Skip to main content

ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍  ഊര്‍ജ്ജിതമാക്കണം: ജില്ലാ വികസന സമിതി യോഗം

 

ജില്ലയിലെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ ക്ലബ്ബുകളുടെ പ്രവര്‍ത്തനം സജീവമാക്കും. ബോധവല്‍ക്കര പരിപാടികളും പരിശോധനയും ശക്തമാക്കുവാനും ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് അധ്യക്ഷനായ സമിതി നിർദേശിച്ചു.

കോതമംഗലം മേഖലയില്‍ കാട്ടാനയുടെ ശല്യം രൂക്ഷമാകുകയാണെന്ന് ആന്റണി ജോണ്‍ എം.എല്‍.എ യോഗത്തില്‍ ചൂണ്ടിക്കാട്ടി. മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളില്‍ സ്ഥിതി രൂക്ഷമാണ്. കവളങ്ങാട് പഞ്ചായത്തിലെ വിവിധ മേഖലകളില്‍ കുറച്ച് ദിവസങ്ങളായി ആന തമ്പടിച്ച്  കൃഷി ഉള്‍പ്പെടെ നശിപ്പിക്കുന്ന അവസ്ഥയാണുള്ളത്.  ഈ ആനകളെ തിരികെ കാട്ടിലെത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണം. ആര്‍.ആര്‍.ടി ടീമിലെ അംഗങ്ങളുടെ എണ്ണം അപര്യാപ്തമാണെങ്കില്‍ അത് പരിഹരിക്കണം.

മൂന്നാര്‍ റോഡില്‍ വിവിധയിടങ്ങളില്‍ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. സമയബന്ധിതമായി ഇവ അടക്കണം. ഇരമല്ലൂര്‍ വില്ലേജിലെ ന്യായവില സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണം. അവധി ദിവസങ്ങളില്‍  കെ.എസ്.ആര്‍.ടി.സി വേട്ടാംപാറ, വെള്ളാരംകുത്ത്, വാവേലി തുടങ്ങിയ വിവിധ ഉള്‍പ്രദേശങ്ങളിലേക്കുള്ള സര്‍വീസ് റദ്ദാക്കുന്നത്  ജനങ്ങളെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യമാണെന്നും സര്‍വീസ് മുടക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും  എം.എല്‍.എ പറഞ്ഞു.

ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഞാറക്കൽ ഗ്രാമപഞ്ചായത്തിലെ പ്രഭൂസ് ലിങ്ക് റോഡും പെരുമ്പിള്ളി റോഡും നിർമ്മിക്കുന്നതിന് 25 ലക്ഷം രൂപ ഭരണാനുമതി നൽകിയിരുന്നു.  ഈ പ്രവർത്തനം വേഗത്തിൽ ആക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് കെ. എൻ ഉണ്ണികൃഷ്ണൻ എം.എൽ.എ ആവശ്യപ്പെട്ടു. വൈപ്പിൻ ആർട്ട്സ് ആന്റ് സയൻസ് കോളേജിന്റെ വികസനവുമായി ബന്ധപ്പെട്ട് സ്വകാര്യഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ ആക്കണം. പള്ളിപ്പുറം പഞ്ചായത്തിലെ മുനമ്പം ഭാഗത്ത് ഡീസാലിലേഷൻ സെന്റർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലെ കാലതാമസം ഒഴിവാക്കുന്നതിന് നടപടികൾ സ്വീകരിക്കണം.

