Skip to main content

അച്ചന്‍ കാവില്‍ സ്‌കൂളില്‍ അധ്യാപകരെ നിയമിക്കണം: ബാലാവകാശസംരക്ഷണകമ്മിഷന്‍

അച്ചന്‍കോവില്‍ സ്‌കൂളില്‍ സ്ഥിരംഅധ്യാപകരെ നിയമിക്കുന്നതിനായി സര്‍ക്കാരില്‍ ശുപാര്‍ശ സമര്‍പിക്കുമെന്ന് ബാലവകാശ കമ്മീഷന്‍ അംഗം ജലജ ചന്ദ്രന്‍. ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗത്തിനെതിരെ ചികിത്സനല്‍കാന്‍ ജില്ലയില്‍ ലഹരിവിമുക്തകേന്ദ്രം വേണമെന്ന ആവശ്യവും ശുപാര്‍ശയില്‍ ഉള്‍പ്പെടുത്തുമെന്ന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല യോഗത്തില്‍ വ്യക്തമാക്കി.

കുട്ടികളുടെ അവകാശസംരക്ഷണ സേവനങ്ങള്‍ നല്‍കുമ്പോള്‍ വകുപ്പുകള്‍നേരിടുന്ന ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്തു. സ്വകാര്യ ബസുകളില്‍ കുട്ടികള്‍ നേരിടുന്നവിവേചനം അവസാനിപ്പിക്കുന്നതിനായി കര്‍ശന നിര്‍ദേശം നല്‍കാന്‍ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു.

 കുളത്തൂപ്പുഴ, അച്ചന്‍കോവില്‍ പ്രദേശത്തെ യാത്രാക്ലേശത്തിന് പരിഹാരം, മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കുട്ടികള്‍ക്ക് കൗണ്‍സിലിംങ്, കമ്മ്യൂണിറ്റി അവയര്‍നെസ് പ്രോഗ്രാം തുടങ്ങിയവ കുളത്തൂപ്പുഴ, അച്ചന്‍കോവില്‍ കോളനികളില്‍ നടത്തുന്നതിനായി ജില്ലാശിശുസംരക്ഷണ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. ആര്‍.റ്റി.ഇ, ജുവനൈല്‍ജസ്റ്റിസ്, പോക്‌സോനിയമങ്ങളുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്തി. ബാലവകാശസംരക്ഷണപ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഹുസര്‍ശിരസ്തദാര്‍ ബി പി അനി അധ്യക്ഷനായി.

date