുടങ്ങിയവർ മുഖ്യാതിഥികളായി.

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ റഹീം വീട്ടിപറമ്പിൽ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ്, പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് എസ് ബസന്ത്ലാൽ, കുന്നംകുളം നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ പി കെ ഷബീർ, വാർഡ് കൗൺസിലർ ബിജു സി ബേബി തുടങ്ങിയവർ, കായിക വകുപ്പ് ഉദ്യോഗസ്ഥർ, കായിക താരങ്ങൾ,ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് സ്വാഗതവും ഉപഡയറക്ടർ ഷൈൻ മോൻ നന്ദിയും പറഞ്ഞു.

date