 മെഗാ ഫുഡ് പാര്‍ക്ക് നിര്‍മ്മാണത്തിന് കെ.എസ്.ഡി.സിക്ക് മുനമ്പം ഹാര്‍ബര്‍ നല്‍കുന്ന സംബന്ധിച്ച തുടര്‍ നടപടികള്‍ വ്യക്തമാക്കാന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. വൈപ്പിൻ ഫിഷ് ലാൻഡിങ് സെന്ററിലേക്ക് വഴിയും പാർക്കിംഗ് ഏരിയയും നിർമ്മിക്കുന്നതിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ വിശദമാക്കണം. ആസ്തി വികസന ഫണ്ടിൽ നിന്ന് 50ലക്ഷം രൂപ ഞാറക്കൽ കിഴക്കേ മഞ്ഞനിക്കാട് പ്രളയ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി അനുവദിച്ചിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾ വേഗത്തിൽ ആക്കണം. വൈപ്പിൻ ഗവൺമെന്റ് കോളേജിലെ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന് എത്രയും വേഗം എസ്റ്റിമേറ്റ് തയ്യാറാക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകി.

വാട്ടർ അതോറിറ്റിയുമായും  വിദ്യാകിരണവുമായും ബന്ധപ്പെട്ട പദ്ധതികളിൽ കൃത്യമായ ഏകോപനം ഉറപ്പാക്കി വേഗത്തിൽ പൂർത്തീകരിക്കാൻ നടപടി ഉണ്ടാകണമെന്ന് പി.വി ശ്രീനിജിൻ എം.എൽ.എ ആവശ്യപ്പെട്ടു. വാട്ടർ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും തമ്മിൽ ഏകോപനം ആവശ്യമായ  പദ്ധതികളിൽ സംയുക്ത യോഗം ചേർന്ന് തടസങ്ങൾ പരിഹരിച്ച് മുന്നോട്ടു പോകണം. ജല്‍ജീവന്‍ മിഷൻ പദ്ധതികൾ കാലതാമസം കൂടാതെ നടപ്പാക്കാൻ ശ്രദ്ധിക്കണം. മുടിക്കൽ ഗവൺമെന്റ് സ്കൂളിലെ പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട് മുൻപുള്ള കെട്ടിടം പൊളിച്ചു നീക്കുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തീകരിക്കണം. വിദ്യാകിരണവുമായി ബന്ധപ്പെട്ട  പദ്ധതികളിൽ കാലതാമസം ഒഴിവാക്കണം. ഇതിനായി ബന്ധപ്പെട്ട വകുപ്പുകൾ  പ്രത്യേക യോഗം ചേരണം. തമ്മാനിമറ്റം തൂക്കുപാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ കാലതാമസം ഒഴിവാക്കി എത്രയും വേഗം ആരംഭിക്കാനുള്ള  നടപടിയെടുക്കണം.

 ഐക്കരനാട്, കുന്നത്തുനാട്, കിഴക്കമ്പലം, മഴുവന്നൂർ  പഞ്ചായത്തുകളിലെ അങ്കണവാടി ടീച്ചർമാരുടെ നിയമനം വേഗത്തിൽ പൂർത്തിയാക്കണം.  കടമ്പ്രയാർ ടൂറിസം കേന്ദ്രത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി തീർക്കണം. റീ ബിൽഡ് കേരള ഇനിഷ്യേറ്റീവിൽ  ഉൾപ്പെടുത്തി മണ്ഡലത്തിൽ ആവിഷ്കരിച്ചിരിക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതി സംബന്ധിച്ച് റിപ്പോർട്ട് ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

മൂവാറ്റുപുഴ മണ്ഡലത്തിലെ മുറിക്കൽ ബൈപ്പാസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ യോഗത്തിൽ ആവശ്യപ്പെട്ടു. കടവൂർ വില്ലേജിലെ പട്ടയുമായി ബന്ധപ്പെട്ട വിഷയത്തിൽ നടപടികൾ വേഗത്തിൽ ആക്കണം. ഇടുക്കി ജില്ലയിൽ ഉൾപ്പെട്ട് കിടക്കുന്ന മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്തിലെ രണ്ട് വാർഡുകൾ എറണാകുളം ജില്ലയിലേക്ക് ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കണമെന്ന് എം എൽ എ ആവശ്യപ്പെട്ടു. ജോയിന്റ് ഇൻസ്പെക്ഷനുകൾ പൂർത്തിയായി കഴിഞ്ഞുവെന്നും ഉടൻ തന്നെ രേഖകൾ കൈമാറുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു.

ജില്ലയിലെ മലിനീകരണ തോത് വ്യക്തമാക്കുന്ന തരത്തില്‍ ഒരു മാപ്പ് തയ്യാറാക്കണമെന്ന് എം.എൽ.എ  ആവശ്യപെട്ടു. അതില്‍ റെഡ്, ഓറഞ്ച് സോണുകള്‍ രേഖപ്പെടുത്തുന്നത് വഴി ഓരോ പ്രദേശത്തെയും മലിനീകരണ നിരക്ക് എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുമെന്നും അതിനെ അടിസ്ഥാനപ്പെടുത്തി ഭാവി നടപടികള്‍ സ്വീകരിക്കാന്‍ ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചൂരമല കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് മോട്ടോർ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ വേഗത്തിൽ ആക്കണം. മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്ട് കനാലിന്റെ അറ്റകുറ്റപ്പണികൾ വേനലിന് മുന്നോടിയായി പൂർത്തിയാക്കണമെന്നും എം.എൽ.എ പറഞ്ഞു.

ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിലെ ചിറ്റൂർ പ്രദേശത്തെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് എത്രയും വേഗം നടപടികൾ സ്വീകരിക്കണമെന്ന് ടി. ജെ വിനോദ് എം.എൽ.എ ആവശ്യപ്പെട്ടു. പച്ചാളം പമ്പ് ഹൗസിലെ ഓവർഹെഡ് ടാങ്കിലേക്ക് കളമശ്ശേരിയിൽ നിന്ന് ആവശ്യമായ അളവിൽ വെള്ളം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണം. മുല്ലശ്ശേരി കനാൽ നവീകരണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടപ്പിലാക്കാൻ നിർദ്ദേശം നൽകി. ദേശീയ പാത 66 ല്‍ ഇടപ്പള്ളി മുതല്‍ ചേരാനല്ലൂര്‍ വരെയുള്ള ഭാഗത്ത് റോഡ് തകര്‍ന്ന അവസ്ഥയാണെന്ന്  എം.എല്‍.എ ചൂണ്ടിക്കാട്ടി. എത്രയും വേഗം ഈ പ്രശ്‌നത്തില്‍ പരിഹാരം കാണണം. അമൃത ആശുപത്രി-ദേവംകുളങ്ങര റോഡ് നവീകരണം എത്രയും വേഗം പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അടിയന്തരമായി അറ്റകുറ്റപ്പണികള്‍ നടത്തമെന്നും അദ്ദേഹം പറഞ്ഞു.

 പാലാരിവട്ടം-തമ്മനം റോഡില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടുന്നത് പതിവായിട്ടുണ്ട്. ഇതിന് ശാശ്വതമായ പരിഹാരം ആവശ്യമാണ്. ഡെങ്കിപ്പനി പ്രതിരോധിക്കുന്നതിനായി ജില്ലയിൽ നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ ചർച്ച ചെയ്തു. രാസ ലഹരി തടയുന്നതിന് സ്വീകരിച്ച നടപടികൾ വ്യക്തമാക്കാൻ എക്സൈസ് വകുപ്പിനോട് എം.എൽ.എ ആവശ്യപ്പെട്ടു.  ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി സ്കൂളുകളിൽ എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെ ലഹരി വിരുദ്ധ ക്ലബ്ബുകൾ രൂപീകരിക്കാൻ നടപടികൾ സ്വീകരിക്കണം. എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ് നിർമ്മാണത്തിനായി സ്മാർട്ട് സിറ്റി പ്രോജക്ട് ഉൾപ്പെടുത്തി 12 കോടി രൂപ അനുവദിച്ചിട്ടുണ്ട്.  പ്രവർത്തനങ്ങൾ വേഗത്തിൽ ആക്കണമെന്ന് എം.എൽ.എ പറഞ്ഞു.

അടിയന്തരമായി തൃക്കാക്കര മണ്ഡലത്തിലെ സ്കൂളുകൾക്ക് മുമ്പിൽ സീബ്രാ ലൈനുകൾ ക്രമീകരിക്കണമെന്ന് ഉമ തോമസ് എം.എൽ.എ ആവശ്യപ്പെട്ടു. സീബ്രാ ലൈനുകൾ ഇല്ലാത്തതിനാൽ വലിയ അപകടസാധ്യതയാണ് പലയിടങ്ങളിലുമുള്ളത്. വെണ്ണല  ജംഗ്ഷന്റെ  വിപുലീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണം. വഴിയോരങ്ങളിലും കവലകളിലും അതിഥി തൊഴിലാളികളുടെ പാൻ മസാല കടകൾ വ്യാപകമായി വരുന്നുണ്ട്. ഇവിടെ നിരോധിത പുകയില വസ്തുക്കൾ ഉൾപ്പെടെ  വിൽക്കപ്പെടുന്ന  സാഹചര്യമാണുള്ളത്. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കണം.

കെ.എസ്.ആർ.ടി.സി ബസുകളുടെ  സർവീസ് സംബന്ധിച്ച് ചില പരാതികൾ ജനങ്ങളിൽ നിന്ന് ഉയർന്ന് വന്നിട്ടുണ്ട്. ആലുവയിൽ നിന്ന് തമ്മനം വഴി  വൈറ്റില ഭാഗത്തേക്കുള്ള സർവീസ് പുനരാരംഭിക്കുന്നത് പരിശോധിക്കണം. തൃപ്പൂണിത്തുറ - ആലുവ റൂട്ടിലോടുന്ന ബസ്സുകൾ  എൻ.ജി.ഒ ക്വാട്ടേഴ്സിലൂടെ തന്നെ പോകുന്ന കാര്യം പരിഗണിക്കണം. തമ്മനം ജംഗ്ഷനിൽ അപകടകരമായ രീതിയിൽ കുഴി രൂപപ്പെട്ടിട്ടുണ്ട്.  അത് ഉടനടി അടയ്ക്കാനുള്ള നടപടി ഉണ്ടാകണം.  വഴിയോരങ്ങളിൽ മാലിന്യങ്ങൾ  കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും എം.എൽ.എ പറഞ്ഞു

മൂവാറ്റുപുഴ- എറണാകുളം റൂട്ടിൽ രാത്രികാലങ്ങളിൽ കെ.എസ്.ആർ.ടി.സി ബസ് സർവീസ് ഉറപ്പാക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം. പിയുടെ പ്രതിനിധി യോഗത്തിൽ ആവശ്യപ്പെട്ടു. എം.സി റോഡിലെ കുഴികളും വെള്ളക്കെട്ടും അനധികൃത പാർക്കിംഗും ഒഴിവാക്കുന്നതിന് നടപടികൾ സ്വീകരിക്കണം. സോളാർ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പറവൂർ ട്രഷറി മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുനപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്റെ പ്രതിനിധി യോഗത്തിൽ ആവശ്യപ്പെട്ടു. ട്രഷറി മാറ്റി സ്ഥാപിക്കുന്നത് പൊതുജനങ്ങൾക്ക് സൗകര്യപ്രദമായ ഇടത്തേക്ക് ആകണം. പറവൂർ പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ കുടിവെള്ളം ഉറപ്പാക്കുന്നതിന് നടപടികൾ സ്വീകരിക്കണം. എം.എൽ.എ വികസന ഫണ്ട് ഉപയോഗിച്ച് മണ്ഡലത്തിൽ നടപ്പിലാക്കുന്ന പദ്ധതികൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

യോഗത്തിൽ ജില്ലാ കളക്ടർ എൻ.എസ്. കെ ഉമേഷ് അധ്യക്ഷത വഹിച്ചു, അസിസ്റ്റന്റ് കളക്ടർ നിഷാന്ത് സിഹാര, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്,ജില്ലാ പ്ലാനിങ് ഓഫീസർ പി. എ ഫാത്തിമ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date